Featured Sports

വരുണ്‍ ചക്രവര്‍ത്തി ടി-20 ബൗളര്‍മാ രുടെ റാങ്കിംഗില്‍ ഒന്നാമത്; നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍താരം

ദുരൂഹമായ സ്പിന്‍ ബൗളിംഗ് കൊണ്ട് ശ്രദ്ധ നേടിയ വരുണ്‍ ചക്രവര്‍ത്തി ഐസിസി ടി20 ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. 34 വയസ്സുകാരനായ വരുണ്‍ ചക്രവര്‍ത്തി ഏഷ്യാകപ്പില്‍ നടത്തിയ മികച്ച പ്രകടനമാണ് മുന്നിലെത്തിച്ചത്. കരിയറില്‍ ഇതാദ്യമായിട്ടാണ് അദ്ദേഹം ഐസിസിയുടെ റാങ്കില്‍ ഒന്നാമത് എത്തിയിരിക്കുന്നത്.

2025 ഫെബ്രുവരിയില്‍ രണ്ടാം സ്ഥാനമായിരുന്നു വരുണിന്റെ ഏറ്റവും മികച്ച റാങ്കിംഗ്. മാര്‍ച്ച് മുതല്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ന്യൂസിലന്റ് താരം ജേക്കബ് ഡഫിയെ മറികടന്നാണ് വരുണ്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ കളിക്കാരനാണ് അദ്ദേഹം. ജസ്പ്രീത് ബുംറയും രവി ബിഷ്‌ണോയിയുമാണ് മുമ്പ് ഒന്നാമത് എത്തിയ ബൗളര്‍മാര്‍.

ഇടംകൈയ്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് 16 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 23-ാം സ്ഥാനത്തെത്തി, സ്പിന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി 12-ാം സ്ഥാനത്തെത്തി. ബുംറ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 40-ാം സ്ഥാനത്തെത്തി. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഒന്നാമത്. അതേസമയം അഭിഷേക് ശര്‍മ്മ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പതിനാലാമതെത്തി.

ടി20 ബാറ്റിംഗ് റാങ്കിംഗില്‍ അഭിഷേക് ശര്‍മ്മ ഒന്നാം സ്ഥാനം നിലനിര്‍ത്തി. യുഎഇക്കെതിരെ 16 പന്തില്‍ 30 റണ്‍സും പാകിസ്താന് എതിരെ 13 പന്തില്‍ 31 റണ്‍സും നേടി. മാഞ്ചസ്റ്ററില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20യില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇംഗ്ലണ്ട് ഓപ്പണിംഗ് താരങ്ങളായ ഫില്‍ സാള്‍ട്ടും ജോസ് ബട്ട്‌ലറും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

ഇംഗ്ലീഷ് ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറും ഏറ്റവും വേഗമേറിയ ടി20 സെഞ്ച്വറിയുമായിരുന്ന സാള്‍ട്ടിന്റെ 60 പന്തില്‍ 141 റണ്‍സ് നേട്ടം അദ്ദേഹത്തെ കരിയറിലെ മികച്ച ഒന്നാം സ്ഥാനത്തേക്ക് അടുപ്പിച്ചു. ബട്ട്‌ലറുടെ 30 പന്തില്‍ 83 റണ്‍സ് അദ്ദേഹത്തിന് 794 റേറ്റിംഗ് പോയിന്റ് നേടി കൊടുത്തു. ഇതോടെ അദ്ദേഹം ആദ്യമായി ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇടം നേടി.