Crime

ആ ചുവന്ന ഷർട്ടുകാരനെ കണ്ടെത്തി; യുവതിയെ തള്ളിയിട്ട അക്രമിയെ കീഴ്‌പ്പെടുത്തിയത് ബിഹാർ സ്വദേശി

തിരുവനന്തപുരം∙ വർക്കലയിൽ ട്രെയിനിൽനിന്ന് യുവതിയെ തള്ളിയിട്ടയാളെ കീഴ്‌പ്പെടുത്തിയ വ്യക്തിയെ പൊലീസ് കണ്ടെത്തി . കേസിലെ പ്രധാനസാക്ഷിയും പെണ്‍കുട്ടിയുടെ രക്ഷകനുമായ ബിഹാർ സ്വദേശി ശങ്കർ പാസ്വാനെയാണ് പോലീസ് കണ്ടെത്തിയത്. പത്തൊമ്പതുകാരിയായ ശ്രീക്കുട്ടിയെ ആക്രമിച്ച സുരേഷ് എന്നയാളെ കീഴടക്കിയതും ശ്രീക്കുട്ടിയുടെ കൂട്ടുകാരി അർച്ചനയെ പ്രതിയിൽനിന്ന് രക്ഷിച്ചതും ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് പൊലീസ് പറയുന്നു. ഇദ്ദേഹത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.

പ്രതിയെ കീഴ്‌പ്പെടുത്തിയ ആളെ തിരഞ്ഞുകൊണ്ട് പൊലീസ് പരസ്യം ചെയ്തിരുന്നു. ചുവന്ന ഷർട്ട് ധരിച്ചയാൾ എന്നു മാത്രമായിരുന്നു രക്ഷകനെക്കുറിച്ച് പൊലീസിനുണ്ടായിരുന്ന സൂചന. സുരേഷ് ശ്രീക്കുട്ടിയെ തള്ളിയിട്ടതിനുശേഷം മറ്റൊരു യാത്രക്കാരിയായ അർച്ചനയെക്കൂടി ആക്രമിക്കാനൊരുങ്ങുമ്പോൾ ചുവന്ന ഷർട്ട് ധരിച്ച ഒരു വ്യക്തി ഓടിയെത്തി ഒറ്റക്കൈകൊണ്ട് അർച്ചനയെ ട്രെയിനിലേക്ക് തിരികെ പിടിച്ചുകയറ്റുന്ന സിസിടിവിയിൽ പതിഞ്ഞിരുന്നു. പിന്നീട് ഇദ്ദേഹം സുരേഷിനെ സാഹസികമായി കീഴ്‌പ്പെടുത്തുന്നതും സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതിൽനിന്ന് വിവരങ്ങൾ ശേഖരിച്ചാണ് ബിഹാർ സ്വദേശിയെ പൊലീസ് തിരിച്ചറിഞ്ഞത്.

പെണ്‍കുട്ടിയെ ട്രെയിനില്‍നിന്ന്‌ തള്ളിയിട്ട സംഭവത്തില്‍ പ്രതി സുരേഷ്‌ കുമാറിനെതിരേ വധശ്രമം അടക്കം ആറ്‌ വകുപ്പുകളാണ്‌ പോലീസ്‌ ചുമത്തിയിരിക്കുന്നത്‌. ട്രെയിനിനുള്ളില്‍ സുരേഷ്‌ കുമാര്‍ പുക വലിച്ചതു ശ്രീക്കുട്ടി ചോദ്യം ചെയ്‌തതാണ്‌ തള്ളിയിടാനുണ്ടായ പ്രകോപനമെന്നു പ്രതിയുടെ റിമാന്‍ഡ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

ട്രെയിനിലെ ശൗചാലയത്തിനു സമീപം പുകവലിച്ചുകൊണ്ടുനിന്ന സുരേഷ്‌ കുമാര്‍ പെണ്‍കുട്ടികളുടെ അടുത്തെത്തി. പുകവലിച്ചെത്തിയ ഇയാളോട്‌ പെണ്‍കുട്ടികള്‍ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ പരാതിപ്പെടുമെന്നു പറഞ്ഞു. ഇതാണ്‌ പ്രതിയെ പ്രകോപിപ്പിച്ചതെന്ന്‌ പോലീസ്‌ പറയുന്നു. വാതിലിന്റെ അടുത്തായിരുന്ന ശ്രീക്കുട്ടിയെ ശക്‌തിയായി ചവിട്ടുകയായിരുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ്‌ പ്രതി ആക്രമിച്ചതെന്ന്‌ റിപ്പോര്‍ട്ടിലുണ്ട്‌.