Featured Sports

വൈഭവ് അഴിച്ചുവിട്ട കൊടുങ്കാറ്റില്‍ കടപുഴകിയ റെക്കോര്‍ഡുകള്‍; ആ ഒറ്റ റെക്കോര്‍ഡ് മാത്രം നഷ്ടപ്പെട്ടത് 5റണ്‍സിന്

ഹരാരേ: ”ഒരു വീഡിയോ ഗെയിം കാണുന്നതു പോലെയാണു വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് കണ്ടതെന്ന” ഇംഗ്ലണ്ട് മുന്‍ താരവും കമന്റേറ്ററുമായ കെവിന്‍ പീറ്റേഴ്‌സണിന്റെ പ്രസ്താവന മതി അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യം മനസിലാക്കാന്‍. 80 പന്തില്‍ 15 സിക്സും 15‌ ബൗണ്ടറിയും സഹിതം 175 റണ്‍സാണ് വൈഭവ് ഇംഗ്ലണ്ടിനെതിരെ അടിച്ചെടുത്തത്.

വരുംനാളുകളില്‍ വൈഭവ് ഇന്ത്യയുടെ മികച്ച താരമാകുമെന്നും കെവിന്‍ പീറ്റേഴ്‌സണ്‍ പ്രവചിച്ചു. വൈഭവിന്റെ 55 പന്തിലെ സെഞ്ചുറിയോടെ ഇംഗ്ലണ്ടിന്റെ കിരീട മോഹം പകുതി വഴിക്ക് അസ്തമിച്ചിരുന്നു. മിന്നും ഫോമിൽ ബാറ്റുവീശിയ 14കാരൻ വെടിക്കെട്ട് ഇന്നിങ്സിൽ നിരവധി റെക്കോർഡുകളാണ് സ്വന്തമാക്കിയത്.

55 പന്തിലാണ് വൈഭവ് 100 റണ്‍സ് അടിച്ചെടുത്തത്. ഇതോടെ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ അതിവേഗം സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോർഡ് വൈഭവ് സ്വന്തമാക്കി. അണ്ടർ 19 ലോകകപ്പിൽ നേടുന്ന അതിവേ​ഗ സെഞ്ച്വറിയും വൈഭവിന്റെ പേരിലാണ്. അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോർഡും വൈഭവിനെ തേടിയെത്തി.

ഐ.സി.സിയുടെ ഒരു ടൂര്‍ണമെന്റ് ഫൈനലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുക്കുന്ന താരമെന്ന ഖ്യാതിയുമായാണു വൈഭവ് മടങ്ങിയത്. 2022 ലെ വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയുടെ അലീസ ഹീലി കുറിച്ച 170 റണ്ണിന്റെ റെക്കോഡാണ് ഇന്ത്യയുടെ യുവതാരം മറികടന്നത്.

ഇന്ത്യക്കെതിരേ നടന്ന കഴിഞ്ഞ ഏഷ്യാ കപ്പ് അണ്ടര്‍ 19 ഫൈനലില്‍ പാകിസ്താന്റെ സമീര്‍ മിന്‍ഹാസ് നേടിയ 172 റണ്ണും പഴങ്കഥയായി. അണ്ടര്‍ 19 ലോകകപ്പിലെ ഇന്ത്യയുടെ ടോപ് സ്‌കോററും വൈഭവാണ്. 2022 ല്‍ ഉഗാണ്ടയ്‌ക്കെതിരേ 162 റണ്ണെടുത്ത രാജ് ബാവയുടെ റെക്കോഡാണു തകര്‍ന്നത്. യൂത്ത് ഏകദിനത്തിലെ സിക്‌സറുകളുടെ എണ്ണത്തില്‍ തന്റെ തന്നെ റെക്കോഡാണു വൈഭവ് തകര്‍ത്തത്. ഇന്നലെ 15 സിക്‌സറുകളടിച്ചതോടെ യു.എ.ഇക്കെതിരേ ഡിസംബറില്‍ കുറിച്ച (14) റെക്കോഡ് പിന്നിലായി. ഇന്നലെ സിക്‌സറും ഫോറുമായി മാത്രം 150 റണ്ണാണു വൈഭവ് അടിച്ചെടുത്തത്. ആകെ 439 റണ്ണും ഒരു വിക്കറ്റുമെടുത്ത വൈഭവ് സൂര്യവംശിയാണ് അണ്ടര്‍ 19 ലോകകപ്പിലെ താരം.

എന്നാല്‍ അണ്ടര്‍ 19 ലോകകപ്പില്‍ റണ്‍വേട്ടക്കാരില്‍ ഇന്ത്യന്‍ ഓപ്പണര്‍ സൂര്യവംശിക്ക് അഞ്ച് റണ്‍സിന് ഒന്നാം സ്ഥാനം നഷ്ടമായി . ഏഴ് മത്സരങ്ങളില്‍ നിന്ന് നേടിയത് 439 റണ്‍സ്. ഇംഗ്ലണ്ടിനെതിരെ 175 റണ്‍സ് നേടിയതോടെ ഒന്നാമതായിരുന്നു വൈഭവ്. ഇംഗ്ലണ്ട് താരം മയേസ് 45 റണ്‍സ് നേടിയതോടെ വൈഭവ് രണ്ടാമനായി. ഏഴ് മത്സരങ്ങളില്‍ നിന്ന് 444 റണ്‍സാണ് സമ്പാദ്യം. ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും താരം നേടി. 191 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ശരാശരി 74.00. ഫൈനലില്‍ 45 റണ്‍സ് നേടിയതോടെ മയേസ്, വൈഭവിനെ മറികടന്നു. 191 റണ്‍സാണ് മയേസിന്റെ ഉയര്‍ന്ന സ്‌കോര്‍. ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും മയേസ് നേടി

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ആയുഷ് എംഹാത്രെ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചപ്പോഴേ സാമൂഹിക മാധ്യമങ്ങളില്‍ റണ്‍ മഴയുടെ പ്രവചനമെത്തി. മലയാളി ഓപ്പണര്‍ ആരോണ്‍ ജോര്‍ജ് 11 പന്തില്‍ ഒന്‍പത് റണ്ണുമായി മടങ്ങിയത് ആശങ്കയായി.

അലകസ് ഗ്രീന്‍ എറിഞ്ഞ നാലാം ഓവറിലാണ് ആദ്യ വിക്കറ്റ് വീണത്. ഗ്രീനിനെ അവസാന പന്തില്‍ പോയിന്റിലൂടെ അതിര്‍ത്തി കടത്താന്‍ ശ്രമിച്ച ജോര്‍ജിനെ മായ്‌സ് പിടികൂടി. എംഹാത്രെയും വൈഭവും ചേര്‍ന്നതോടെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ തല്ലുവാങ്ങാന്‍ തുടങ്ങി. 30 പന്തിലാണ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 50 ലെത്തിയത്. 32 പന്തിലാണ് ഓപ്പണര്‍ 50 കടന്നത്. കൂട്ടുകെട്ട് 100 ലെത്തിയത് 63 പന്തില്‍. 50 പന്തില്‍ 50 റണ്ണെടുത്ത് എംഹാത്രെയും ഇംഗ്ലീഷ് പരീക്ഷ പാസായി. വൈകാതെ വൈഭവ് സൂര്യവംശി 55 പന്തില്‍ സെഞ്ചുറിയും കടന്നു.

എംഹാത്രെ മടങ്ങിയെങ്കിലും റണ്‍വേട്ട പിന്നാക്കമായില്ല. ഗ്രീനാണ് എംഹാത്രെയെ പുറത്താക്കിയത്. വേദാന്ത് ത്രിവേദിയെ (36 പന്തില്‍ 32) കാഴ്ചക്കാരനാക്കി മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 18 പന്തില്‍ 50 ലെത്തി. വേദാന്തിനെയും ഓള്‍റൗണ്ടര്‍ വിഹാന്‍ മല്‍ഹോത്രയെയും (36 പന്തില്‍ 30) ജെയിംസ് മിന്റോ പുറത്താക്കിയെങ്കിലും ഇന്ത്യന്‍ സ്‌കോര്‍ 300 കടന്നിരുന്നു.

അഭിഗ്യാന്‍ കുണ്ടു (31 പന്തില്‍ ഒരു സിക്‌സറും ആറ് ഫോറുമടക്കം 40), കനിഷ്‌ക് ചൗഹാന്‍ (20 പന്തില്‍ ഒരു സിക്‌സറും മൂന്ന് ഫോറുമടക്കം പുറത്താകാതെ 37) എന്നിവരും കിട്ടിയ അവസരം മുതലാക്കി. മാന്നി ലുംസ്ഡന്‍ എറിഞ്ഞ 26-ാം ഓവറില്‍ നായകനും വിക്കറ്റ് കീപ്പറുമായ തോമസ് റൂ പിടിച്ച് വൈഭവ് സൂര്യവംശി മടങ്ങിയതോടെയാണ് ബൗളര്‍മാര്‍ക്കു നേരെ ശ്വാസം വീണത്.