Sports

സൂര്യവംശിയുടെ വെടിക്കെട്ട് ; 90 പന്തുകളില്‍ അടിച്ചു കൂട്ടിയത് 190 റണ്‍സ്…! ഇംഗ്‌ളണ്ട് പര്യടനത്തിന് മുന്നോടി

ഐപിഎല്ലിലെ സൂപ്പര്‍ഹീറോയായിരുന്നു 14കാരനായ വൈഭവ് സൂര്യവംശി. രാജസ്ഥാന്‍ റോയല്‍സിനായി വെടിക്കെട്ട് നടത്തിയ അദ്ദേഹം ഇന്ത്യയുടെ വരാനിരിക്കുന്ന അണ്ടര്‍ 19 ഇംഗ്ലണ്ട് പര്യടനത്തിനും മുന്നോടിയായും വെടിക്കെട്ട് നടത്തി. ബീഹാറില്‍ നിന്നുള്ള ഈ ഇടംകൈയ്യന്‍ ബാറ്റര്‍ അടുത്തിടെ ഒരു പരിശീലന മത്സരത്തില്‍ കൂറ്റനടിയിലൂടെ സെഞ്ച്വറി നേടി.

വെറും 90 പന്തില്‍ അടിച്ചുകൂട്ടിയത് 190 റണ്‍സായിരുന്നു. സൂര്യവംശിയുടെ ഐപിഎല്‍ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സ് വ്യാഴാഴ്ച എക്‌സില്‍ അദ്ദേഹത്തിന്റെ ബാറ്റിംഗിന്റെ ഒരു വീഡിയോ പങ്കിട്ടു. അതില്‍ താരം അനായാസം ഫോറുകളും സിക്‌സറുകളും അടിക്കുന്നത് കാണാം. ജൂണ്‍ 27 ന് ഹോവിലെ കൗണ്ടി ഗ്രൗണ്ടില്‍ ആരംഭിക്കുന്ന എവേ പരമ്പരയില്‍ അഞ്ച് യൂത്ത് ഏകദിനങ്ങളിലും രണ്ട് യൂത്ത് ടെസ്റ്റുകളിലും ഇന്ത്യ അണ്ടര്‍ 19 ടീം ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെ നേരിടും.

രാജസ്ഥാന്‍ റോയല്‍സിനായി ഐപിഎല്‍ 2025ല്‍ ഏഴ് മത്സരങ്ങള്‍ കളിച്ച സൂര്യവംശി ഒരു സെഞ്ചുറിയുടെയും ഒരു അര്‍ധസെഞ്ചുറി യുടെയും സഹായത്തോടെ ആകെ 252 റണ്‍സ് നേടി. 2025 ഏപ്രില്‍ 19-ന് ജയ്പൂരില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ഐപിഎല്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം, ഷാര്‍ദുല്‍ താക്കൂറിന്റെ ബൗളിംഗില്‍ ആദ്യ പന്തില്‍ സിക്സറോടെ അക്കൗണ്ട് തുറന്നു.

തന്റെ കന്നി ഐപിഎല്‍ മത്സരത്തില്‍ വെറും 20 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്സും സഹിതം 34 റണ്‍സ് നേടിയ സൂര്യവംശിയുടെ രണ്ടാമത്തെ മത്സരം ബെംഗളൂരുവില്‍ ആര്‍സിബിയ്ക്കെതിരെയായിരുന്നു, ആ മത്സരത്തില്‍ അദ്ദേഹം 12 പന്തില്‍ നിന്ന് 16 റണ്‍സ് നേടി. ഏപ്രില്‍ 28 ന് ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കളത്തിലിറങ്ങിയ സൂര്യവന്‍ഷി വെറും 38 പന്തില്‍ 101 റണ്‍സ് നേടി. ആ മത്സരത്തില്‍ വെറും 35 പന്തില്‍ അദ്ദേഹം 100 റണ്‍സ് കടന്നു, ടി20 ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബാറ്ററാകാന്‍ ഇത് അദ്ദേഹത്തെ സഹായിച്ചു.