Sports

സമപ്രായക്കാര്‍ പാടത്തും പറമ്പത്തും കളിക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം വൈഭവ് ; രഞ്ജിട്രോഫിയില്‍ അരങ്ങേറി 12 കാരന്‍

ന്യൂഡല്‍ഹി: സമപ്രായക്കാരായ കുട്ടികള്‍ സ്‌കൂള്‍ ഗ്രൗണ്ടിലും പ്രാദേശിക മൈതാനങ്ങളിലും തങ്ങളേപ്പോലുള്ളവരുമായി കളിക്കുമ്പോള്‍ വൈഭവ് ഇന്ത്യയിലെ തന്നെ മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം കളിക്കുയാണ്. പന്ത്രണ്ടാം വയസ്സില്‍ രഞ്ജിട്രോഫി ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച് ചരിത്രമെഴുതി ബീഹാറുകാരന്‍ വൈഭവ് സൂര്യവംശി. കൗമാരം പിന്നിടും മുമ്പ് ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തരക്രിക്കറ്റ് ടൂര്‍ണമെന്റായ രഞ്ജിട്രോഫിയില്‍ കളിക്കാനിറങ്ങിയിരിക്കുകയാണ്.

രഞ്ജി ട്രോഫിയുടെ നിലവിലെ സീസണില്‍ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തിയ വൈഭവ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യുവരാജ് സിംഗ് തുടങ്ങിയ ഇതിഹാസങ്ങള്‍ സ്ഥാപിച്ച റെക്കോഡുകളാണ് പിന്നിലാക്കിയത്. ഇന്ത്യയുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരില്‍ ഒരാളായി വൈഭവ് ചരിത്രപുസ്തകത്തില്‍ പ്രവേശിച്ചു. പാറ്റ്നയിലെ മൊയിന്‍-ഉള്‍-ഹഖ് സ്റ്റേഡിയത്തില്‍ മുംബൈയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിലാണ് വൈഭവ് അരങ്ങേറ്റം കുറിച്ചത്.

യുവ്‌രാജ്‌സിംഗ് 15 വയസും 57 ദിവസവും ഉള്ളപ്പോഴാണ് കന്നി ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ കളിച്ചത്. സച്ചിന്‍ ഫസ്റ്റ്ക്ലാസ്സ് ക്രിക്കറ്റില്‍ അരങ്ങേറുമ്പോള്‍ 15 വയസും 230 ദിവസവും ആയിരുന്നു പ്രായം. ചെറുപ്പത്തിലേ അസാധാരണ പ്രതിഭ കാട്ടുന്ന ബാറ്റര്‍ കഴിഞ്ഞ വര്‍ഷം ഒരു ക്വാഡ്രാംഗുലര്‍ അണ്ടര്‍ 19 പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ചിരുന്നു. ആറ് ഇന്നിംഗ്സുകളില്‍ നിന്ന് രണ്ട് അര്‍ദ്ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 177 റണ്‍സ് നേടി തന്റെ കഴിവ് പ്രകടിപ്പിച്ചു.

ഇതിന് പിന്നാലെ വിനുമങ്കാദ് ട്രോഫിയില്‍ ഇറങ്ങിയ വൈഭവ് ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 393 റണ്‍സും 78.60 ശരാശരിയുമായി എട്ടാമത്തെ ഏറ്റവും ഉയര്‍ന്ന റണ്‍സും സ്‌കോറും സ്വന്തമാക്കി. പിതാവിന് കീഴില്‍ ഒമ്പതാം വയസ്സില്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ വൈഭവ് പെട്ടെന്ന് ശ്രദ്ധ നേടുകയായിരുന്നു. പുള്‍ ഷോട്ടിനോടുള്ള ഇഷ്ടത്തിന് പേരുകേട്ട ഈ യുവ ക്രിക്കറ്റ് താരം ഇപ്പോള്‍ ആഭ്യന്തര സര്‍ക്യൂട്ടില്‍ തരംഗം സൃഷ്ടിക്കുകയാണ്. അതേസമയം അനേകം പ്രതിഭയുള്ള യുവതാരങ്ങള്‍ നില്‍ക്കുമ്പോള്‍ കൗമാര താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത് ക്രിക്കറ്റ്‌പ്രേമികള്‍ക്ക് ആകാംഷയായിരിക്കുകയാണ്.