Featured Healthy Food

ശരീരഭാരം കുറയ്ക്കണോ? ധൈര്യമായി ജാപ്പനീസ് ഡയറ്റ് പിന്തുടരാം

ശരീരഭാരം കുറയ്ക്കാനായി പല പരീക്ഷണങ്ങളും നടത്താറുണ്ട്. പലപ്പോഴും അതിൽ പരാജയപെടുന്നവരാണ് അധികവും. എന്നാല്‍ ജപ്പാന്‍കാരുടെ പരമ്പരാഗതമായ പല ഭക്ഷണശീലങ്ങളും കൊഴുപ്പ് കുറയ്ക്കാനായി സഹായിക്കുന്നവയാണ്. ജാപ്പനീസ് ഭക്ഷണക്രമവും ജീവതശൈലിയും നമുക്ക് മാതൃകയാക്കാം.ജാപ്പനീസ് ഭക്ഷണശീലങ്ങള്‍ പോഷകസമൃദ്ധവും കുറഞ്ഞ അളവില്‍ സംസ്‌കരിച്ചവയുമാണ്. പുളിപ്പിച്ച ഭക്ഷണങ്ങള്‍ ഗ്രീന്‍ ടീ പോലുള്ളവ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാനായി പിന്തുടരുന്ന ജാപ്പനീസ് ഭക്ഷണ രീതികള്‍ അറിയാം.

ഹര ഹച്ചി ബു എന്ന ജാപ്പനീസ് തത്വപ്രകാരം പൂര്‍ണ്ണമായി വയറു നിറയ്ക്കുന്നതിന് പകരം 80 ശതമാനം വയറു നിറഞ്ഞതായി തോന്നുന്നതുവരെ ഭക്ഷണം കഴിക്കാനായി പ്രോത്സാഹിപ്പിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. കാലറി ഉപഭോഗം കുറയ്ക്കുന്നു.

പോഷകം നിറഞ്ഞതും എന്നാല്‍ കാലറി കുറഞ്ഞതുമായ ഭക്ഷണത്തിന് മുന്‍ഗണന നല്‍കുന്നു. പരമ്പരാഗതമായി ജാപ്പനീസ് ഭക്ഷണക്രമത്തില്‍ ലീന്‍ പ്രോട്ടീനുകള്‍ ധാന്യങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. അതേസമയം അമിതമായിസംസ്കരിച്ച ഭക്ഷണങ്ങളും ശുദ്ധീകരിച്ച പഞ്ചസാരയും കുറവാണ്. പോഷകം നിറഞ്ഞ ഭക്ഷണം ആവശ്യത്തിന് വൈറ്റമിനുകളും ധാതുകളും നല്‍കുന്നു. മികച്ച മെറ്റബോളിസവും കൊഴുപ്പ് നഷ്ടവും പ്രോത്സാഹിപ്പിക്കുന്നു.

ജാപ്പനീസ് ഭക്ഷണരീതി കടല്‍ ഭക്ഷണത്തിനെയും മത്സ്യത്തിനെയുമാണ് ആശ്രയിക്കുന്നത്. ഇതാവട്ടെ ഒമേഗ -3 ഫാറ്റി ആസിഡിന്റെയും പ്രോട്ടീനിന്റെയും ഉറവിടമാണ്. കൊഴുപ്പ് സംഭരണം നിയന്ത്രിക്കുന്നു, മെറ്റബോളിസവും മെച്ചപ്പെടുത്തുന്നു. പ്രോ ബയോട്ടിക്കുകള്‍ ധാരളമായി അടങ്ങിയ അച്ചാറിട്ട പച്ചക്കറികള്‍ ജാപ്പനീസ് ഭക്ഷണക്രമത്തില്‍ സാധാരണമാണ്. ദഹനം മെച്ചപ്പെടുത്താനും ആരോഗ്യകരമായ കുടലിലെ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കും ഇത് സഹായിക്കുന്നു.

ജാപ്പനീസ് ഭക്ഷണം പൊതുവേ ചെറിയ പ്ലേറ്റുകളിലും പാത്രത്തിലുമാണ് വിളമ്പുന്നത്. ഭക്ഷണം നിയന്ത്രണം മെച്ചപ്പെടുത്താനായി ഇത് സഹായിക്കും. ഒരു പ്ലേറ്റ് നിറഞ്ഞിരിക്കുന്നത് കാണുന്നതോടെ തലച്ചോറിന് കുറഞ്ഞ അളവില്‍ ഭക്ഷണം കഴിച്ച സംതൃപ്തി ലഭിക്കുന്നു.

ഇവര്‍ പതിവായി ഗ്രീന്‍ ടീ കുടിക്കുന്നു. ഇതില്‍ കാറ്റെച്ചിനുകള്‍ അടങ്ങിയിരിക്കുന്നു. ഇത് കൊഴുപ്പിലെ ഓക്‌സീകരണം വര്‍ധിപ്പിക്കുന്നു. ഭക്ഷണത്തിന് മുമ്പോ ശേഷമോ ഗ്രീന്‍ടീ കുടിക്കുന്നത് ദഹനവും മെച്ചപ്പെടുത്തുന്നു.

ജാപ്പനീസ് ഭക്ഷണരീതിയില്‍ ഭക്ഷണം എണ്ണയില്‍ വറക്കുന്നതിന് പകരമായി ആവിയില്‍ വേവിക്കുകയാണ് പതിവ്. അല്ലെങ്കില്‍ ഗ്രില്‍ ചെയ്യുകയോ തിളപ്പിക്കുകയോ ചെയ്യാറുണ്ട്. പോഷകങ്ങള്‍ നിലനിര്‍ത്തുന്നതിനൊപ്പം അനാരോഗ്യകരമായ കൊഴുപ്പും കുറയ്ക്കുന്നു.

കാറുകളെ വളരെയധികം ആശ്രയിക്കുന്ന പാശ്ചാത്യ സംസ്കാരങ്ങളിൽ നിന്ന് വ്യത്യസ്തമായി ജപ്പാനില്‍ സൈക്ലിങ്ങും നടത്തവും ദൈനംദിന പ്രവര്‍ത്തനമാണ്. ജപ്പാൻകാരുടെ ജീവിതശൈലിയില്‍ ഇത്തരത്തിലുള്ള ശീലങ്ങള്‍ ഉള്‍പ്പെടുത്തുന്നു. ഇത് സ്വാഭാവികമായി കാലറി കുറയ്ക്കാൻ സഹായിക്കുന്നു. പടികള്‍ കയറുന്നതും ഭക്ഷണത്തിന് ശേഷം നടക്കുന്നതും കൊഴുപ്പ് കുറയ്ക്കാന്‍ ഗുണകരമാകും.