Featured Oddly News

അവയവദാന ശസ്ത്രക്രിയയ്ക്ക് നിമിഷങ്ങള്‍ മാത്രം… 3 വര്‍ഷമായി കോമയിലായിരുന്ന സ്ത്രീ ചാടിയെണീറ്റു!

കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി കോമയില്‍ തുടരുന്ന സ്ത്രീയുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നതിനായുള്ള ശസ്ത്രക്രിയാ നടപടികള്‍ തുടങ്ങാനിരിക്കങ്ങവേ രോഗി പെട്ടെന്ന് ബോധത്തിലേക്ക് മടങ്ങിവന്നു. ന്യൂമെക്സികോയിലെ അല്‍ബുക്കര്‍കിലാണ് സംഭവം. 2022 ല്‍ അപകടത്തെ തുടര്‍ന്ന് കോമയിലായിപ്പോയ ഡാനിയേല ഗല്ലഗോസ് എന്ന 38കാരിയാണ് ജീവിതത്തിലേക്ക് ഡോക്ടര്‍മാരെ അമ്പരപ്പിച്ച് അപൂര്‍വമായ തിരിച്ചുവരവ് നടത്തിയത്.

മൂന്ന് വര്‍ഷമായിട്ടും ഡാനിയേലയ്ക്ക് ബോധം വീണ്ടെടുക്കാന്‍ കഴിയാതെ വന്നതോടെയാണ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബാംഗങ്ങള്‍ അനുമതി നല്‍കിയത്. ശസ്ത്രക്രിയ തീരുമാനിച്ച ദിവസം നിമിഷങ്ങള്‍ക്ക് മുന്‍പായി കുടുംബാംഗങ്ങള്‍ ഡാനിയേലയെ ഒരിക്കല്‍ കൂടി കാണാനെത്തി. അപ്പോഴാണ് ഡാനിയേലയുടെ കണ്ണുകളില്‍ നിന്നും കണ്ണീരിറ്റുന്നത് കുടുംബം കണ്ടത്. ഒപ്പമുണ്ടായിരുന്ന അവയവദാന സംഘടനയുടെ ആളുകളോട് ഇക്കാര്യം പറഞ്ഞുവെങ്കിലും തോന്നലായിരിക്കുമെന്ന് പറഞ്ഞ് അവര്‍ തള്ളി. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങള്‍ തുടര്‍ന്നു.

കുടുംബാംഗങ്ങള്‍ സംശയം പ്രകടിപ്പിച്ചതിനു പിന്നാലെ ഡോക്ടര്‍മാരില്‍ ഒരാള്‍ ഡാനിയേലയോട് കണ്ണുചിമ്മാന്‍ ആവശ്യപ്പെട്ടു. അദ്ഭുതമെന്നോണം ഡാനിയേല കണ്ണു ചിമ്മി. ഇതോടെ ഡാനിയേല ബോധത്തിലേക്ക് മടങ്ങിവന്നുവെന്ന് ഡോക്ടര്‍മാരും അറിയിച്ചു. എന്നാല്‍ ഡാനിയേലയ്ക്ക് ജീവനില്ലെന്നും ശസ്ത്രക്രിയ നടത്തണമെന്നും സമ്മര്‍ദമുയര്‍ന്നു. ഇത് തള്ളിയ ഡോക്ടര്‍മാര്‍ അവയവങ്ങള്‍ എടുക്കാനുള്ള ശസ്ത്രക്രിയ നടത്തുന്നില്ലെന്ന് പ്രഖ്യാപിച്ചു. പിന്നാലെ എല്ലാവരേയും അമ്പരപ്പിച്ച് ഡാനിയേല എഴുന്നേല്‍ക്കുകയായിരുന്നു.

ബോധം വീണ്ടെടുത്തതിന് പിന്നാലെ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡാനിയേല പരാതി നല്‍കി. ന്യൂമെക്സികോയിലെ പ്രസ്ബിറ്റേറിയന്‍ ആശുപത്രിയുടെ രേഖകള്‍ അനുസരിച്ച ന്യൂ മെക്സികോ ഡോണര്‍ സര്‍വീസ് എന്ന സംഘടനയാണ് അവയവദാനത്തിനായുള്ള നടപടികള്‍ക്ക് മുന്‍കൈയെടുത്തത്. ഇവര്‍ക്കെതിരെ അന്വേഷണ വിധേയമായി നടപടിയുണ്ടായേക്കും.