യുഎസിലെ ടെക്‌സസിലെ ഒരു വാൾമാർട്ടിൽ ഷോപ്പിംഗിനെത്തിയ 31 കാരിയായ സെറീന മൻസെറ എന്ന യുവതി കഴിഞ്ഞ ദിവസം അവിസ്മരണീയമായ ഒരു അനുഭവത്തിലൂടെയാണ് കടന്നുപോയത്. ഗർഭിണിയായ സെറീനയും ഭർത്താവ് ജുവാൻ മാൻസെറയും അവരുടെ മൂന്ന് കുട്ടികളും ഒരു ബീച്ച് ഡേ പ്ലാൻ ചെയ്ത ആ ദിവസം ആയിരുന്നു അപ്രതീക്ഷിതമായത് സംഭവിച്ചത്.
ഷോപ്പിംഗിന് ശേഷം ചെക്ക്ഔട്ടിൽ ഭർത്താവ് ജുവാൻ പണം നൽകുന്നതിനിടയിലാണ്, എന്തോ ഒരു അസ്വാഭാവികത തോന്നി സെറീന ശുചിമുറിയിലേക്ക് ഓടിയത്. അപ്പോഴാണ് അവളുടെ കാലിലൂടെ രക്തം ഒഴുകുന്നത് കണ്ടത്. ഇതോടെ സെറീന നിലവിളിക്കാൻ തുടങ്ങി.
കേറ്റേഴ്സ് ന്യൂസിനോട് ആ നിമിഷം അനുസ്മരിച്ചുകൊണ്ട് ജുവാൻ, തന്റെ മരവിപ്പ് നിറഞ്ഞ നിമിഷത്തെ കുറിച്ച് പങ്കുവെച്ചു. “ഞാൻ വലിയ ഒരു ഷോക്കിലായിരുന്നു.. സെറീനയെ ശാന്തമാക്കുകയും, ആശ്വസിപ്പിക്കുകയും ആയിരുന്നു എന്റെ ലക്ഷ്യം”. റിപ്പോർട്ടുകൾ പ്രകാരം, സെറീനയ്ക്ക് പ്ലാസന്റ പ്രിവിയ ഉണ്ടെന്ന് ഡോക്ടർമാർ പിന്നീട് സ്ഥിരീകരിച്ചു, ഈ അവസ്ഥ മറുപിള്ള ഗർഭാശയമുഖത്തെ മൂടുകയും കഠിനമായ രക്തസ്രാവത്തിന് കാരണമാവുകയും ചെയ്യുകയായിരുന്നു.
ഭാഗ്യവശാൽ, വാൾമാർട്ട് ജീവനക്കാരും ഷോപ്പർമാരും സമയം പാഴാക്കാതെ സഹായത്തിനായി ഓടിയെത്തി. ചിലർ ദമ്പതികളുടെ കുട്ടികളെ സുരക്ഷിതമാക്കിയപ്പോൾ മറ്റുചിലർ എമർജൻസി സർവീസിനായി വിളിച്ചു. തുടർന്ന് ഉടൻ തന്നെ ഗാൽവെസ്റ്റണിലെ ആശുപത്രിയിൽ എത്തിച്ച സെറീന തന്റെ മകൻ ജുവാൻ ഡാനിയൽ മൻസെറ ജൂനിയറിന് ജന്മം നൽകി.
ഇതിനു പിന്നാലെ നന്ദി പ്രകടിപ്പിച്ചുകൊണ്ട് സെറീന പിന്നീട് ഇൻസ്റ്റാഗ്രാമിലെ ഒരു പോസ്റ്റിൽ സംഭവത്തിന്റെ വീഡിയോ പങ്കുവെക്കുകയും ചെയ്തു. “വാൾമാർട്ട്, എന്നോടൊപ്പം ഈ ഒരു അനുഭവത്തിലൂടെ കടന്നുപോയതിൽ നന്ദി. കാരണം എനിക്ക് ഇത് ഒറ്റയ്ക്ക് ചെയ്യാൻ കഴിയുമായിരുന്നില്ല” സെറീന കുറിച്ചു.