Lifestyle

ഇന്‍സ്‌റ്റഗ്രാം പ്രണയം; കാമുകനെ കാണാന്‍ മൈലുകള്‍ താണ്ടി ഇന്ത്യയില്‍ പറന്നെത്തി അമേരിക്കന്‍ വനിത

ഇന്‍സ്‌റ്റഗ്രാമിലെ പരിചയം പ്രണയമായി മാറിയപ്പോള്‍ കാമുകനെ കാണാന്‍ ആയിരക്കണക്കിനു മൈലുകള്‍ താണ്ടി ഇന്ത്യയില്‍ പറന്നെത്തി അമേരിക്കന്‍ വനിത. ആന്ധ്രാപ്രദേശിലെ വിദൂരഗ്രാമത്തില്‍നിന്നുള്ള ചന്ദന്‍ സിങ്‌ രജ്‌പുത്‌ എന്ന യുവാവിനെ കാണാനാണ്‌ യു.എസില്‍നിന്നു ഫോട്ടോഗ്രാഫര്‍കൂടിയായ ജാക്ലിന്‍ ഫൊറേറോ എന്ന വനിതയെത്തിയത്‌. വിമാനത്താവളത്തില്‍വച്ച്‌ ഇരുവരും ആദ്യമായി നേരിട്ടു കാണുന്നതിന്റെ വീഡിയോയും ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചു.

‘ഒരുമിച്ച്‌ 14 മാസങ്ങള്‍, ഒരു പുതിയ അധ്യായത്തിനു തയാറാണ്‌’ എന്ന അടിക്കുറിപ്പോടെയാണ്‌ ജാക്ലിന്‍ ഫൊറേറോ വീഡിയോ പോസ്‌റ്റ് ചെയ്‌തത്‌. നിരവധിപേരാണ്‌ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു കമന്റ്‌ ചെയ്‌തിരിക്കുന്നത്‌. സാമൂഹികമാധ്യമത്തിലൂടെ ‘ഹായ്‌’ അയച്ചാണ്‌ ഇരുവരുടെയും സംസാരത്തിന്റെ തുടക്കം. പരിചയം സൗഹൃദത്തിലേക്കും പിന്നീട്‌ പ്രണയത്തിലേക്കും വഴിമാറി.

വീഡിയോ കോളിലൂടെയായിരുന്നു ഇരുവരുടെയും സംസാരം. 14 മാസത്തോളം ഇത്തരത്തില്‍ ബന്ധം തുടര്‍ന്നശേഷമാണ്‌ ഇരുവരും നേരിട്ടുകാണാന്‍ തീരുമാനിച്ചത്‌. എട്ടുമാസത്തെ ഓണ്‍ലൈന്‍ ഡേറ്റിങ്ങിനുശേഷം അമ്മയുടെ സമ്മതത്തോടെയാണു താന്‍ ഇന്ത്യയിലേക്കു വന്നതെന്നു ജാക്ലിന്‍ ഫൊറേറോ പറഞ്ഞു.



തനിക്കു ചന്ദനെക്കാള്‍ ഒമ്പതുവയസു കൂടുതലാണെങ്കിലും മനസുകള്‍ തമ്മിലുള്ള അടുപ്പമാണ്‌ എല്ലാത്തിലും വലുതെന്നും ജാക്ലിന്‍ പറഞ്ഞു. വിവാഹമോചിതയായജാക്ലിന്‌ ഒരു കുട്ടി കൂടിയുണ്ട്‌. ചന്ദനെ അമേരിക്കയിലേക്കു കൊണ്ടുപോകാനാണു ജാക്ലിന്റെ തീരുമാനം. ഇതിനായി ചന്ദന്‍ വിസയ്‌ക്ക് അപേക്ഷിച്ചിരിക്കുകയാണ്‌. വിസ കിട്ടിയാല്‍ എത്രയുംവേഗം അമേരിക്കയിലേക്കു പറക്കാനാണു ചന്ദന്റെയും തീരുമാനം.