കോൾഡ്പ്ലേയുടെ സംഗീത പരിപാടിയിൽ എച്ച്ആർ മേധാവി ക്രിസ്റ്റിൻ കാബോട്ടിനൊപ്പമുള്ള വീഡിയോ പ്രചരിച്ചതിനെ തുടർന്ന് അനാലിസിസ് സ്ഥാപനമായ അസ്ട്രോണമറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ആൻഡി ബൈറോണിനെ കമ്പനി നിർബന്ധിത അവധിയിൽ അയച്ചു. നേരത്തേ ആന്‍ഡി ബൈറണിന്റെ ഭാര്യ മേഗന് കെറിഗന്‍ തന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ നിന്ന് ബൈറണിന്റെ പേര് നീക്കിയിരുന്നു. ആൻഡി ബൈറണിന്റെ കുടുംബത്തിലും അസ്വാരസ്യമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അധ്യാപികയാണ് മേഗൻ കെറിഗന്‍.
ആൻഡി ബൈറണും കാബോട്ടും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഡയറക്ടർ ബോർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പങ്കുവെക്കുമെന്നും ടെക് കമ്പനി അറിയിച്ചു. മേഗനെ പിന്തുണച്ച് ഒട്ടേറെപ്പേര്‍ അവരുടെ പോസ്റ്റുകള്‍ക്ക് താഴെ കമന്റും ചെയ്തു. ബൈറണിനെ ഡിവോഴ്സ് ചെയ്യൂ എന്നും നഷ്ടപരിഹാരം വാങ്ങിക്കൂ എന്നുമെല്ലാം ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. പിന്നാലെ മേഗന് അക്കൗണ്ട് ഡീആക്ടീവേറ്റാക്കി.
സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെപ്പേരാണ് ഈ വീഡിയോ പങ്കുവെച്ചത്. എക്സിലും ഇന്‍സ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലുമെല്ലാം ഈ വീഡിയോ ട്രെന്‍ഡിങ്ങായി മാറി. വാട്സാപ്പ് സന്ദേശങ്ങളുടെ സ്റ്റിക്കറായും ഈ വീഡിയോ മാറി. ഇരുവരും വിവാഹിതരായിരിക്കുമെന്നും പങ്കാളികളെ വഞ്ചിച്ചതിനാലാകാം ക്യാമറയില്‍ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിച്ചതെന്നും സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെപ്പേര്‍ പ്രതികരിച്ചിരുന്നു.
മാസച്യുസിറ്റ്സിലെ വിദ്യാഭ്യാസ പ്രവര്‍ത്തകയാണ് മേഗന്. 20 വര്‍ഷം മുമ്പാണ് ബൈറണും മേഗനും വിവാഹിതരായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. എന്നാല്‍ ഇതുവരെ മേഗന്റെ ഭാഗത്ത്നിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. വിവാഹബന്ധം വേര്‍പ്പെടുത്തിയാല്‍ ബൈറണിന് വലിയ തുക നഷ്ടമാകുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നിലവില്‍ 60 മില്ല്യണ്‍ ഡോളറിന്റെ ആസ്തിയാണ് ബൈറണുള്ളത്. വിവാഹമോചന ഒത്തുതീര്‍പ്പിനായി ഇതിന്റെ പകുതിയെങ്കിലും ബൈറണ്‍ നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബോസ്റ്റണിലെ കോൾഡ്പ്ലേ സംഗീത പരിപാടിയിൽ ബൈറൺ കാബോട്ടിനെ ആലിംഗനം ചെയ്യുന്നത് ക്യാമറയിൽ പതിഞ്ഞതോടെയാണ് വിവാദമുണ്ടായത്. സംഗീത പരിപാടിയിലെ ‘കിസ് കാം’ ബൈറോണിന്റെയും കാബോട്ടിന്റെയും അടുത്തേക്ക് വന്നപ്പോഴാണ് വേദിക്ക് ചുറ്റുമുള്ള കൂറ്റൻ സ്ക്രീനുകളിൽ ഇരുവരും പതിഞ്ഞത്.




