യുഎസില്‍ പുതിയ പ്രസിഡന്റായി ഡോണ്ഡ് ട്രംപ് സ്ഥാനാരോഹണം ചെയ്തു. ഒരുപാട് കാലങ്ങളുടെ ചരിത്രമുള്ളതാണ് യു എസ് പ്രസിഡന്റ് പദവി. യു എസ് പ്രസിഡന്റുമാരെക്കുറിച്ച് വളരെ രസകരമായ പല കഥകളുമുണ്ട്. അതില്‍ ഒരു കഥയാണ് ഇനി പറയാനായി പോകുന്നത്.
യു എസിന്റെ ആദ്യത്തെ പ്രസിഡന്റും സ്ഥാപക പിതാക്കന്മാരില് ഒരാളുമായ ജോര്‍ജ് വാഷിങ്ടനുമായി ബന്ധപ്പെട്ടതാണ് സംഭവം. യു എസ് പ്രസിഡന്റായി സ്ഥാനമേറ്റത്തിന് ശേഷം 5മാസം കഴിഞ്ഞപ്പോള്‍ ന്യൂയോര്‍ക്ക് നഗരത്തിലെ പഴയ ലൈബ്രറിയായ ന്യൂയോര്‍ക്ക് സൊസൈറ്റി ലൈബ്രറിയില്‍ നിന്ന് വാഷിങ്ടന്‍ 2 ബുക്കുകളെടുത്തു. ദ് ലോ ഓഫ് നേഷന്‍സ്, കോമണ്‍ ഡിബേറ്റ്സ് – വോള്യം12 എന്നിവയായിരുന്നു ആ പുസ്തകങ്ങൾ. ഈ സംഭവം നടന്നത് 1789ലായിരുന്നു .
എന്നാല്‍ കാലങ്ങള്‍ക്കിപ്പുറവും ഈ പുസ്തകങ്ങൾ തിരികെ നല്‍കിയില്ല. തുടര്‍ന്ന് ഫൈന്‍ കയറി തുടങ്ങി. 3 വര്‍ഷങ്ങള്‍ക്കിപ്പുറം അതുവരെ പുസ്തകങ്ങൾ എടുത്തവരുടെ പേര് അടയാളപ്പെടുത്തിയ രജിസ്റ്റര്‍ മാറ്റി പുതിയത് സ്ഥാപിച്ചു. പഴയ രജിസ്റ്റർ കാണാതാവുകയായിരുന്നു. പിന്നീട് ഒന്നരനൂറ്റാണ്ടുകള്‍ക്ക് ശേഷം അത് കണ്ടെത്തി. കൃത്യമായി പറഞ്ഞാൽ 1934ല്‍.
2010 ല്‍ മാത്യൂ ഹോഗന് എന്ന ലൈബ്രറി ഗവേഷകനാണ് വാഷിങ്ടണ്‍ പുസ്തകങ്ങള്‍ തിരികെ നല്‍കാത്ത കാര്യം കണ്ടെത്തുന്നത്. അന്നത്തെ കാലത്തെ കണക്ക് കൂട്ടല്‍ പ്രകാരം ഏതാണ്ട് 3 ലക്ഷം ഡോളര്‍ ഫൈന്‍ ഇനത്തില്‍ അടയ്ക്കേണ്ടതായുണ്ടായിരുന്നു.
യു എസിന് നിര്‍ണായകമായ പല സംഭാവനങ്ങള്‍ സമ്മാനിച്ച വാഷിങ്ടണിനെ ലൈബ്രറി വെറുതെ വിട്ടു. പണം തിരികെ നല്‍കേണ്ട, പകരം പുസ്തകം തിരികെ നല്കിയാല് സന്തോഷമെന്നും വാഷിങ്ടനിന്റെ പേരിലുള്ള ട്രസ്റ്റിനോട് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആ പുസ്തകം കണ്ടെത്താനായി ട്രസ്റ്റിന് സാധിച്ചില്ല. പകരമായി ആ പുസ്തകങ്ങളില്‍ ഒന്നിന്റെ കോപ്പി അവര്‍ ലൈബ്രറിക്ക് നല്കി പ്രശ്നം പരിഹരിച്ചു.