Featured Lifestyle

അഞ്ചുകുട്ടികളുടെ അമ്മ മുലപ്പാൽ വിറ്റ് പ്രതിമാസം സമ്പാദിക്കുന്നത് 87,000രൂപ

നസോട്ടയിൽ നിന്നുള്ള 33 കാരിയായ എമിലി എംഗർ, തന്റെ അധികമുള്ള മുലപ്പാൽ വിറ്റ് പ്രതിമാസം ഏകദേശം ഏകദേശം ₹86,959 സമ്പാദിച്ച് തന്റെ സാധാരണ വരുമാനത്തിന് ഒരു സഹായം നല്‍കുന്നു. അഞ്ച് കുട്ടികളുടെ അമ്മയായ അവർ, ഓരോ തവണ തന്റെ കുട്ടിക്ക് നൽകിയ ശേഷം അധികമുള്ള പാൽ പമ്പ് ചെയ്ത്, പാക്കറ്റുകളിലാക്കി ഫ്രീസറിൽ സൂക്ഷിക്കുന്നു. ഇത് സ്വന്തം കുട്ടികൾക്കല്ല, ആവശ്യക്കാര്‍ക്ക് വിൽക്കാനാണ്. മുലയൂട്ടലിനോടുള്ള സമീപന മാറ്റം കാരണം മുലപ്പാൽ വിൽക്കുന്ന അമേരിക്കൻ അമ്മമാരുടെ എണ്ണം വർദ്ധിച്ചുവരികയാണ്.

ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ മുൻകൈയെടുത്ത ‘മേക്ക് അമേരിക്ക ഹെൽത്തി എഗൈൻ’ (MAHA) പ്രസ്ഥാനമാണ് സമീപ വർഷങ്ങളിലെ ഈ മാറ്റത്തിന് കാരണം. ഇദ്ദേഹം കുഞ്ഞുങ്ങൾക്ക് മറ്റ് ആഹാരങ്ങളെ ആശ്രയിക്കാതെ മുലയൂട്ടാൻ അമ്മമാരെ പ്രേരിപ്പിക്കുന്നു.

സോഷ്യൽ മീഡിയയും ഈ മാറ്റത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇന്‍ഫ്ളുവന്‍സര്‍മാര്‍ അമ്മമാരെ പരസ്യമായി മുലയൂട്ടാൻ പ്രചോദിപ്പിക്കുന്നു. ഒരു കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന “ഫെഡ് ഈസ് ബെസ്റ്റ്” (ഏത് ഭക്ഷണം നൽകിയാലും നല്ലത്) എന്ന മന്ത്രം ഇപ്പോൾ “ബ്രെസ്റ്റ് ഈസ് ബെസ്റ്റ്” (മുലപ്പാൽ ഏറ്റവും ഉത്തമം) എന്നതിലേക്ക് മാറിയിരിക്കുന്നു. ഇത് മുലപ്പാലിന്റെ ഗുണങ്ങളെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന അവബോധത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

മുലയൂട്ടൽ പ്രചാരം നേടിയെങ്കിലും, എല്ലാ അമ്മമാർക്കും ആവശ്യത്തിന് പാൽ ഉത്പാദിപ്പിക്കാൻ കഴിയാറില്ല. കുറഞ്ഞ പ്രസവാവധി, മരുന്നുകൾ, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയ കാരണങ്ങള്‍മൂലം അമ്മമാർക്ക് മറ്റ് മാർഗ്ഗങ്ങൾ തേടേണ്ടി വരുന്നു. ഇവിടെയാണ് എമിലി എംഗറെപ്പോലുള്ളവർ രംഗപ്രവേശം ചെയ്യുന്നത്.

എമിലി എംഗർ ഒരു ‘ഓവർസപ്ലയർ’ ആണ്, അതായത് അവർക്ക് ചിലപ്പോൾ പ്രതിദിനം 80-100 അധിക ഔൺസ് പാൽ പമ്പ് ചെയ്യാൻ കഴിയും. ഇതുവരെ അവർ ആയിരക്കണക്കിന് ഔൺസ് മുലപ്പാൽ വിറ്റിട്ടുണ്ട്.

“ആദ്യം ഞാൻ വിചാരിച്ചു, ‘എന്റെ ഫ്രീസറിൽ ഈ പാൽ വെറുതെ ഇരിക്കുകയാണല്ലോ, അത് കൊടുത്താൽ എന്താണെന്ന്,” എംഗർ പറഞ്ഞു. “എന്നാൽ പിന്നെ ഞാൻ ചിന്തിച്ചു, നിങ്ങൾ കടയിൽ പോയി ഒരു ഗാലൺ പാൽ വാങ്ങുന്നു, അല്ലെങ്കിൽ ഫോർമുല വാങ്ങുന്നു. പാൽ ഉത്പാദിപ്പിക്കാൻ സമയവും, അക്ഷരാർത്ഥത്തിൽ ഊർജ്ജവും ചെലവഴിച്ചിട്ടുണ്ട്. അതിന് മൂല്യം കൽപ്പിക്കണം.”

മുലപ്പാലിനെക്കുറിച്ചുള്ള മുൻപുണ്ടായിരുന്ന തെറ്റിദ്ധാരണകൾ മാറിയതോടെ, മുതലാളിത്തവും ഈ രംഗത്തേക്ക് കടന്നു വന്നിട്ടുണ്ട്. മാർച്ചിൽ, അമേരിക്കയിലെ പ്രശസ്തമായ ബേബി ബ്രാൻഡായ ഫ്രിഡാ, തങ്ങളുടെ 2-ഇൻ-1 മാനുവൽ ബ്രെസ്റ്റ് പമ്പ് പുറത്തിറക്കുന്നതിന്റെ ആഘോഷമായി മുലപ്പാൽ രുചിയുള്ള ഐസ്ക്രീം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു.

ഫോർട്ട് ലോഡർഡെലിൽ നിന്നുള്ള 36 കാരിയായ ബ്രിയാന വെസ്റ്റ്‌ലാൻഡ് ആണ് എമിലി എംഗറിന്റെ ഒരു ഉപഭോക്താവ്. നാല് മാസം പ്രായമുള്ള തന്റെ മകൾക്ക് മുലപ്പാലിന്റെ പോഷകഗുണങ്ങൾക്ക് മുൻഗണന നൽകി അവർ പ്രതിമാസം $1,200 ഓളം മുലപ്പാലിനായി ചെലവഴിക്കുന്നു.

“എനിക്ക് ഫോർമുലയാണ് നൽകിയിരുന്നത്, എന്റെ മിക്ക സുഹൃത്തുക്കൾക്കും അതുതന്നെയായിരുന്നു,” വെസ്റ്റ്‌ലാൻഡ് ടൈംസിനോട് പറഞ്ഞു. “ഞങ്ങളുടെ മാതാപിതാക്കളോട് പറഞ്ഞിരുന്നത് അതും നല്ലതാണെന്നാണ്, പക്ഷേ ഇപ്പോൾ ഞങ്ങൾ അതിനെ ചോദ്യം ചെയ്യുകയാണ്. ഫോർമുലയിൽ ഒരുപാട് ചേരുവകളുണ്ട്, ഇപ്പോൾ മാത്രമാണ് ഞങ്ങൾ അതിനെ ശരിക്കും സൂക്ഷ്മമായി പരിശോധിക്കാൻ തുടങ്ങിയത്.”