ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ നിമിഷമാണ് വിവാഹം. അന്നേദിവസം ഏറ്റവും ആഡംബര പൂർണമാക്കാനാണ് ഭൂരിഭാഗം ആളുകളും ശ്രമിക്കുന്നത്. മതപരവും പാരമ്പര്യമായി പിന്തുടർന്നു പോരുന്ന ചടങ്ങുകൾക്ക് പുറമെ വിലയേറിയതും ആകർഷകവുമായ വസ്ത്രങ്ങൾ ധരിച്ചാണ് വധു വരന്മാർ വേദിയിൽ എത്തുന്നത്.
എന്നാൽ കാലം മാറിയതോടെ ആളുകൾ വ്യത്യസ്തമായ നിലയിൽ വിവാഹം ആസ്വദിച്ചുതുടങ്ങി. ഇതിനു ഉദാഹരണമാണ് കഴിഞ്ഞ ദിവസം നടന്ന ഒരു വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങൾ. ആഡംബര വസ്ത്രങ്ങൾക്ക് പകരം ബജറ്റ് ഫ്രണ്ട്‌ലി വിവാഹം നടത്താൻ ജീൻസും ഷർട്ടും ധരിച്ച് ചടങ്ങിനെത്തിയ ഒരു വരന്റെയും വധുവിന്റെയും ദൃശ്യങ്ങളാണിത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ദമ്പതികളെ ട്രോളി നിരവധി സോഷ്യൽ മീഡിയ ഉപഭോക്താക്കളാണ് രംഗത്തെത്തിയത്.
ജനുവരിയിൽ വെസ്റ്റ് വെർജീനിയയിലെ ഒരു പബ്ലിക് ലൈബ്രറിയിൽ വെച്ചാണ് 22 കാരിയായ ആമി ബാരൺ എന്ന യുവതി തന്റ ഭർത്താവ് ഹണ്ടറിനെ (24) വിവാഹം കഴിച്ചത്. ഏകദേശം 20 അതിഥികൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹത്തിനായി വെറും $1,000 മാത്രമാണ് ചെലവഴിച്ചതെന്ന് ന്യൂയോർക്ക് പോസ്റ്റിലെ ഒരു റിപ്പോർട്ട് പറയുന്നു.
പുതിയ കൗബോയ് ബൂട്ടുകൾക്കായി $300 ഉം, ഒരു ഫോട്ടോഗ്രാഫറെ സംഘടിപ്പിക്കാൻ $480മാണ് ഇരുവരും ചിലവഴിച്ചത്. മേക്കപ്പും സംഗീതവും ഭക്ഷണവും സ്വയം സംഘടിപ്പിച്ചുകൊണ്ടാണ് മിസ് ബാരൺ അനാവശ്യ ചിലവുകൾ ചുരുക്കിയത്.
“എന്റെ ഉറ്റസുഹൃത്തിനെ ഞാൻ വിവാഹം കഴിച്ചു. ഇപ്പോൾ ഏകദേശം ഒരാഴ്ചയായി, എങ്കിലും ഞങ്ങളുടെ വിവാഹം വീണ്ടും കാണാൻ എനിക്ക് കൊതിയാകുന്നു” എന്ന കുറിച്ചുകൊണ്ട് ഇരുവരും സോഷ്യൽ മീഡിയയിൽ വിവാഹത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചത്. വീഡിയോയിൽ ഇരുവരും ജീൻസും കറുപ്പും വെളുപ്പും ഉള്ള ഫ്ലാനെലെറ്റ് ഷർട്ടുകളും ധരിച്ചിരിക്കുന്നത് കാണാം. “ഞങ്ങൾ സാധാരണയായി ധരിക്കുന്നത് അതാണ്” എന്നും മിസ്സിസ് ബാരൺ കുറിച്ചു. വീഡിയോ വൈറലായതോടെ കടുത്ത വിമർശനമാണ് ബാരൺ നേരിട്ടത്.
വിവാഹത്തെ ഒരു സ്വപ്ന സാക്ഷാത് കാരമായി ബാരൺ വിശേഷിച്ചപ്പോൾ ഒരു വിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കൾ നിങ്ങളുടെ വിവാഹചടങ്ങ് മൊത്തത്തിൽ വളരെ മോശമാണെന്ന് കുറിച്ചു.
“ഞങ്ങൾ ഇങ്ങനെ ഒരു വിവാഹത്തിനായി പ്ലാൻ ചെയ്തു തുടങ്ങിയപ്പോൾ തന്നെ എല്ലാവരും ഞങ്ങളെ വിമർശിക്കുകയാണ് ചെയ്തത്. ഞങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരും ഉണ്ടായിരുന്നില്ല” ബാരൺ പറഞ്ഞു.
“യഥാർത്ഥത്തിൽ ഇതൊരു പോരാട്ടമാണ്, പ്രത്യേകിച്ചും വിവാഹത്തിന് ശേഷം. കാരണം പിന്തുണയ്‌ക്കാത്ത ആളുകളിൽ നിന്ന് ഞങ്ങൾക്ക് ധാരാളം മോശം സന്ദേശങ്ങളും പോസ്റ്റുകളും സോഷ്യൽ മീഡിയയിലൂടെ ലഭിച്ചു. തിരിച്ചടികൾക്കിടയിലും, ഇത്തരം വിദ്വേഷ പ്രതികരണങ്ങൾ തങ്ങളുടെ ദാമ്പത്യത്തെ ബാധിക്കാൻ അനുവദിക്കില്ലെന്ന് ദമ്പതികൾ തീരുമാനം എടുത്തതുകൊണ്ട് തന്നെ മിസ് ബാരൺ ഇപ്പോഴും വിവാഹത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കിടുന്നു.