Featured Sports

വിജയം ഇന്ത്യന്‍ സൈന്യത്തിനു സമര്‍പ്പിച്ച് സൂര്യകുമാര്‍; പാക്ക് താരങ്ങൾക്ക് ഹസ്തദാനമില്ലാതെ മടക്കം, ടോസിന്റെ സമയത്തും ഇല്ല- വീഡിയോ

സിക്സടിച്ചു മത്സരം ജയിപ്പിച്ചതിനു പിന്നാലെ ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരായ ഏഴു വിക്കറ്റ് വിജയം ഇന്ത്യന്‍ സൈനികർക്കു സമര്‍പ്പിച്ച് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ‘‘പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബങ്ങൾക്കൊപ്പമാണു ഞങ്ങൾ. ഈ വിജയം ഇന്ത്യൻ സൈന്യത്തിന് സമര്‍പ്പിക്കുന്നു. പാക്കിസ്ഥാനെതിരായ കളി ഞങ്ങൾക്ക് മറ്റൊരു മത്സരം മാത്രമാണ്. അതിന് അപ്പുറത്തേക്ക് ഒന്നുമില്ല.’’

സൂഫിയാന്‍ മുഖീം എറിഞ്ഞ 16-ാം ഓവറിലെ അഞ്ചാം പന്ത് സിക്‌സര്‍ പറത്തി ഇന്ത്യയുടെ വിജയം കുറിച്ചത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവായിരുന്നു. ശിവം ദുബെയായിരുന്നു ഒപ്പം. ജയിച്ചതിനു പിന്നാലെ ഹസ്തദാനത്തിനു നില്‍ക്കാതെ ഇരുവരും പാക് താരങ്ങളുടെ നേര്‍ക്ക് നോക്കുക പോലും ചെയ്യാതെ നേരേ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു.

ഡ്രസിങ് റൂമിലുണ്ടായിരുന്ന ഇന്ത്യൻ താരങ്ങൾ ഗ്രൗണ്ടിലേക്ക് ഇറങ്ങിയതുമില്ല. പാക്ക് താരങ്ങൾ കുറച്ചുനേരം ഗ്രൗണ്ടിൽ കാത്തുനിന്നെങ്കിലും ഹസ്തദാനമില്ലാതെ മടങ്ങി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

നേരത്തേ മത്സരത്തിനു മുമ്പ് ടോസിന്റെ സമയത്തു തന്നെ ഗ്രൗണ്ടില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ടോസിനു ശേഷം സൂര്യയും പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയും പരസ്പരം ഹസ്തദാനം ചെയ്തില്ലെന്നു മാത്രമല്ല മുഖത്തോടു മുഖം പോലും നോക്കാതെയാണ് മടങ്ങിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഏഷ്യാകപ്പ് തുടങ്ങുന്നതിനുമുന്‍പ് ടീം ക്യാപ്റ്റന്‍മാരെല്ലാം ഒരുമിച്ച് മാധ്യമങ്ങളെ കണ്ടപ്പോഴും വേദിയില്‍വച്ച് സൂര്യയും ആഗയും ഹസ്തദാനം നല്‍കിയിരുന്നില്ല.

‘‘ചാംപ്യന്‍സ് ട്രോഫി മുതൽ ഇന്ത്യയുടെ വിജയങ്ങളിൽ സ്പിന്നര്‍മാരുടെ പങ്ക് നിർണായകമാണ്. ഞാൻ സ്പിന്നർമാരുടെ ആരാധകനാണ്. അതുകൊണ്ട് അവരെ ടീമിലെടുക്കാനും ഇഷ്ടമാണ്. എന്റെ ജന്മദിനത്തില്‍ ഇന്ത്യന്‍ ആരാധകർക്കു നൽകുന്ന സമ്മാനമാണ് ഈ വിജയം.’’– സൂര്യകുമാർ യാദവ് വ്യക്തമാക്കി. തോൽവിക്കു പിന്നാലെ ഗ്രൗണ്ട് വിട്ട പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ആഗ സൽമാന്‍ മാധ്യമങ്ങളുമായി സംസാരിക്കാൻ കൂട്ടാക്കിയില്ല.