Celebrity

ക്രിക്കറ്റ് കളിക്കിടയില്‍ കാണാതായ ഉര്‍വ്വശി റൗട്ടേലയുടെ 24 കാരറ്റ് സ്വര്‍ണ്ണഫോണ്‍ കണ്ടെത്തി; തിരിച്ചുകിട്ടണമെങ്കില്‍ ഒരു കണ്ടീഷന്‍ !

ലോകകപ്പ് ക്രിക്കറ്റിനിടയില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിനിടയില്‍ നഷ്ടമായ ബോളിവുഡ് നടി ഉര്‍വ്വശി റൗട്ടേലയുടെ 24 കാരറ്റ് സ്വര്‍ണ്ണഫോണ്‍ കണ്ടെത്തിയെന്ന് സൂചന. ഐഫോണ്‍ കിട്ടിയയാള്‍ നടിയെ വിളിച്ച് ഫോണ്‍ തന്റെ കയ്യിലുണ്ടെന്ന് അറിയിച്ചതായിട്ടാണ് വിവരം.നടിയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലെ ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ അനുസരിച്ച്, ഫോണ്‍ കയ്യിലുണ്ടെന്ന് അവകാശപ്പെടുന്ന വ്യക്തിയില്‍ നിന്ന് നടിക്ക് ഒരു ഇമെയില്‍ സന്ദേശം ലഭിച്ചു.

”അത് ശരിയാണ്! എന്റെ കയ്യില്‍ നിങ്ങളുടെ ഫോണ്‍ ഉണ്ട്. ഫോണ്‍ തിരിച്ചു വേണമെങ്കില്‍ എന്റെ സഹോദരനെ ക്യാന്‍സറില്‍ നിന്ന് രക്ഷിക്കാന്‍ താങ്കള്‍ സഹായിക്കണം.” എന്നെഴുതിയ ഇമെയിലിന്റെ സ്‌ക്രീന്‍ഷോട്ട് നടി പങ്കുവച്ചു. ഒക്ടോബര്‍ 16-ലെ ഇമെയിലിന് ഉര്‍വ്വശി തംബ്സ്-അപ്പും നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 14 ന് അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനിടയിലാണ് നടിക്ക് ഫോണ്‍ നഷ്ടമായത്. തന്റെ 24 കാരറ്റ് യഥാര്‍ത്ഥ സ്വര്‍ണ്ണ ഐഫോണ്‍ നഷ്ടപ്പെട്ടതായി ഉര്‍വശി റൗട്ടേല തൊട്ടുപിന്നാലെ സോഷ്യല്‍ മീഡിയയില്‍ അറിയിക്കുകയും അഹമ്മദാബാദ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

ഇതിന്റെയെല്ലാം ചിത്രവും നടി പങ്കിട്ടു. ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ വിഐപി ബോക്സില്‍ ആയിരുന്നു നടി ഇരുന്നത്. ശരീരത്തോട് ചേര്‍ന്നുനില്‍ക്കുന്ന നീല ടോപ്പും ഡെനിമും ധരിച്ച ദിവ തന്റെ ഇരിപ്പിടത്തില്‍ നിന്ന് മത്സരം ആസ്വദിക്കുന്നതിന്റെ നിരവധി വീഡിയോകള്‍ പങ്കിടുകയും ചെയ്തിരുന്നു. കാറില്‍ സ്റ്റേഡിയത്തിലേക്ക് പോകുമ്പോള്‍ എടുത്ത വീഡിയോകളിലൊന്നില്‍ അവള്‍ തന്റെ വിഐപി പാസുകള്‍ പോലും കാണിച്ചു. ഹിന്ദി ചിത്രമായ ‘ദില്‍ ഹേ ഗ്രേ’, തെലുങ്ക് ചിത്രം ‘ബ്ലാക്ക് റോസ്’ എന്നിവയാണ് താരം അഭിനയിക്കുന്ന ചിത്രങ്ങള്‍.