Crime

മതനിന്ദ ആരോപിച്ച് നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന്‍ കത്തിച്ചു, യുവാവിനെ പിടിച്ചിറക്കി തല്ലിക്കൊന്നു തീവെച്ചു

ഖുറാനെ അപമാനിച്ചെന്ന് ആരോപിച്ച് പാകിസ്താനില്‍ നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന്‍ തകര്‍ത്തു വിനോദസഞ്ചാരിയെ പിടിച്ചിറക്കി കൊണ്ടുപോയി തല്ലിക്കൊന്നു കത്തിച്ചു. വടക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ നടന്ന സംഭവത്തില്‍ മൊഹമ്മദ് ഇസ്മായില്‍ എന്ന ടൂറിസ്റ്റാണ് കൊല്ലപ്പെട്ടത്. മതനിന്ദ ആരോപിച്ച് ഇയാള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ ഒരു കൂട്ടം നാട്ടുകാര്‍ ആക്രമിക്കുകയായിരുന്നു.

അക്രമികള്‍ ഖൈബര്‍ പഖ്ത്തൂണ്‍വയിലെ നഗരമായ മാദ്യാനിലെ പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കുകയും സ്‌റ്റേഷനും മുറ്റത്തുകിടന്ന വാഹനങ്ങളൂമടക്കം കത്തിക്കുകയും ചെയ്തു. പാര്‍ക്ക് ചെയ്തിരുന്ന പോലീസ് വാഹനങ്ങളും അഗ്നിക്കിരയാക്കി. ഇരയെ ജനക്കൂട്ടം വളയുന്നതും പിടികൂടി ആവേശം കൊള്ളുന്നതിന്റെയും പച്ചയ്ക്ക് കത്തിക്കുന്നതിന്റെയും ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന് ശേഷം തെരുവില്‍ കത്തിയ കാറുകളുടേയും മറ്റും അവശിഷ്ടങ്ങളുടെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തില്‍ കണ്ടാലറിയാവുന്ന നൂറുകണക്കിന് ആള്‍ക്കാര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. പോലീസ് സ്‌റ്റേഷന്‍ കത്തിച്ചവരെയും കൊലപാതകം നടത്തിയവരെയും തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.

സുരക്ഷിതത്വത്തന് വേണ്ടിയാണ് ഇസ്മായേലിനെ ഹോട്ടലില്‍ നിന്നും സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നതെന്നും പക്ഷേ ജനക്കൂട്ടം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു എന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നൂറുകണക്കിന് വരുന്ന നാട്ടുകാര്‍ സ്‌റ്റേഷന്‍ ആക്രമിക്കുകയും ഇസ്മായീലിനെ പിടിച്ചിറക്കി കൊണ്ടുപോകുകയും പുറത്തിറക്കി തല്ലിക്കൊന്ന ശേഷം വഴിയിലിട്ടു തന്നെ കത്തിക്കുകയായിരുന്നു എന്നും പോലീസ് പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ കൂടുതല്‍ പോലീസ് സേന മാദ്യാനില്‍ എത്തിയിട്ടുണ്ട്, ഉല്ല പറഞ്ഞു.

പഞ്ചാബിലെ സിയാല്‍കോട്ടില്‍ നിന്നുള്ള വിനോദസഞ്ചാരിയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പാകിസ്താന്‍ പോലെയുള്ള ഇസ്ലാമിക രാഷ്ട്രത്തില്‍ ദൈവദൂഷണം ആരോപിക്കപ്പെടുന്ന ആളുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ സാധാരണമാണ്, അവിടെ മതനിന്ദ കുറ്റത്തിന് വധശിക്ഷ വരെ ലഭിക്കും. മതന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനും വ്യക്തിപരമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും പലപ്പോഴം മതനിന്ദ ആരോപണങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര, ദേശീയ അവകാശ സംഘടനകള്‍ പറയുന്നു.