Oddly News

വിവാഹച്ചടങ്ങിൽ പാചകം ചെയ്തുകൊണ്ടിരുന്ന റൊട്ടിയിൽ തുപ്പിയ യുവാവ് അറസ്റ്റിൽ; വീഡിയോ വൈറലാകുന്നു

വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഉത്തർ പ്രദേശിലെ മീററ്റിൽ നിന്നും പുറത്തുവന്ന ഒരു വീഡിയോ കാണികളെ ഒന്നടങ്കം അസ്വസ്ഥരാക്കി. ഒരു വിവാഹ ചടങ്ങിൽ പാകം ചെയ്തുകൊണ്ടിരുന്ന റൊട്ടിയിൽ ഒരു പാചകക്കാരൻ തുപ്പുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ഇത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ ഫെബ്രുവരി 24 തിങ്കളാഴ്ച്ച ഇയാളെ കസ്റ്റഡിയിൽ എടുക്കാൻ പോലീസ് നിർബന്ധിതരായി. റൊട്ടി ഉണ്ടാക്കുന്നതിനിടയിൽ ഒരാൾ തുപ്പുന്ന വീഡിയോ വൈറലായതായി പോലീസ് സൂപ്രണ്ട് ആയുഷ് വിക്രം സിങ്ങും സ്ഥിരീകരിച്ചിട്ടുണ്ട്.

ബ്രഹ്മപുരി പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള പ്രേം മണ്ഡപത്തിലാണ് സംഭവം. വൈറലാകുന്ന വീഡിയോയിൽ ഒരു വിവാഹ ചടങ്ങിനിടെ ആളുകൾ ഭക്ഷണം കഴിക്കാനായി അണി നിരക്കുമ്പോൾ പിന്നിലായി തന്തൂരിനുള്ളിൽ ഒരാൾ റൊട്ടി ചുടുന്നതാണ് കാണുന്നത്. വീഡിയോ ഇയാളിലേക്ക് മാത്രമായി ചുരുങ്ങുമ്പോൾ റൊട്ടി ചെയ്യുന്നതിന് മുൻപായി ഇയാൾ അതിൽ തുപ്പുന്നത് കാണാം. വീഡിയോ ശ്രദ്ധയിൽ പെട്ടതിനു പിന്നാലെ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തെന്നും വിക്രം സിങ് വ്യക്തമാക്കി. ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഫെബ്രുവരി 21 ന് രാത്രിയാണ് സംഭവം നടന്നതെന്ന് ചില പ്രദേശവാസികൾ വെളിപ്പെടുത്തി. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായ വീഡിയോയാണിത്. വീഡിയോയിൽ ചപ്പാത്തിയിൽ തുപ്പിയ വ്യക്തിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്,” പ്രതിയുടെ ഫോട്ടോ പങ്കിട്ടുകൊണ്ട് മീററ്റ് പോലീസ് എക്സിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *