Crime

തര്‍ക്കം അക്രമാസക്തമായി ; വിശ്വാസിയായ സ്ത്രീയെ കൊന്ന് സിദ്ധന്‍ മൃതദേഹം കത്തിച്ചു

വിശ്വാസിയായ സ്ത്രീയെ കൊന്ന് മൃതദേഹം കത്തിച്ച കേസില്‍ സിദ്ധന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശില്‍ സെപ്തംബര്‍ 30 ന് നടന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശ് പോലീസ് തന്ത്രിയെ അറസ്റ്റ് ചെയ്തു. സൂഫി വിശ്വാസത്തില്‍ പെടുന്ന കിച്ചോച്ച ഷെരീഫ് സന്ദര്‍ശനത്തിനിടയില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചു. സിദ്ധാര്‍ത്ഥനഗര്‍ സ്വദേശിയായ മീന ദേവിയാണ് മരണമടഞ്ഞത്.

ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ സെപ്തംബര്‍ 30 ന്, കുറ്റിക്കാട്ടില്‍ നിന്ന് പാതി കത്തിക്കരിഞ്ഞ 35 വയസ്സുള്ള ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു സംഭവങ്ങള്‍. യുവതിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ യുവതിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചതായി ഇയാള്‍ സമ്മതിച്ചു.

ഭഗവാന്‍ ദീന്‍ എന്നായിരുന്നു മീനദേവി സിദ്ധനെ വിളിച്ചിരുന്നത്. പെണ്‍മക്കള്‍ക്കൊപ്പം താമസിച്ചിരുന്ന ഇവരുടെ ഭര്‍ത്താവ് ദൂരെ ജോലിക്ക് പോയിരിക്കുകയാണ്. സിദ്ധന്‍ പതിവായി ഇവരുടെ വീട്ടില്‍ സന്ദര്‍ശകന്‍ ആയി മാറുകയും അതിന് ശേഷം അയാള്‍ യുവതിയോടൊപ്പം താമസമാക്കുകയും ചെയ്തു. മാതൃസഹോദരന്‍ എന്നാണ് അവര്‍ തന്ത്രിയെ വിശേഷിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

യുവതിയും സിദ്ധനും അടുത്തിടെ കിച്ചോച്ച ഷെരീഫ് സന്ദര്‍ശിക്കാന്‍ പോയിരുന്നു. അവിടെ വെച്ച് ഇരുവരും ചില കാര്യങ്ങളില്‍ വഴക്കു പിടിക്കുകയും തര്‍ക്കിക്കുകയും ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ഷെരീഫില്‍ എന്തെങ്കിലും ചെയ്യാന്‍ സിദ്ധന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി അത് ചെയ്യാന്‍ കൂട്ടാക്കിയില്ല. ഇത് തര്‍ക്കമായി മാറുകയും അക്രമാസക്തനായ പ്രതി യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും അതിന് ശേഷം മൃതദേഹം കുറ്റിക്കാട്ടില്‍ കൊണ്ടിട്ട് തീകൊളുത്തുകയുമായിരുന്നു