Crime

നോണ്‍വെജ് ഭക്ഷണം കൊണ്ടുവന്ന 5വയസുകാരനെ സ്കൂളില്‍നിന്ന് പുറത്താക്കി പ്രിന്‍സിപ്പല്‍

സ്കൂളില്‍ മാംസാഹാരം കൊണ്ടുവന്നതിന്റെ പേരില്‍ അഞ്ചുവയസുകാരനെ ക്ലാസില്‍ നിന്ന് പുറത്താക്കി പ്രിന്‍സിപ്പല്‍. രാജ്യം അധ്യാപക ദിനം ആഘോഷിക്കുന്ന ദിവസമാണ് ലജ്ജിപ്പിക്കുന്ന ഈ നടപടി ഉണ്ടായത്. യു.പി.യിലെ അമ്രോഹയിലുള്ള സ്വകാര്യസ്കൂളിലാണ് സംഭവം. അമ്രോഹ ഹില്‍ട്ടന്‍ കോണ്‍വെന്‍റ് സ്കൂള്‍ പ്രിന്‍സിപ്പലാണ് വിദ്യാര്‍ഥിയെ ശകാരിക്കുകയും പുറത്താക്കുകയും ചെയ്തത്. സ്കൂൾ പ്രിൻസിപ്പലും വിദ്യാർത്ഥിയുടെ അമ്മയും തമ്മിലുള്ള ചൂടേറിയ വാഗ്വാദം കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

സസ്യേതര ഭക്ഷണം കഴിപ്പിച്ച് എല്ലാവരെയും ഇസ്​ലാമിലേക്ക് മതം മാറ്റുകയാണ് ലക്ഷ്യമെന്ന് മകന്‍ പറഞ്ഞുവെന്ന് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിയുടെ അമ്മയോട് ആക്രോശിക്കുന്നുണ്ട്. ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കുമെന്ന് കുട്ടി പറഞ്ഞതായും പ്രിന്‍സിപ്പല്‍ ആരോപിക്കുന്നു. ക്ലാസിലെ കുട്ടികള്‍ക്കിടയില്‍ തന്നെ ഹിന്ദു–മുസ്‌ലിം വേര്‍തിരിവുണ്ടെന്ന് കുട്ടിയുടെ അമ്മ ചൂണ്ടിക്കാട്ടിയപ്പോള്‍ നിങ്ങളാണ് അവനെ ഇതൊക്കെ പഠിപ്പിച്ചതെന്നായിരുന്നു മറുപടി.

രാവിലെ സ്കൂളിലെത്തിയ മകനെ ക്ലാസിരിക്കാന്‍ സമ്മതിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കുട്ടിയുടെ അമ്മ ചോദിക്കുമ്പോള്‍, അവനെ ഇനി ഇവിടെ പഠിപ്പിക്കുന്നില്ലെന്നും സ്കൂളില്‍ നിന്ന് പുറത്താക്കിയെന്നുമായിരുന്നു പ്രിന്‍സിപ്പലിന്റെ മറുപടി. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യണമെന്നും സ്കൂളിന്റെ അംഗീകാരം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അമ്രോഹി മുസ്​ലിം കമ്മിറ്റി ജില്ലാ മജിസ്ട്രേറ്റിനെ സമീപിച്ചു. സംഭവത്തില്‍ അമ്രോഹ വിദ്യാഭ്യാസ വകുപ്പ് മൂന്ന് സര്‍ക്കാര്‍ സ്കൂളില്‍ നിന്നുള്ള പ്രിന്‍സിപ്പല്‍മാരടങ്ങിയ അന്വേഷണ സമിതിയെ നിയോഗിച്ചു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.