Featured Good News

സര്‍ക്കാരിന്റെ സൗജന ഹൃദയ ശസ്ത്രക്രിയ; യു.പി. സ്വദേശികളുടെ കുഞ്ഞ് ആരോഗ്യവാന്‍; മന്ത്രിയുമായി സന്തോഷം പങ്കിട്ട് മാതാപിതാക്കള്‍

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയിലൂടെ രക്ഷിച്ചെടുത്ത അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്റെ മാതാപിതാക്കളുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വീഡിയോ കോളില്‍ സംസാരിച്ചു. കുഞ്ഞു രാംരാജിനെ ആരോഗ്യത്തോടെ തിരിച്ചുകിട്ടിയതിലുള്ള സന്തോഷം മന്ത്രിയുമായി അവര്‍ പങ്കുവച്ചു.

അതേസമയം ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. രാഹുല്‍ കാസര്‍ഗോഡ് കോട്ടൂരിലെ വീട്ടിലെത്തി കുഞ്ഞിനെയും മാതാപിതാക്കളെയും നേരില്‍ കണ്ടു. കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണ്. ഉത്തര്‍പ്രദേശ് ധനൗറ സ്വദേശികളായ ശിശുപാലിന്റെയും രുചിയുടേയും മകനാണു രാംരാജ്. കോട്ടൂര്‍ ആരോഗ്യകേന്ദ്രത്തിനു സമീപമാണ് ഇവരുടെ താമസം. രാംരാജിന് ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസപ്പെടുന്ന ‘ട്രൈകസ്പിഡ് അട്രേസിയ’ എന്ന രോഗം കണ്ടെത്തിയതോടെ ആരോഗ്യവകുപ്പ് വേഗത്തില്‍ ഇടപെടുകയായിരുന്നു.

തുടര്‍ന്ന് കോഴിക്കോടുള്ള ഹൃദ്യം എംപാനല്‍ഡ് ആശുപത്രിയില്‍ സൗജന്യമായി ഹൃദയ ശസ്ത്രക്രിയ നടത്തി. കേരളത്തിനും ഇവിടത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശിശുപാലും രുചിയും നന്ദി പറഞ്ഞു.
കോട്ടൂരില്‍ പുല്ലുവെട്ടുയന്ത്രം ഓപ്പറേറ്ററാണു ശിശുപാല്‍. കേരളത്തിലായതുകൊണ്ടാണ് ലക്ഷങ്ങള്‍ ചെലവുള്ള ചികിത്സ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ കുഞ്ഞിനു സൗജന്യമായി ലഭിച്ചതെന്ന് ദമ്പതികള്‍ പറഞ്ഞു.