Oddly News

വിവാഹ പന്തലിലേക്ക് ഹെലികോപ്ടറില്‍ പറന്നിറങ്ങി വരന്‍ ; വെറൈറ്റി വിവാഹത്തിന് സുരക്ഷയൊരുക്കാന്‍ പോലീസും

വിവാഹത്തില്‍ വ്യത്യസ്തത കൊണ്ടു വരാനാണ് ഇന്ന് എല്ലാവരും ശ്രമിയ്ക്കുന്നത്. എത്രത്തോളം ആഡംബരത്തോടെ വിവാഹം നടത്താനാണ് ഇന്നുള്ളവര്‍ നോക്കുന്നത്. ഇപ്പോള്‍ വിവാഹ പന്തലിലേക്ക് ഹെലികോപ്ടറില്‍ പറന്നിറങ്ങുന്ന വരന്റെ വാര്‍ത്തയാണ് കൗതുകകരമാകുന്നത്. യുപിയിലെ ബാഗ്പട്ട് ജില്ലയിലെ മാവികാലന്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗാസിയാബാദിലെ ഇന്ദ്രാപുരി സ്വദേശിയായ വീരേന്ദ്ര എന്ന ക്ഷീര വ്യവസായിയുടെയും നഴ്സിംഗ് വിദ്യാര്‍ത്ഥിയായ പ്രതിഭയുടെയും വിവാഹത്തിനിടെയാണ് അത്യപൂര്‍വ്വ സംഭവങ്ങള്‍ അരങ്ങേറിയത്.

വിവാഹം കഴിഞ്ഞതിന് ശേഷം നവദമ്പതികള്‍ ഹെലികോപ്ടറിലാണ് വരന്റെ വീട്ടിലേക്ക് യാത്ര തിരിച്ചത്. ജന്‍ത ഇന്റര്‍ കോളേജ് മൈതാനത്ത് നിന്നാണ് ഇവര്‍ ഹെലികോപ്ടറില്‍ തങ്ങളുടെ ഒരുമിച്ചുള്ള ആദ്യയാത്ര ആരംഭിച്ചത്. ഈ അപൂര്‍വ്വ വിവാഹ കാഴ്ച കാണാന്‍ അടുത്തുള്ള പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ മാവികാലന്‍ ഗ്രാമത്തിലേക്ക് എത്തിയിരുന്നു. ജനക്കൂട്ടം കൂടിയതോടെ ഇവരെ നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പണിപ്പെടുകയും ചെയ്തു.

ഗ്രാമത്തിലെ ആളുകളെല്ലാം ഈ കാഴ്ച കാണാന്‍ തടിച്ചു കൂടിയതോടെ സുരക്ഷയൊരുക്കാന്‍ പോലീസും രംഗത്തെത്തി. ഇതാദ്യമായാണ് ഈ ഗ്രാമത്തിലെ ഒരു വധു വിവാഹം കഴിഞ്ഞ് ഹെലികോപ്ടറില്‍ വരന്റെ വീട്ടിലേക്ക് പോകുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അധികൃതരുടെ അനുമതിയോടെയാണ് വിവാഹത്തിന് ഹെലികോപ്ടര്‍ ഉപയോഗിച്ചതെന്ന് വധുവിന്റെ വീട്ടുകാര്‍ പറഞ്ഞു. പ്രദേശത്ത് തടിച്ചു കൂടിയ ജനത്തെ നിയന്ത്രിക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.