ലിപ്സിങ്ക് വീഡിയോകളിലൂടെ പ്രശസ്തി നേടിയ ടാന്‍സാനിയന്‍ താരം കിലി പോളിന്റെ പുതിയ മലയാളം പാട്ടിന്റെ അനുകരണവും ശ്രദ്ധ നേടുകയാണ്. പുലിവാല്‍ കല്യാണം എന്ന ചിത്രത്തിലെ ‘ ആരു പറഞ്ഞു’ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് ഇക്കുറി ലിപ്സിങ്ക് ചെയ്തിരിക്കുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി വരികള്‍ കുറിച്ച പാട്ടാണിത്. ബേണി – ഇഗ്‌നേഷ്യസ് ഈണമൊരുക്കിയ ഗാനം പി ജയചന്ദ്രനും കെ എസ് ചിത്രയും ചേര്‍ന്നാണ് ആലപ്പിച്ചിരിക്കുന്നത്.
കിലി പങ്കിട്ട വീഡിയോ വളരെ പെട്ടെന്ന് തന്നെ ആസ്വാദകര്‍ ഏറ്റെടുത്തു. പതിവുകള്‍ തെറ്റിക്കാതെ കമന്റ് ബോക്സ് നിറയെ മലയാളികളായിരുന്നു. “ആഹാ മലയാളി പാടുമോ ഇതുപോലെ . എന്നാലും എന്റെ ഉണ്ണിയേട്ടാ ഇങ്ങള് മുത്താണ്.” തുടങ്ങിയ പല കമന്റുകളും നിറഞ്ഞു.
പരമ്പരഗത വേഷധാരിയായിയാണ് കിലി പ്രത്യക്ഷപെട്ടത്. കിലി പോളിനെ മലയാളികള്‍ ഉണ്ണിയേട്ടന്‍ എന്നാണ് വിളിക്കുന്നത്. ആ പേര് ഇഷ്ടമായതിനാലായിരിക്കാം. മലയാള വീഡിയോകളില്‍ കിലി ഉണ്ണിയേട്ടന്‍ എന്നാണ് അടിക്കുറിപ്പെഴുതുന്നത്.
10.2 മില്ല്യണ്‍ ആളുകളാണ് കിലിയെ ഫോളോ ചെയ്യുന്നത്. ഇതില്‍ താരങ്ങളുള്‍പ്പടെ നിരവധി പേരുണ്ട്. തമിഴ് , തെലുങ്ക്, ഹിന്ദി ഗാനങ്ങള്‍ക്കും ചുണ്ടുകളനക്കുമെങ്കിലും കിലിക്ക് മലയാള ഗാനങ്ങളോട് പ്രത്യേക ഇഷ്ടമാണ്. കറുത്ത പെണ്ണേ…. ഇലുമിനാറ്റി.. തുടങ്ങിയ പല ഗാനങ്ങളുടെയും ലിപ്‌സിങ്ക് കിലി ഗംഭീരമായി ചെയ്തു കഴിഞ്ഞു.