Celebrity

ടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങളുമായി ഉണ്ണി മുകുന്ദന്‍; ഇന്ത്യ ലോകകപ്പ് ഉയര്‍ത്തുന്നത് കാണാന്‍ കാത്തിരിക്കുന്നു

മലയാളത്തിലെ യുവതാരങ്ങളില്‍ തന്റേതായ ഇടം നേടിയ താരമാണ് ഉണ്ണി മുകുന്ദന്‍. മാളികപ്പുറം എന്ന ചിത്രത്തിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടാനും താരത്തിന് സാധിച്ചു. ജയ് ഗണേഷ്, ഗന്ധര്‍വ്വ ജൂനിയര്‍ തമിഴില്‍ കരുടന്‍ എന്ന ചിത്രവുമാണ് ഉണ്ണി മുകുന്ദന്റേതായി പ്രഖ്യാപിക്കപ്പെട്ടത്.

സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്റെ വിശേഷങ്ങളും, അഭിപ്രായങ്ങളും, നിലപാടുകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറയുന്ന അപൂര്‍വ്വം ചില യുവതാരങ്ങളില്‍ ഒരാള്‍ കൂടിയാണ് ഉണ്ണി മുകുന്ദന്‍. ടീം ഇന്ത്യയുടെ വിജയത്തില്‍ അഭിനന്ദനവുമായി എത്തിയിരിയ്ക്കുകയാണ് ഉണ്ണി. ” ടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങള്‍. എന്തൊരു വിജയമാണ്…ക്യാപ്റ്റന്റെ ബാറ്റിംഗിന്റെ മികച്ച പ്രകടനവും എല്ലാ കളിക്കാരുടെയും മികച്ച ഓള്‍ റൗണ്ട് പ്രകടനവുമായിരുന്നു കാണാന്‍ സാധിച്ചത്. പാക്കിസ്ഥാനെ പൂര്‍ണ്ണമായും തകര്‍ത്തു. നിങ്ങള്‍ ലോകകപ്പ് ഉയര്‍ത്തുന്നത് കാണാന്‍ കാത്തിരിക്കാന്‍ വയ്യ ” – ഉണ്ണി മുകുന്ദന്‍ കുറിയ്ക്കുന്നു.

ഏകദിന ലോകകപ്പിലെ പോരാട്ടത്തില്‍ പാക്കിസ്ഥാനെ 7 വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ എട്ടാം ജയമാണിത്. നായകന്‍ മുന്നില്‍നിന്നു നയിച്ചപ്പോള്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 30.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 7 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയാണ് കളിയിലെ താരം. വ്യാഴാഴ്ച ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.