പതിനെട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഐ.പി.എൽ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിനെ വില്‍ക്കുന്നുവെന്നതരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി ടീം ഉടമകളും പ്രമുഖ മദ്യകമ്പനിയുമായ ഡിയാജിയോ. ആര്‍സിബി ടീം ഉടമകളായ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്റെ മാതൃകമ്പനിയാണ് ഡിയാജിയോ. മാധ്യമങ്ങള്‍ ഊഹാപോഹം പ്രചരിപ്പിക്കുന്നുവെന്ന് ഡിയാജിയോ ഇന്ത്യ പ്രതികരിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് ഡിയാജിയോ കത്തു നല്‍കിയിട്ടുമുണ്ട്.
പൂര്‍ണമായോ അല്ലെങ്കില്‍ ഭാഗികമായോ ആര്‍സിബിയുടെ ഓഹരിക്കൈമാറ്റത്തിന് കമ്പനി ആലോചിക്കുന്നുവെന്ന് ബ്ലൂംബെര്‍ഗ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് സംബന്ധിച്ച് ഗൗരവമായ ചര്‍ച്ചകളും പുരോഗമിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
കിരീടനേട്ടത്തിന് പിന്നാലെ ബ്രാൻഡ് മൂല്യം കുത്തനെ ഉയർന്നതോടെ രണ്ട് ബില്യൺ ഡോളർ വരെ (ഏകദേശം 16,834 കോടി) ലക്ഷ്യമിട്ടാണ് ഉടമയായ ഡിയാജിയോ ക്ലബ് വിൽക്കാൻ ഒരുങ്ങുന്നതെന്നായിരുന്നു വാർത്തകൾ. ഐപിഎല്ലില്‍ പുകയില, മദ്യ ബ്രാന്‍ഡുകള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നീക്കത്തിന് തീരുമാനത്തിന് പിന്നാലെയാണ് മദ്യക്കമ്പനിയുടെ ഈ നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കായികതാരങ്ങള്‍ ലഹരിപദാര്‍ഥങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനെതിരേ ഐപിഎല്ലും നിലപാടെടുത്തിരുന്നു.
2008ൽ ഫ്രാഞ്ചൈസി ആരംഭിച്ചപ്പോൾ, കിങ്ഫിഷർ എയർലൈൻസിന്റെ ഉടമയും മദ്യ വ്യവസായിയുമായ വിജയ് മല്യയാണ് ഇത് ആദ്യം വാങ്ങിയത്. മല്യ കടക്കെണിയിൽ അകപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട് കിങ്ഫിഷർ എയര്‍ലൈന്‍സ് പൂട്ടിയതോടെ 2012ല്‍ മല്യയുടെ യുനൈറ്റഡ് സ്പിരിറ്റ്‌സിനെ ബ്രിട്ടീഷ് കമ്പനിയായ ഡിയാജിയോ ഏറ്റെടുത്തു. യുനൈറ്റഡ് സ്പിരിറ്റിസിന്റെ നിയന്ത്രണത്തിലുള്ള ആര്‍.സി.ബിയും ഇതോടെ ഡിയാജിയോയുടെ കീഴിലായി.




