സഹപ്രവര്‍ത്തകനുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ ലിവ്–ഇന്‍ പാര്‍ട്ണറെ കൊലപ്പെടുത്തി രണ്ടു ദിവസം കൂടെക്കിടന്ന് യുവാവ്. ഭോപ്പാലിലെ ഗായത്രി നഗറിലാണ് സംഭവം നടന്നത്. 29കാരിയായ റിതിക സെന്നിനെയാണ് 32കാരനായ സച്ചിന്‍ രാജ്പുത് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയത്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന റിതികയ്ക്ക് ബോസുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിനു പിന്നിലെന്ന് സൂചന.
സച്ചിന്‍ രാജ്പുതും റിതിക സെന്നും മൂന്നര വര്‍ഷത്തോളമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു . സച്ചിന് ജോലിയില്ല എന്നത് ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിനിടെയാണ് ബോസുമായി റിതികയ്ക്ക് ബന്ധമുണ്ടോയെന്ന സംശയം സച്ചിനുണ്ടാവുന്നത്. ജൂണ്‍ 27ന് ഇവര്‍ തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയും പിന്നാലെ സച്ചിന്‍ റിതികയെ കൊലപ്പെടുത്തുകയും ചെയ്തു. കൊലപാതകത്തിനു ശേഷം റിതികയുടെ മൃതദേഹം കമ്പിളിഷീറ്റില്‍ പൊതിഞ്ഞ് കട്ടിലില്‍ കിടത്തി ഇയാള്‍ രണ്ടു രാത്രി കൂടെക്കിടന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ഈ മാസിക സമ്മര്‍ദ്ദത്തില്‍ ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നെന്നും പൊലീസ് പറയുന്നു. ഞായറാഴ്ച്ച സുഹൃത്തിനെ വിളിച്ചു കുറ്റസമ്മതം നടത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ആദ്യം വിശ്വസിച്ചില്ലെങ്കിലും സച്ചിന്‍ ആവര്‍ത്തിച്ചു പറഞ്ഞതോടെ സുഹൃത്ത് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധിക്കുമ്പോഴും കട്ടിലില്‍ കമ്പിളിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
വിദിഷയിലെ സിരോഞ്ച് സ്വദേശിയായ സച്ചിന് ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമുണ്ട്. 9മാസങ്ങള്‍ക്കു മുന്‍പാണ് ഇരുവരും ഗായത്രിനഗറിലേക്ക് താമസം മാറ്റിയത്. സച്ചിനെ അറസ്റ്റ് ചെയ്ത പൊലീസ് കൊലക്കുറ്റം ചുമത്തി.




