Health

എന്തുകൊണ്ടാണ് കാപ്പി കുടിക്കുമ്പോൾ ചിലർക്ക് ഉറക്കം വരുന്നത്? ശാസ്ത്രം പറയുന്നത് ഇതാണ്

മിക്ക ആളുകൾക്കും ഉന്മേഷം ലഭിക്കാനുള്ള പ്രധാന പാനീയമാണ് കാപ്പി. രാവിലെ ഒരു കപ്പ് കാപ്പി കുടിക്കുന്നത് ക്ഷീണം മാറ്റാനും അന്നത്തെ ദിവസം ഊർജ്ജസ്വലമായി തുടങ്ങാനുമുള്ള എളുപ്പവഴിയായി പലരും കരുതുന്നു. എന്നാൽ എല്ലാവരിലും ഇത് ഒരേ ഫലമല്ല ഉണ്ടാക്കുന്നത്. ചിലർക്ക് കാപ്പി കുടിച്ചാൽ ഉന്മേഷത്തിന് പകരം വിചിത്രമായ രീതിയിൽ ഉറക്കമാണ് അനുഭവപ്പെടാറുള്ളത്.

ഇത് വിരോധാഭാസമായി തോന്നാമെങ്കിലും, കഫീൻ ഉന്മേഷത്തിന് പകരം ഉറക്കത്തിലേക്ക് നയിക്കുന്നതിന് പിന്നിൽ വ്യക്തമായ ശാസ്ത്രീയ കാരണങ്ങളുണ്ടെന്ന് ഗവേഷകർ പറയുന്നു.

അഡിനോസിൻ റിബൗണ്ട് ഇഫക്റ്റ്

കാപ്പി കുടിക്കുമ്പോൾ ഉറക്കം വരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ കഫീൻ തലച്ചോറിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കണം. ഇതിൽ പ്രധാന പങ്ക് വഹിക്കുന്നത് ‘അഡിനോസിൻ’ എന്ന രാസവസ്തുവാണ്.

പകൽ മുഴുവൻ നമ്മുടെ തലച്ചോറിൽ അഡിനോസിൻ ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് തലച്ചോറിൽ ‘ഉറക്ക സമ്മർദ്ദം’ (Sleep pressure) സൃഷ്ടിക്കുന്നു. അഡിനോസിന്റെ അളവ് കൂടുന്തോറും തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാവുകയും ശരീരം ക്ഷീണിക്കുകയും ചെയ്യുന്നു. കഫീന്റെ തന്മാത്രാ ഘടന അഡിനോസിന്റേതിന് സമാനമാണ്. അതിനാൽ കാപ്പി കുടിക്കുമ്പോൾ, കഫീൻ തലച്ചോറിലെ അഡിനോസിൻ റിസെപ്റ്ററുകളെ തടയുന്നു. ഇത് താൽക്കാലികമായി ഉറക്കത്തിന്റെ സന്ദേശങ്ങൾ തലച്ചോറിലെത്തുന്നത് തടയുകയും നമുക്ക് ഉന്മേഷം തോന്നിക്കുകയും ചെയ്യുന്നു.

എന്നാൽ ഈ ഫലം താൽക്കാലികമാണ്. ഏകദേശം 4 മുതൽ 6 മണിക്കൂർ വരെയാണ് കഫീൻ ശരീരത്തിൽ സജീവമായിരിക്കുന്നത്. ഈ സമയമത്രയും തലച്ചോറിൽ അഡിനോസിൻ ഉൽപ്പാദനം തുടരുന്നുണ്ടാകും. കഫീന്റെ വീര്യം കുറയുമ്പോൾ, അതുവരെ കെട്ടിക്കിടന്ന അഡിനോസിൻ ഒന്നിച്ച് റിസെപ്റ്ററുകളിലേക്ക് ഇരച്ചെത്തുന്നു. ഇതിനെയാണ് ‘കഫീൻ ക്രാഷ്’ എന്ന് വിളിക്കുന്നത്. ഈ ഘട്ടത്തിൽ കാപ്പി കുടിക്കുന്നതിന് മുൻപുള്ളതിനേക്കാൾ വലിയ ക്ഷീണം ഒരാൾക്ക് അനുഭവപ്പെടാം.

കഫീൻ ടോളറൻസും കാപ്പി ശീലവും

കാപ്പി സ്ഥിരമായി കുടിക്കുന്നവരിലും ഉന്മേഷം കുറയാൻ സാധ്യതയുണ്ട്. കഫീൻ നിരന്തരമായി അഡിനോസിൻ റിസെപ്റ്ററുകളെ തടയുമ്പോൾ, അതിനെ പ്രതിരോധിക്കാൻ തലച്ചോർ കൂടുതൽ റിസെപ്റ്ററുകൾ നിർമ്മിക്കുന്നു. കാലക്രമേണ, മുൻപ് കിട്ടിയിരുന്ന അത്രയും ഉന്മേഷം ലഭിക്കാൻ കൂടുതൽ കാപ്പി കുടിക്കേണ്ടി വരുന്നു. കാപ്പിയുടെ അളവ് കുറയുമ്പോൾ, അധികമായി ഉണ്ടായ റിസെപ്റ്ററുകൾ വഴി ഉറക്കത്തിന്റെ സന്ദേശങ്ങൾ കൂടുതൽ ശക്തമായി തലച്ചോറിലെത്തുന്നു, ഇത് വേഗത്തിൽ ക്ഷീണമുണ്ടാക്കുന്നു.

ജനിതക കാരണങ്ങൾ

എല്ലാവരുടെയും ശരീരം കഫീനെ ഒരേ പോലെയല്ല സ്വീകരിക്കുന്നത്. CYP1A2 എന്ന ജീൻ കഫീന്റെ ദഹനത്തെ സ്വാധീനിക്കുന്നു. ചിലരിൽ കഫീൻ വളരെ വേഗത്തിൽ ദഹിച്ചു തീരുന്നു. ഇത്തരക്കാർക്ക് കാപ്പി കുടിച്ചു കഴിഞ്ഞ് വളരെ കുറഞ്ഞ സമയമേ ഉന്മേഷം നിലനിൽക്കൂ. ഉടൻ തന്നെ ഇവർക്ക് ക്ഷീണം അനുഭവപ്പെടാം.

മറ്റ് കാരണങ്ങൾ

  • പഞ്ചസാര: കാപ്പിയിൽ ചേർക്കുന്ന പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുകയും പിന്നീട് കുറയ്ക്കുകയും ചെയ്യുന്നു (Sugar crash). ഇത് ക്ഷീണത്തിന് കാരണമാകും.
  • നിർജ്ജലീകരണം : കാപ്പിക്ക് നേരിയ രീതിയിൽ മൂത്രവിസർജ്ജനം കൂട്ടാനുള്ള കഴിവുണ്ട്. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ നിർജ്ജലീകരണം സംഭവിക്കുകയും അത് ക്ഷീണമുണ്ടാക്കുകയും ചെയ്യാം.
  • ഉറക്കമില്ലായ്മ: തലേദിവസം ശരിക്ക് ഉറങ്ങിയില്ലെങ്കിൽ, കഫീന് ക്ഷീണത്തെ താൽക്കാലികമായി മറച്ചുപിടിക്കാനേ കഴിയൂ.

ചുരുക്കത്തിൽ, കാപ്പി കുടിക്കുമ്പോൾ നിങ്ങൾക്ക് ഉറക്കം വരുന്നുണ്ടെങ്കിൽ അതിനർത്ഥം നിങ്ങളുടെ ശരീരത്തിൽ എന്തോ കുഴപ്പമുണ്ടെന്നല്ല. അത് നിങ്ങളുടെ തലച്ചോറിലെ രാസപ്രവർത്തനങ്ങളോ, ജനിതക ഘടനയോ അല്ലെങ്കിൽ നിങ്ങളുടെ ഉറക്ക ശീലങ്ങളോ കാരണമാകാം.

Leave a Reply

Your email address will not be published. Required fields are marked *