Crime

ജയിക്കാനാകുന്നില്ല ; എതിരാളിയുടെ ചെസ് ​ബോര്‍ഡില്‍ മാരകമായ മെര്‍ക്കുറി വിതറി ചാംപ്യന്‍ കളിക്കാരി

ടൂര്‍ണമെന്റിനിടയില്‍ ചെസ് ബോര്‍ഡില്‍ മാരകമായ മെര്‍ക്കുറി വിതറി എതിരാളിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ചെസ് ചാംപ്യന്‍ പിടിക്കപ്പെട്ടു. ചെസ്സ് ബോര്‍ഡില്‍ രാസവസ്തു വിതറിയതിന് പിടിയിലായിരിക്കുന്നത് 40 കാരിയായ റഷ്യന്‍ ചെസ് പ്രോ അമിന അബകരോവയാണ്. ഉമൈഗാനത്ത് ഒസ്മാനോവ എന്ന കളിക്കാരിയെ ലക്ഷ്യമിട്ടായിരുന്നു നീക്കം.

സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. എന്നാൽ തങ്ങൾക്കിടയിൽ ശത്രുതയ്ക്ക് കാരണം ഒരു ടൂർണമെന്റിൽ വിജയിച്ചതിനു ശേഷം ഒസ്മാനോവ തന്നെയും കുടുംബത്തെയും ചീത്ത പറഞ്ഞതാണന്ന് അബകരോവ പറഞ്ഞു. ദൃശ്യമനുസരിച്ച്, 20 മിനിറ്റിനുശേഷം എത്തേണ്ട എതിരാളിയുടെ മേശയ്ക്കരികിലേക്ക് അബകരോവ എത്തുന്നത് കാണാം..

തന്നെ ആരെങ്കിലൂം ശ്രദ്ധിക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ച ശേഷം അവള്‍ ഒരു ചെസ്സ് ബോര്‍ഡ് വച്ചിരിക്കുന്ന ഡെസ്‌ക്കിനടുത്തേക്ക് വരികയും ഒരു കാരിയര്‍ ബാഗ് അതിനടിയില്‍ വയ്ക്കുകയും ചെയ്യുന്നു. തുടര്‍ന്ന് തൊട്ടടുത്ത ഡസ്കിലുള്ള ബോര്‍ഡില്‍ മെര്‍ക്കുറി ആണെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്ന ഇരുണ്ട ചാരനിറത്തിലുള്ള പൊടി ബ്രഷ് ചെയ്യുന്നതായി കാണുന്നു.

ഗെയിമിന്റെ ബോര്‍ഡില്‍ തന്റെ കയ്യിലുള്ള വസ്തു വിതറിയ ശേഷം ചെസ്സ് കരുക്കളിലൊന്നിലും രാസവസ്തു തേച്ചു പിടിപ്പിക്കുന്നു. സെക്യൂരിറ്റി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഗെയിമിന് മുമ്പത്തേതാണ്. തെക്കന്‍ റഷ്യയില്‍ നടക്കുന്ന ഡാഗെസ്താന്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നുള്ളതായിരുന്നു ദൃശ്യം. ടൂര്‍ണമെന്റില്‍ അബകരോവയുടെ ദീര്‍ഘകാല ശത്രുവാണ് 30 കാരി ഉമൈഗാനത്ത് ഒസ്മാനോവ.

ടൂര്‍ണമെന്റിന്റെ ഭാരവാഹികള്‍ സംഭവം പോലീസില്‍ അറിയിക്കുകയും, തൊട്ടുപിന്നാലെ സിസിടിവി പരിശോധിക്കുകയും ചെയ്തു. ഒസ്മാനോവയെ ദ്രോഹിക്കാനുള്ള ഉദ്ദേശത്തില്‍ ബോര്‍ഡിന് സമീപം മെര്‍ക്കുറി ഒഴിച്ചതായി 40 കാരിയായ അബകരോവ സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്. അടുത്തിടെ ഒരു പ്രാദേശിക മത്സരത്തില്‍ തന്നെ തോല്‍പ്പിച്ച ഒസ്മാനോവയോടുള്ള ”വ്യക്തിപരമായ ശത്രുത” ആണ് കാരണമെന്നാണ് അബകരോവ പറഞ്ഞത്. അബകരോവ പോലീസ് പിടിയിലാണ്. കുറ്റം തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കും