മെല്‍ബണ്‍: ബിഗ് ബാഷ് ലീഗ് ക്രിക്കറ്റില്‍ പാകിസ്‌താന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീഡിയുടെ അരങ്ങേറ്റം പിഴച്ചു. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ശരിക്ക് തല്ലു കൊണ്ട ഷഹീന്‍ അമ്പയര്‍മാരുടെ വിലക്കും നേരിട്ടു.
സൈമണ്ട്‌സ് സ്‌റ്റേഡിയത്തില്‍ ഷഹീന്റെ ടീമായ ബ്രിസ്‌ബെയ്‌ന്‍ ഹീറ്റ് മെല്‍ബണ്‍ റെനഗേഡ്‌സിനോട് 14 റണ്ണിനു തോറ്റു. മത്സരത്തില്‍ ടോസ് നേടിയ ബ്രിസ്‌ബെയ്‌ന്‍ ഹീറ്റ് മെല്‍ബണ്‍ റെനഗേഡ്‌സിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. രണ്ടാം ഓവറിലാണ് ഷഹീന്‍ ആദ്യമായി പന്തെറിയാനെത്തിയത്. ഓവറില്‍ രണ്ടു ഫോറടക്കം ഒന്‍പത് റണ്ണാണ് ഷഹീന്‍ വഴങ്ങിയത്. പിന്നീട് 13-ാം ഓവറിലാണ് ഷഹീന്‍ പന്തെറിഞ്ഞത്. ആ ഓവറില്‍ ഒരു സിക്‌സറും രണ്ടു ഫോറുമടക്കം 19 റണ്‍ വഴങ്ങി. 18-ാം ഓവറില്‍ വീണ്ടും ഷഹീനെ പന്തേല്‍പ്പിച്ചു. ഓവറിലെ ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ വഴങ്ങി. മൂന്ന്, നാല്, അഞ്ച് പന്തുകളില്‍ തുടര്‍ച്ചയായി നോ ബോളുകളുമെറിഞ്ഞു. അതില്‍ രണ്ടു പന്തുകള്‍ ബാറ്ററുടെ അരയ്‌ക്കു മുകളിലൂടെ പോയ ഫുള്‍ടോസായതോടെ താരത്തെ ഫീല്‍ഡ് അമ്പയര്‍ വിലക്കി.
അപകടകമായ രീതിയില്‍ രണ്ടു ബീമര്‍ എറിഞ്ഞതിനാലാണ് വിലക്കിയത്. തുടര്‍ന്ന് നായകന്‍ നഥാന്‍ മക്‌സ്വീനിയാണ് ഓവര്‍ പൂര്‍ത്തിയാക്കിയത്. അങ്ങനെ ബിഗ് ബാഷ് ലീഗിലെ അരങ്ങേറ്റ മത്സരം 2.4 ഓവറില്‍ 43 റണ്‍ എന്ന നിലയില്‍ അവസാനിച്ചു. ഷഹീന് വിക്കറ്റൊന്നും നേടാനുമായില്ല. രണ്ടു വൈഡുകളും മൂന്നു നോബോളുകളുമടക്കം അഞ്ച് എക്‌സ്ട്രാസും എറിഞ്ഞു. ഷഹീന്റെ സഹതാരം മുഹമ്മദ് റിസ്‌വാനും മത്സരത്തില്‍ മെല്‍ബണ്‍ റെനഗേഡ്‌സിനായി അരങ്ങേറ്റം കുറിച്ചിരുന്നു. മൂന്നാമനായി ഇറങ്ങിയ റിസ്‌വാന്‍, 10 പന്തില്‍ നാല് റണ്ണെടുത്തു പുറത്തായി.
മെല്‍ബണിനായി ടീം സീഫര്‍ട്ട് 56 പന്തില്‍ ആറ് സിക്‌സറും ഒന്‍പത് ഫോറുമടക്കം 102 റണ്ണുമായി തിളങ്ങി. ഒലിവര്‍ പീകെ 29 പന്തില്‍ മൂന്ന് സിക്‌സറും ആറ് ഫോറുമടക്കം 57 റണ്ണുമായി തിളങ്ങിയതോടെ മെല്‍ബണ്‍ അഞ്ച് വിക്കറ്റിന് 212 എന്ന നിലയിലെത്തി. മറുപടി ബാറ്റ് ചെയ്‌ത ബ്രിസ്‌ബന് എട്ട് വിക്കറ്റിന് 198 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. മൂന്ന് പന്തുകള്‍ നേരിട്ട ഷഹീന്‍ പൂജ്യത്തിനു മടങ്ങി. 22 പന്തില്‍ മൂന്ന് സിക്‌സറും നാല് ഫോറുമടക്കം 50 റണ്ണെടുത്ത ജിമ്മി പിയേഴ്‌സണ്‍, 32 പന്തില്‍ അഞ്ച് സിക്‌സറും മൂന്ന് ഫോറുമടക്കം 55 റണ്ണെടുത്ത കോളിന്‍ മുണ്‍റോ എന്നിവര്‍ മാത്രമാണു ചെറുത്തത്.




