Movie News

മലയാള സിനിമയുടെ ഔന്നത്യം ; വമ്പന്മാര്‍ക്ക് വേണ്ടി മുംബൈയില്‍ ‘ഉള്ളൊഴുക്കി’ന്റെ പ്രത്യേക പ്രദര്‍ശനം

കുറച്ചുനാളുകളായി ഇന്ത്യന്‍ സിനിമാവേദിയിലെ പ്രധാന സംസാരവിഷയം വ്യത്യസ്തമായ കഥകളും പരീക്ഷണങ്ങളുമുള്ള മലയാള സിനിമകളാണ്. മലയാള സിനിമയുടെ ഔന്നത്യം മനസ്സിലാക്കുവാന്‍ അടുത്തിടെ മുംബൈയില്‍ ഒരു സ്‌പെഷ്യല്‍ സ്‌ക്രീനിംഗ് നടന്നു. മലയാളത്തില്‍ വിപണിവിജയവും നിരൂപക പ്രശംസയും ഒരുപോലെ നേടിയ ‘ഉള്ളൊഴുക്ക്’ സിനിമയുടെ പ്രദര്‍ശനം പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ ആര്‍എസ്‌വിപിയാണ് നടത്തിയത്. മികച്ച അവതരണത്തിനും അഭിനേതാക്കളുടെ മികച്ച പ്രകടനത്തിനും ഈ ചിത്രം കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി.

ബോളിവുഡ് സെലിബ്രിറ്റികളുടെയും ഇന്‍ഡസ്ട്രിയിലെ പ്രമുഖരെയും കൊണ്ട് താരനിബിഡമായ ജനക്കൂട്ടത്തിന് മുന്നിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. അതിഥികളില്‍ സംവിധായകരായ കബീര്‍ ഖാന്‍, ശകുന്‍ ബത്ര, അഭിഷേക് കപൂര്‍ എന്നീ പ്രമുഖരും അഭിഷേകിന്റെ ഭാര്യ പ്രഗ്യയും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി പാര്‍വതി തിരുവോത്തും ഉണ്ടായിരുന്നു. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘ഉള്ളൊഴുക്ക്’ മലയാള സിനിമയിലെ വന്‍ വിജയമായ ഒരു മിസ്റ്ററി ത്രില്ലറാണ്.

2024 ജൂണ്‍ 21 ന് റിലീസ് ചെയ്ത ഈ ചിത്രം പ്രേക്ഷക പ്രശംസ നേടുകമാത്രമല്ല, ഉര്‍വ്വശിയുടെയും പാര്‍വതി തിരുവോത്തിന്റെയും ശ്രദ്ധേയമായ മികച്ച പ്രകടനത്തിനും നിരൂപക പ്രശംസ നേടി. കേരളത്തിലെ ഒരു വെള്ളപ്പൊക്ക പ്രദേശത്താണ് ‘ഉള്ളൊഴുക്ക്’ വികസിക്കുന്നത്. അവിടെ പ്രിയപ്പെട്ട ഒരാളെ സംസ്‌കരിക്കാനുള്ള ഒരു കുടുംബത്തിന്റെ ശ്രമം പ്രകൃതിദുരന്തത്താല്‍ തടസ്സപ്പെട്ടു. ഈ കാലതാമസം നിരവധി സംഭവങ്ങള്‍ക്ക് കാരണമാകുന്നു, ദീര്‍ഘകാലം ഒളിച്ചുവച്ച രഹസ്യങ്ങള്‍ കണ്ടെത്തുകയും കുടുംബത്തിന്റെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നു. റോണി സ്‌ക്രൂവാലയുടെ നേതൃത്വത്തില്‍ ആര്‍എസ് വി പിയാണ് സിനിമ നിര്‍മ്മിച്ചത്.

മലയാള സിനിമയുടെ ആഴവും കലാസൗന്ദര്യത്തെയും അഭിനന്ദിക്കുന്നതിന് വ്യവസായ രംഗത്തെ മുന്‍നിര താരങ്ങള്‍ക്കും ബോളിവുഡ് സെലിബ്രിറ്റികള്‍ക്കും മുംബൈയിലെ പ്രത്യേക സ്‌ക്രീനിംഗ് വേദിയൊരുക്കി. ശ്രദ്ധേയമായ ആഖ്യാനവും മികച്ച പ്രകടനങ്ങളും കൊണ്ട്, ഇന്ത്യന്‍ പ്രാദേശിക സിനിമയുടെ വൈദഗ്ധ്യത്തിന്റെ തെളിവായി ‘ഉള്ളൊഴുക്ക്’ വേറിട്ടുനില്‍ക്കുന്നു, പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ ആകര്‍ഷിച്ചുകൊണ്ട്.