മയക്കുമരുന്നിന്റെ ഉപയോഗവും വിപണനവും കുറ്റവാളികളെ പിടികൂടുന്നതും കേരളത്തില്‍ ഇന്നൊരു വാര്‍ത്തയേയല്ല. പിടികൂടുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. നമ്മുടെ നാട്ടില്‍ അറസ്റ്റിലാകുന്നവരിൽ ഭൂരിഭാഗവും യുവാക്കളോ മധ്യവയസ്കരോ ആണ്. എന്നാല്‍ ഇംഗ്ലണ്ടില്‍ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയത് 65 കാരിയായ വയോധികയെയാണ്.
‘ക്വീൻ ബീ’ അല്ലെങ്കില്‍ “ഗ്യാങ്സ്റ്റർ മുത്തശ്ശി” എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഇവർ തന്റെ കുടുംബാംഗങ്ങളെ ഉപയോഗിച്ച് ഏകദേശം 924 കോടി രൂപ വിലമതിക്കുന്ന ഒരു വലിയ മയക്കുമരുന്ന് ശൃംഖല കെട്ടിപ്പടുത്തു. ഇംഗ്ലണ്ടിൽ ഇതുവരെ പിടികൂടിയതിൽ വെച്ച് ഏറ്റവും വലിയ ലഹരിമരുന്ന് ശൃംഖലകളിലൊന്നാണിത്.
ഇംഗ്ലണ്ടിലുടനീളം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു കുടുംബത്തിലെ പ്രമുഖ അംഗമാണ് ഇവർ. ഡെബോറ മേസൺ ഉൾപ്പെടെ എട്ട് കുടുംബാംഗങ്ങളാണ് ഈ കേസിൽ പിടിയിലായിരിക്കുന്നത്. ലണ്ടനിൽ നിന്ന് ബ്രാഡ്ഫോർഡ്, ലെസ്റ്റർ, ബിർമിംഗ്ഹാം, ബ്രിസ്റ്റോൾ, കാർഡിഫ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് മയക്കുമരുന്ന് കടത്താൻ ഇവർ കൊറിയർമാർക്ക് പ്രതിദിനം 1,000 പൗണ്ട് വരെ നൽകിയിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
2023 ഏപ്രിലിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഡെബോറ മേസണെ നിരീക്ഷിക്കാൻ ആരംഭിച്ചത്. ഒരു പ്രായമായ സ്ത്രീ ഏതാനും പെട്ടികളുമായി കാറിൽ കയറി പോകുന്നതും പിന്നീട് അത് മറ്റൊരാൾക്ക് കൈമാറുന്നതുമാണ് പൊലീസ് കണ്ടത്. പിന്നീടുള്ള അന്വേഷണമാണ് ഒരു കുടുംബത്തെതന്നെ കുടുക്കിയത്. മാത്രമല്ല അത്യാഡംബര ജീവിതശൈലിയാണ് അവര്‍ നയിച്ചിരുന്നത്.
ആർക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു ഇവരുടെ നീക്കങ്ങള്‍. കേസിന്റെ വിചാരണയ്ക്ക് ശേഷം, ഡെബോറ മേസണ്‍ 20 വർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഇവരുടെ കുടുംബത്തിലെ മേസന്റെ സഹോദരി, മൂന്ന് പെൺമക്കൾ, മകൻ എന്നിവരുൾപ്പെടെയുള്ള കൂട്ടാളികൾക്ക് 10 മുതൽ 15 വർഷം വരെ തടവ് ശിക്ഷയും ലഭിച്ചു.




