Oddly News

ഇത്‌ നായ വളര്‍ത്തിയ പെണ്‍കുട്ടി; പച്ചമാംസം കഴിക്കും, ശരീരം വൃത്തിയാക്കിയിരുന്നത്‌ നക്കിത്തുടച്ച്

വനത്തില്‍ മൃഗങ്ങളോടൊപ്പം വളര്‍ന്ന ടാര്‍സന്റെയും മൗഗ്‌ളിയുടെയും കഥ കേട്ടിട്ടില്ലേ? ഇത് ഓക്‌സാന മലയ(40). അവള്‍ കുരയ്‌ക്കും, മുരളും, നാലുകാലില്‍ നടക്കും… ഇതു മനോരോഗമൊന്നുമല്ല, മറിച്ച് അവരെ വളര്‍ത്തിയത്‌ നായകളാണ്‌ എന്നതുകൊണ്ടാണ്. നായകളെ വിട്ടു സാധാരണ ജീവിതത്തിലേക്കു മടങ്ങിയെങ്കിലും അവള്‍ക്ക് ശീലങ്ങള്‍ മാറിയിട്ടില്ല. അവര്‍ വളര്‍ന്നത്‌ കാട്ടിലാണ്‌. എന്നാല്‍, മലയയ്‌ക്ക്‌ കാടുജീവിതമൊന്നും ഉണ്ടായിരുന്നില്ല. ന്യൂയോര്‍ക്ക്‌ പോസ്‌റ്റാണു മലയയുടെ കഥ പുറത്തുവിട്ടത്‌.

അവരുടെ മാതാപിതാക്കള്‍ മദ്യപാനികളായിരുന്നു. “അമ്മയ്‌ക്ക്‌ ധാരാളം കുട്ടികളുണ്ടായിരുന്നു. ഞങ്ങള്‍ക്ക്‌ വേണ്ടത്ര കിടക്കകള്‍ ഉണ്ടായിരുന്നില്ല. അങ്ങനെ ഞാന്‍ നായയുടെ അടുത്തേക്ക്‌ പോയി. അവരേടൃാടൊപ്പം താമസിക്കാന്‍ തുടങ്ങി. “- നായയ്‌ക്കൊപ്പം ജീവിക്കാന്‍ തുടങ്ങിയതിനെക്കുറിച്ച്‌ അവര്‍ പറഞ്ഞു.

മൂന്നു വയസുള്ളപ്പോഴാണു നായയുടെ കൂട്ടില്‍ താമസം തുടങ്ങിയത്‌. കൊടുംതണുപ്പില്‍ നായ ചൂടുനല്‍കി. മൂന്നു മുതല്‍ ഒന്‍പത്‌ വയസുവരെ നായകള്‍ക്കും പൂച്ചകള്‍ക്കുമൊപ്പമായിരുന്നു ജീവിതം. തന്റെ നായയും മറ്റ്‌ അയല്‍പക്കത്തുള്ള തെരുവുനായകളും തന്നെ സ്വന്തം പോലെയാണു കണ്ടതെന്ന്‌ മലയ പറഞ്ഞു. എന്നാല്‍ രക്ഷപ്പെടുത്തിയപ്പോഴേക്കും അവരുടെ ശരീരഭാഷ മൃഗങ്ങളുടേതുപോലെയായിരുന്നു. മനുഷ്യഭാഷ പോലും മറന്നു.

“ഞാന്‍ അവളോട്‌ സംസാരിക്കും, അവള്‍ കുരയ്‌ക്കും. അതായിരുന്നു ഞങ്ങളുടെ ആശയവിനിമയ രീതി” – മലയയ്‌ക്ക്‌ അഭയം നല്‍കിയ സ്‌പെഷല്‍ കെയര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ ഡയറക്‌ടര്‍ അന്ന ചാലയ പറഞ്ഞു. ചവറ്റുകുട്ടകളില്‍നിന്നു ഭക്ഷണം തേടുന്ന ഒന്‍പതുവയസുകാരിയെക്കുറിച്ച്‌ അറിഞ്ഞാണ്‌ അന്ന ചാലയ ഇടപെട്ടത്‌. “നക്കിയാണ്‌ അവള്‍ ശരീരം വൃത്തിയാക്കിയിരുന്നത്‌. പച്ചമാംസം കഴിച്ചു, ഭക്ഷണത്തിനായി ചവറ്റുകുട്ടകളില്‍ തെരഞ്ഞു. വെള്ളം കാണുമ്പോള്‍ അവള്‍ നാവ്‌ കാണിക്കുമായിരുന്നു, അവള്‍ കൈകള്‍കൊണ്ടല്ല ഭക്ഷണം കഴിച്ചിരുന്നത്‌. കൈ ഉപയോഗിക്കാതെ നാവ്‌ കൊണ്ടാണ്‌ കഴിച്ചിരുന്നത്‌”- ചാലയ പറഞ്ഞു.

അവളെ രക്ഷപ്പെടുത്താനുള്ള ആദ്യശ്രമങ്ങള്‍ നായകള്‍ പരാജയപ്പെടുത്തി. ഉദ്യോഗസ്‌ഥരുടെ സഹായത്തോടെ നായകളെ നീക്കിയാണു മലയയെ രക്ഷപ്പെടുത്തിയത്‌. പിന്നീട്‌ നടക്കാനും സംസാരിക്കാനും പഠിപ്പിച്ചു. എങ്കിലും മലയയ്‌ക്ക്‌ ആറു വയസുകാരിയുടെ മാനസിക വളര്‍ച്ചയേ ഉള്ളൂവെന്നു ചൈല്‍ഡ്‌ സൈക്കോളജിസ്‌റ്റ്‌ ലിന്‍ ഫ്രൈ പറഞ്ഞു. സാധാരണ ജീവിതം മലയയ്‌ക്ക്‌ അന്യമാണെന്നാണു മനശാസ്‌ത്രജ്‌ഞര്‍ പറയുന്നത്‌.