Sports

നാടകീയം: വിവാദ ഗോൾ പിൻവലിച്ചു, കാണികളില്ലാതെ 3 മിനിറ്റ് കളി; ഒടുവിൽ അർജന്റീന തോറ്റു

ഒളിമ്പിക്‌സിലെ ഉദ്ഘാടന മത്സരമായ അര്‍ജന്റീനയും മൊറാക്കോയും തമ്മിലുള്ള മത്സരത്തില്‍ നാടകീയമായ രംഗങ്ങളും അപ്രതീക്ഷിത ട്വിസ്റ്റും. ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി സമനിലയിൽ കലാശിച്ചെന്ന് കരുതിയ മത്സരം, സമനില ഗോൾ ഓഫ് സൈഡാണെന്ന് ഒരു മണിക്കൂറിന് ശേഷം റഫറി വിധിച്ചതോടെ ലോകചാമ്പ്യന്മാര്‍ക്ക് മൊറോക്കോക്കെതിരെ തോൽവി.

ഇൻജറി ടൈമിന്റെ പതിനാറാം മിനിറ്റിൽ ക്രിസ്റ്റ്യൻ മെഡീന നേടിയ ഗോളിൽ അർജന്റീന സമനില നേടിയതായി പ്രഖ്യാപിച്ചെങ്കിലും, വാർ പരിശോധനയിൽ ഗോൾ അനുവദിച്ച തീരുമാനം റഫറി പിൻവലിക്കുകയായിരുന്നു. ഒന്നാം പകുതിയില്‍ അര്‍ജന്റീനയ്ക്ക് എതിരേ മൊറാക്കോ രണ്ടുഗോളുകളാണ് അടിച്ചത്. രണ്ടാം പകുതിയില്‍ ജിയുലിയാനോ സിമിയോണിയുടെ ഒരു ഗോളും ഇഞ്ചുറി സമയത്ത് ക്രിസ്റ്റ്യന്‍ മദീനയുടെ പ്രയത്‌നവുമാണ് അര്‍ജന്റീനയെ സമനിലയിലേക്ക് നയിച്ചത്. പിന്നീടാണ് ഗോള്‍ പിന്‍വലിക്കുന്നത്.

കളിക്കാര്‍ ഡ്രസിംഗ് റൂമിലേയ്ക്ക് മടങ്ങിയശേഷം രണ്ടു മണിക്കൂര്‍ കഴിഞ്ഞ് കാണികളെയെല്ലാം ഒഴിപ്പിച്ചു. അതിനുശേഷമാണ് ഇൻജറി ടൈമിലെ അവസാന മൂന്ന് മിനിറ്റ് കളിച്ചത്. ഈ സമയംകൊണ്ട് അര്‍ജന്റീനയ്ക് ഗോള്‍ നേടാനായില്ല. തുടര്‍ന്ന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മൊറോക്കോ വിജയിച്ചതായി പ്രഖ്യാപിച്ചു.

ഉദ്ഘാടന മത്സരത്തില്‍ അര്‍ജന്റീന താരങ്ങള്‍ക്ക് എതിരേ കുപ്പിയേറും പടക്കമേറും ഉള്‍പ്പെടെയുള്ള ഗുരുതരമായ കാര്യങ്ങളും അരങ്ങേറി. ഈ മാസം ആദ്യം കോപ്പ അമേരിക്കയില്‍ ഫ്രഞ്ച് കളിക്കാരെ ലക്ഷ്യമിട്ട് അര്‍ജന്റീന കളിക്കാര്‍ വംശീയാധിക്ഷേപം നടത്തിയതിന് പിന്നാലെയാണ് മത്സരം നടന്നത്.

മദീനയുടെ അവസാന മിനിറ്റിലെ ഗോളിന് പിന്നാലെ ചില മൊറോക്കന്‍ ആരാധകര്‍ പിച്ചിലേക്ക് അതിക്രമിച്ചു കയറുകയും അര്‍ജന്റീനയുടെ കളിക്കാര്‍ക്ക് നേരെ പടക്കം കത്തിച്ചെറിയുകയും ചെയ്തു. മത്സരത്തില്‍ മുഴുവന്‍ സമയ വിസില്‍ മുഴങ്ങും മുമ്പ് സുരക്ഷയ്ക്കായി റഫറി കളിക്കാരോട് കളത്തില്‍ നിന്നും മടങ്ങിക്കൊള്ളാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

അവസാന ഘട്ടത്തില്‍ ‘നോയ്സ് ബോംബുകള്‍’ എറിഞ്ഞതിനെത്തുടര്‍ന്ന് അര്‍ജന്റീനയുടെ കളിക്കാര്‍ പതറുന്നത് കണ്ടതായി സ്പാനിഷ് ഔട്ട്ലെറ്റ് മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തു. മത്സരം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ 2-2 എന്ന സ്‌കോറില്‍ മത്സരം ‘പൂര്‍ത്തിയായതായി ഔദ്യോഗികമായി പട്ടികപ്പെടുത്തിയിരുന്നു.