
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഹോളി വാരത്തിലേക്കുള്ള ഫ്‌ലൈറ്റ് ബുക്കിംഗില്‍ 70-75% വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് വളരെ വലിയൊരു കുതിച്ചുചാട്ടമാണ്. വിമാനങ്ങളില്‍ മാത്രമല്ല, ബസ് ബുക്കിംഗിലും സമാനമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഒരുകാലത്ത് നിറങ്ങളുടെ ഉത്സവമായിരുന്ന ഹോളി, ഇന്ന് പുതിയ സ്ഥലങ്ങള്‍ തേടിയുള്ള യാത്രകളുടെ കൂടി ഉത്സവമായി മാറിക്കഴിഞ്ഞു. ഇത്തവണത്തെ ഹോളിയുടെ ശ്രദ്ധാകേന്ദ്രം പ്രധാനമായും ടയര്‍ 2, ടയര്‍ 3 നഗരങ്ങളാണ്.
വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കാര്യമെടുത്താല്‍, 94% വര്‍ദ്ധനവോടെ ഉദയപ്പൂര്‍ ആണ് പട്ടികയില്‍ മുന്നില്‍. ഡെറാഡൂണ്‍, ശ്രീനഗര്‍, ഗോവ, ജയ്പൂര്‍, ഡാര്‍ജിലിംഗ് എന്നിവയാണ് തൊട്ടുപിന്നാലെയുള്ള മറ്റ് സ്ഥലങ്ങള്‍.
എല്ലാവരും ഉദയപ്പൂരിലേക്ക്
‘തടാകങ്ങളുടെ നഗരം’ എന്നും ‘കിഴക്കിന്റെ വെനീസ്’ എന്നും അറിയപ്പെടുന്ന രാജസ്ഥാനിലെ ഉദയപ്പൂര്‍ അതിമനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന ഇടമാണ്. കൊട്ടാര സമാനമായ വാസ്തുവിദ്യ, മനോഹരമായ തടാകങ്ങള്‍, പ്രാദേശിക കരകൗശല വസ്തുക്കള്‍ നിറഞ്ഞ ചന്തകള്‍ എന്നിവയാല്‍ സമ്പന്നമായ ഉദയപ്പൂര്‍ യാത്രകള്‍ക്ക് അനുയോജ്യമായ സ്ഥലമാണ്.
സിറ്റി പാലസ് – രാജസ്ഥാനിലെ ഏറ്റവും വലിയ കൊട്ടാര സമുച്ചയമാണിത്. പതിനാറാം നൂറ്റാണ്ടില്‍ മഹാറാണാ ഉദയ് സിംഗ് നിര്‍മ്മാണം ആരംഭിച്ച ഈ കൊട്ടാരം 400 വര്‍ഷമെടുത്താണ് പൂര്‍ത്തിയാക്കിയത്. പിച്ചോള തടാകത്തിന് അഭിമുഖമായി നില്‍ക്കുന്ന ഈ കൊട്ടാരം വാസ്തുവിദ്യാ വിസ്മയമാണ്.
പിച്ചോള തടാകം – ശാന്തമായ ബോട്ട് യാത്രയ്ക്ക് അനുയോജ്യമായ ഇടം. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതുപോലെ തോന്നിപ്പിക്കുന്ന ഐക്കണിക് ആയ ‘താജ് ലേക്ക് പാലസ്’, ‘ജഗ് മന്ദിര്‍ പാലസ്’ എന്നിവയുടെ ഭംഗി ഇവിടെ ആസ്വദിക്കാം.
പ്രാദേശിക വിപണികള്‍ – ഉദയപ്പൂരിലെ പ്രാദേശിക ചന്തകളില്‍ നിന്ന് വര്‍ണ്ണാഭമായ ‘ബന്ധാനി’ തുണിത്തരങ്ങളും ‘പിച്ചവായ്’ പെയിന്റിംഗുകളും മറ്റും ഷോപ്പിംഗ് ചെയ്യാവുന്നതാണ്.



