ഇന്ത്യയിലെ രണ്ടാമത്തെ എച്ച് ഐ വി രോഗബാധിതയായ വ്യക്തി ഇന്ന് ഒരുപാട് എച്ച് ഐ വി രോഗബാധിതരായ കുഞ്ഞുമക്കള്‍ക്ക് താങ്ങും തണലുമാണ്. പറഞ്ഞ് വരുന്നത് നൂറി സലിമിനെ പറ്റിയാണ്. ജനിച്ചത് നൂര്‍ മുഹമ്മദായിട്ടാണെങ്കിലും വളര്‍ന്നത് മുഴുവന്‍ തന്നിലെ സ്ത്രീത്വത്തെ അംഗീകരിച്ചുകൊണ്ടാണ്. ജനിച്ചത് തമിഴ്നാട്ടിലെ രാമനാഥപുരത്താണ്. ഇന്ന് ട്രാന്‍സ് വുമണ്‍ നൂറി തന്നെപ്പോലെ കഷ്ടത നേരിടുന്നവര്‍ക്ക് ഒരു കൈതാങ്ങാണ്. പതിമൂന്നാം വയസ്സില്‍ നൂറി നാടുവിട്ടു. മുംബൈയിലെത്തിയ അവര്‍ ഒരു നേരത്തെ ഭക്ഷണത്തിനായി ലൈംഗിക തൊഴിലാളിയായി. അതിന്റെ ഫലമായി അവര്‍ക്ക് ലഭിച്ചതാവട്ടെ എച്ച് ഐ വിയും.
മുപ്പത്തിനാലാം വയസ്സിലാണ് താന്‍ എച്ച് ഐ വി ബാധിതയാണെന്ന് അവര്‍ തിരിച്ചറിഞ്ഞത്. 1987 ല്‍ ഇന്ത്യയില്‍ ഔദ്യോഗികമായി രോഗം സ്ഥിരീകരിച്ച രണ്ടാമത്തെ വ്യക്തികൂടിയാണ് അവര്‍. രണ്ട് വര്‍ഷം മാത്രമായിരുന്നു ഡോക്ടര്‍ അവര്‍ക്ക് വിധി എഴുതിയത്. എന്നാല്‍ നൂറി 36 വര്‍ഷത്തിനിപ്പുറവും ജീവിച്ചിരിക്കുന്നു.
എച്ച് ഐ വി ബാധിച്ച് ജനിച്ച ഉപേക്ഷിക്കപ്പെട്ട 300 ലധികം കുട്ടികള്‍ക്ക് താങ്ങും തണലുമാണ് നൂറി. രോഗം കണ്ടെത്തിയതോടെ ലൈംഗിക തൊഴിലാളിയെന്ന ലേബല്‍ അവര്‍ എന്നെന്നേക്കുമായി വലിച്ചെറിഞ്ഞു. അതിന് ശേഷം അവര്‍ എഡ്സിനെ പറ്റി പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കാനായി ആരംഭിച്ചു. എഡ്‌സ് ബാധിക്കുന്നത് വലിയ കാര്യമായും അത് വന്നു കഴിഞ്ഞാല്‍ നമ്മുടെ ജീവിതം തീര്‍ന്നുവെന്നും ആളുകള്‍ തെറ്റുധരിക്കുന്നു. എന്നാല്‍ അത് സത്യമല്ല. ഇതൊരു അണുബാധയാണ്. കൃത്യമായി ആരോഗ്യം പരിപാലനം നടത്തിയാല്‍ കുറെ കാലം ജീവിക്കാമെന്നും നൂറി പറയുന്നു.
എഡ്സ് ബാധിച്ച് മരണപ്പെട്ട സുഹൃത്തുക്കളായ സെല്‍വി, ഇന്ദിര, പഴനി എന്നിവരുടെ സ്മരണയ്ക്കായി എസ് ഐ പി മെമ്മോറിയല്‍ എന്ന ട്രസ്റ്റ് നൂറി ആരംഭിച്ചു. ഒരിക്കല്‍ രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ചവറ്റുകുട്ടയില്‍ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചപ്പോള്‍ കുഞ്ഞിന് എച്ച് ഐ വി പോസീറ്റിവാണെന്ന് തെളിഞ്ഞു. അവളെ കണ്ടപ്പോള്‍ എന്റെ ജീവിതത്തിലെ ലക്ഷ്യം എനിക്ക് മനസ്സിലായി. നൂറിയും മാതാപിതാക്കളില്ലാതെ ഉപേക്ഷിക്കപ്പെട്ട കുട്ടിയായിരുന്നു. ഇന്ന് എസ് ഐ പി ട്രസ്റ്റില്‍ വളരെ സന്തോഷകരമായ ജീവിതം നയിക്കുന്ന 300 ലധികം കുട്ടികളാണുള്ളത്.