രണ്ടു സഹോദരിമാരുടെ വിവാഹം ആഘോഷപൂര്‍വം നടക്കാനിരുന്ന വീട്ടിലേയ്ക്കെത്തിയത് അവരുടെ മൂന്നു സഹോദരന്മാരുടെ മൃതദേഹങ്ങള്‍. ജയ്പൂരിലാണ് വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തിയ സന്തോഷം ദു:ഖത്തിലേക്ക് വഴിമാറിയ ഹൃദയഭേദകമായ സംഭവം നടന്നത്. വാഹനാപകടത്തിലാണ് മൂന്ന് സഹോദരങ്ങളുടെ ജീവൻ പൊലിഞ്ഞത്.
നവംബർ എട്ടിന് മൂന്ന് യുവാക്കൾ വിവാഹ ക്ഷണക്കത്ത് വിതരണം ചെയ്യാൻ പോകുമ്പോഴായിരുന്നു സംഭവം. വെള്ളിയാഴ്ച വൈകുന്നേരം, ജയ്പൂരിലെ ഹർമദ പ്രദേശത്ത്, മൂന്ന് യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് ട്രക്കനടിയിലേയ്ക്ക് വീണാണ് അപകടം. സുരേന്ദ്ര, ദിനേശ്, കനയ്യ എന്നിവർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. കനയ്യയുടെ രണ്ട് സഹോദരിമാരുടെ വിവാഹം നവംബർ 12 ന് നിശ്ചയിച്ചിരുന്നു, മൂന്ന് സഹോദരന്മാരും കൂടെ വിവാഹ കാർഡുകൾ വിതരണം ചെയ്യാൻ പോകുകയായിരുന്നു. മൂവരും കൂലിപ്പണിക്കാരായിരുന്നു.
പോലീസ് പറയുന്നതനുസരിച്ച്, മൂന്ന് യുവാക്കൾ മോട്ടോർ സൈക്കിളിൽ പോകുമ്പോൾ റോഡിലെ കരിങ്കല്ല് കാരണം മോട്ടോർ സൈക്കിൾ തെന്നി വീണ് എതിരേ വന്ന ട്രക്കിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാക്കള്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
ഈ ദാരുണമായ സംഭവം കുടുംബത്തെ മാത്രമല്ല, നാട്ടുകാരെയാകെ ഞെട്ടിച്ചു, സന്തോഷകരമായ ഒരു വിവാഹ ആഘോഷം നടക്കേണ്ടതിന്റെ തലേന്ന് സംഭവിച്ച അപകടത്തെത്തുടർന്ന്, കുടുംബം ദുഃഖത്തിൽ മുങ്ങി.