റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ വീണ്ടും എഡിറ്റ് ചെയ്യാന്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ സന്നദ്ധത പ്രകടിപ്പിക്കേണ്ടി വരുന്നത്ര തീവ്രതയായിരുന്നു മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത മുരളീഗോപി തിരക്കഥയില്‍ വന്ന ‘എല്‍2: എംപുരാന്‍’ സിനിമ നേരിടേണ്ടി വന്നത്. മാര്‍ച്ച് 27 ന് റിലീസ് ചെയ്ത സിനിമ ഗുജറാത്ത് കലാപത്തെ ചിത്രീകരിക്കുന്ന രംഗങ്ങളുടെ പേരിലാണ് വലതുപക്ഷ അനുഭാവികളില്‍ നിന്ന് വന്‍ പ്രതിഷേധം നേരിടേണ്ടി വന്നത്.
എന്നാല്‍ ഇതിന് മുമ്പ് മുരളീഗോപിയുടെ മറ്റൊരു ശക്തമായ തിരക്കഥയായിരുന്ന ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ ഇടത് പാര്‍ട്ടിയെ ശക്തമായി വിമര്‍ശിക്കുന്നതായിരുന്നെങ്കിലും അതിന് കിട്ടിയിരുന്നത് പോസിറ്റീവ് റിവ്യൂ. രാഷ്ട്രീയം സംസാരിച്ച രണ്ട് ചിത്രങ്ങളും അഭിമുഖീകരിച്ചത് വ്യത്യസ്ത വിധികളെ. എംപുരാന്റെ പേരില്‍ നടന്‍മാരായ മോഹന്‍ലാലിനേയും സംവിധായകന്‍ പൃഥ്വിരാജ് സുകുമാരനേയും ഓണ്‍ലൈന്‍ രോഷത്തിന് പിന്നാലെ ഖേദം പ്രകടിപ്പിക്കാന്‍’ പ്രേരിപ്പിച്ചപ്പോള്‍ ‘എമ്പുരാന്റെ’ പിന്നിലെ മലയാള സിനിമയിലെ ഏറ്റവും മികച്ച എഴുത്തുകാരില്‍ ഒരാളായ മുരളി ഗോപി മൗനം തിരഞ്ഞെടുത്തു.
അതേസമയം, മുരളി ഗോപി ഈ വിഷയത്തിൽ മൗനം പാലിക്കുമെന്ന് പറഞ്ഞു. “വിവാദത്തെക്കുറിച്ച് ഞാൻ പൂർണ മൗനം പാലിക്കും. അവർ അതിനെതിരെ പോരാടട്ടെ. എല്ലാവർക്കും സിനിമയെ അവരുടെ രീതിയിൽ വ്യാഖ്യാനിക്കാൻ അവകാശമുണ്ട്. അവർ അത് വ്യാഖ്യാനിക്കട്ടെ. ഞാൻ മൗനം പാലിക്കും,” അദ്ദേഹം പിടിഐയോട് പറഞ്ഞു.
2013 ലായിരുന്നു ഇടതുപക്ഷ നേതാക്കളെ വിമര്‍ശിക്കുന്ന പ്രത്യേകിച്ചും ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായിയോട് അസാമാന്യ സാമ്യം തോന്നിപ്പിക്കുന്ന ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്ന സിനിമ അദ്ദേഹം എഴുതിയത്. വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടെങ്കിലും, ആ സിനിമ അതേപടി നിലനിന്നു. മുരളി ഗോപി അന്ന് തന്റെ നിലപാടിൽ ഉറച്ചുനിന്നു. എമ്പുരാൻ വിവാദത്തിന്റെ പശ്ചാത്തലത്തിൽ, അദ്ദേഹം പറയുന്നത് “അവർ അതിനെ ചെറുക്കട്ടെ” എന്നാണ്.
ഒരു സിനിമ കള്‍ട്ട് ക്ലാസിക് പദവി നേടിയപ്പോള്‍ മറ്റൊന്ന് വീണ്ടും സെന്‍സര്‍ഷിപ്പിന് വിധേയമാകുന്നു. 2013-ല്‍ മുരളി ഗോപി എഴുതിയ ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ ഒരു ത്രില്ലര്‍ ഫോര്‍മാറ്റില്‍ കാണിക്കുന്ന ഒരു രാഷ്ട്രീയ നാടകമായിരുന്നു. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ചിത്രം റിലീസിന് ശേഷം പോസിറ്റീവ് റിവ്യൂകളും ഉണ്ടായി. എന്നിരുന്നാലും, സിനിമയുടെ കഥാപാത്രങ്ങളും രംഗങ്ങളും യഥാര്‍ത്ഥ രാഷ്ട്രീയ നേതാക്കളുമായും സംഭവങ്ങളുമായും സാമ്യമുള്ളതാണെന്ന് ആളുകള്‍ ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്ന് വന്‍ വിമര്‍ശനത്തിന് ഇടയാക്കി. പിണറായി വിജയനെയും മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെയും കുറിച്ച് നിരവധി പരോക്ഷ പരാമര്‍ശങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. കൂടാതെ റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്റെ രാഷ്ട്രീയ കൊലപാതകത്തെ കുറിച്ചും പരാമര്‍ശമുണ്ടായിരുന്നു.
റിലീസ് സമയത്ത്, ചിത്രീകരണങ്ങളെച്ചൊല്ലി കോലാഹലമുണ്ടായതിനാല്‍ പ്രാദേശികമായി ചിത്രം ചില തീയേറ്ററുകളില്‍ പ്രശ്‌നമുണ്ടാക്കി. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം കണ്ണൂരില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ചിത്രം തിയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ചു. രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് തിയറ്ററുകളില്‍ നിന്ന് നീക്കം ചെയ്‌തെന്ന് വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും പാര്‍ട്ടിയും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും ആരോപണം തള്ളിയിരുന്നു.
ആരോടും അസഹിഷ്ണുത കാണിച്ചിട്ടില്ലെന്നും സിനിമ പരാജയപ്പെട്ടതിന് പിന്നാലെ ജനക്കൂട്ടത്തെ ആകര്‍ഷിക്കാനുള്ള തന്ത്രമാണ് ഇപ്പോഴത്തെ വിവാദങ്ങളെന്നും സിപിഎമ്മിനെ മോശമായി ചിത്രീകരിച്ച നിരവധി സിനിമകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും നിരോധനത്തിന് വേണ്ടിയോ അഭിപ്രായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നുമായിരുന്നു അന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞത്.
പ്രദര്‍ശനത്തിനിടെ എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തീയറ്ററുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും അന്ന് പറഞ്ഞു. എന്നാല്‍ ചിത്രം നിരോധിക്കാനോ തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കാനോ തീരുമാനമെടുത്തിരുന്നില്ല.
റോയ് ജോസഫ് (മുരളി ഗോപി), ജയന്‍ (ഇന്ദ്രജിത്ത് സുകുമാരന്‍), കൈതേരി സഹദേവന്‍ (ഹരീഷ് പേരടി) എന്നിവരെ ചുറ്റിപ്പറ്റിയാണ് ചിത്രം – 1960-70-കള്‍, 1980-90-കള്‍, 2010-12 എന്നീ മൂന്ന് കാലഘട്ടങ്ങളില്‍ നടക്കുന്നു. റോയിയും സുഹൃത്തുക്കളും അഴിമതിക്കാരനായ സഹദേവനെ തുറന്നുകാട്ടുന്നു. സുഹൃത്തുക്കള്‍ കൊല്ലപ്പെടുന്നു, പിന്നീട് റോയ് അസുഖം മൂലം മരിക്കുമ്പോള്‍, അവരുടെ മരണത്തിന്റെയും സഹദേവന്റെ ഭൂതകാലത്തിന്റെയും പിന്നിലെ ദുരൂഹത കണ്ടെത്തുന്നതിന് ജയന്‍ ഇറങ്ങിത്തിരിക്കുന്നതാണ് സിനിമ.
‘എംപുരാൻ’ വിഷയത്തില്‍ പ്രേക്ഷകരും രണ്ടു വിഭാഗമായി. എന്നിരുന്നാലും, ഏറ്റവും ശ്രദ്ധേയമായ കാര്യം രണ്ട് വ്യത്യസ്ത കാലങ്ങളിലായി പറയപ്പെട്ട രണ്ട് വിവാദ സിനിമകളോടുള്ള പ്രതികരണങ്ങളിലെ വ്യത്യാസമാണ്. പറയാൻ പോകുന്ന കഥ അതായിരിക്കാം.