നെയ്റോബി: വന്യജീവി സംരക്ഷണ നിയമങ്ങള്‍ ലംഘിച്ചതിന് കെനിയയില്‍ 5,000 ഉറുമ്പുകളുമായി കണ്ടെത്തിയ രണ്ട് ബെല്‍ജിയന്‍ കൗമാരക്കാര്‍ക്ക് 7,700 ഡോളര്‍ (ഏകദേശം 657967 രൂപ) പിഴയും 12 മാസം തടവും. യൂറോപ്പിലെയും ഏഷ്യയിലെയും വിപണികള്‍ ലക്ഷ്യമിട്ട് പ്രശസ്തമല്ലാത്ത ഇനത്തില്‍പെട്ട വന്യജീവികളെ കടത്താന്‍ ശ്രമിച്ചെന്നാണ് ഇവര്‍ക്കെതിരേയുള്ള കുറ്റം.
ബെല്‍ജിയന്‍ പൗരന്മാരായ ലോര്‍നോയ് ഡേവിഡ്, 19 വയസ്സുള്ള സെപ്പെ ലോഡെവിജ്ക്‌സ് എന്നിവരെ 5,000 ഉറുമ്പുകളുമായി ഏപ്രില്‍ 5 ന് വിവിധ ദേശീയ പാര്‍ക്കുകള്‍ ഉള്ള നകു രു കൗണ്ടിയിലെ ഒരു ഗസ്റ്റ് ഹൗസില്‍ വെച്ച് അറസ്റ്റ് ചെയ്തു. ഏപ്രില്‍ 15നാണ് ഇവര്‍ ക്കെ തിരെ കേസെടുത്തത്. തങ്ങള്‍ നിരപരാധികളാണെന്നും പ്രത്യേകതരം ഉറുമ്പുകളെ ശേഖരിക്കുന്നത് ഹോബിയാണെന്നും പറഞ്ഞു. എന്നാല്‍ കൗമാരക്കാര്‍ യൂറോപ്പിലെയും ഏഷ്യയിലെയും വിപണികളിലേക്ക് ഉറുമ്പുകളെ കടത്തുകയായിരു ന്നെന്നാണ് കോടതി പറഞ്ഞത്.
എന്നാല്‍ ഇവര്‍ കൈവശം വെച്ചിരുന്ന ഉറുമ്പുകള്‍ പ്രത്യേകതരം ഇനത്തില്‍ പെടുന്നവയും വന്‍ വിലയുള്ളതാണെന്നും അത്തരത്തില്‍ ആയിരക്കണക്കിന് ഉറുമ്പുണ്ടെന്നും കെനിയയിലെ പ്രധാന വിമാനത്താവളത്തിലെ കോടതിയില്‍ ഇരിക്കുന്ന മജിസ്ട്രേറ്റ് ഞെരി തുക്കു തന്റെ വിധിയില്‍ പറഞ്ഞു. കൗമാരക്കാരുടെ കൈവശം കിഴക്കന്‍ ആഫ്രിക്കയില്‍ നിന്നുള്ള വലുതും ചുവപ്പ് നിറത്തിലുള്ളതുമായ കൊയ്ത്തുറുമ്പായ മെസ്സര്‍ സെഫലോട്ടുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കെനിയ വൈല്‍ഡ് ലൈഫ് സര്‍വീസ് പറഞ്ഞിരുന്നു.