Lifestyle

ആരാധന മൂത്ത്‌ ‘ട്രംപ്‌ ക്ഷേത്രം’ നിര്‍മിച്ചു; ഇപ്പോള്‍ ആര്‍ക്കും വേണ്ട !

തെലങ്കാനയിലെ ട്രംപ്‌ ക്ഷേത്രം ഉപേക്ഷിച്ചു ജനം. ബുസ കൃഷ്‌ണ എന്ന കര്‍ഷകനാണു ട്രംപിനോടുള്ള ആരാധനയുടെ പേരില്‍ ക്ഷേത്രം നിര്‍മിച്ചത്‌. ഡോണള്‍ഡ്‌ ട്രംപിനെ സ്വപ്‌നത്തില്‍ കണ്ടതിനു പിന്നാലെയായിരുന്നു ക്ഷേത്ര നിര്‍മാണം. സ്വപ്‌നം പിന്തുടര്‍ന്നു 2018 ല്‍ പൂജാ മുറിയില്‍ ട്രംപിന്റെ ചിത്രംവച്ചായിരുന്നു തുടക്കം. പിന്നീട്‌ ക്ഷേത്രമാക്കി. അവിടെ ദിവസവും പൂജ ചെയ്‌തു.

2019 ആയപ്പോഴേക്കും, ട്രംപിനോടുള്ള സ്‌നേഹം അങ്ങേയറ്റത്തെത്തി. ഏകദേശം രണ്ട്‌ ലക്ഷം രൂപ ചെലവഴിച്ച്‌ കൃഷ്‌ണ വീടിന്‌ പുറത്ത്‌ ആറ്‌ അടി ഉയരമുള്ള ട്രംപിന്റെ പ്രതിമ നിര്‍മിച്ചു. പ്രതിമ പൂമാലകള്‍ കൊണ്ട്‌ അലങ്കരിച്ചു, പാലില്‍ കുളിപ്പിച്ചു. വീടിന്റെ ചുവരുകളില്‍ ഗ്രാഫിറ്റിയും പോസ്‌റ്ററുകളും നിറച്ചു. അതോടെ നാട്ടുകാര്‍ അദ്ദേഹത്തെ ‘ട്രംപ്‌ കൃഷ്‌ണ’ എന്ന വിളിക്കാന്‍ തുടങ്ങി. ട്രംപിന്റെ ഒരു ഫോട്ടോ എപ്പോഴും അദ്ദേഹം കൂടെ കൊണ്ടുനടന്നു. ട്രംപിന്റെ ചിത്രമുള്ള ടിഷര്‍ട്ടുകള്‍ ധരിച്ചു. ട്രംപിനു തിരിച്ചടിയുണ്ടായപ്പോള്‍ ഉപവാസം അനുഷ്‌ഠിച്ചു.



ട്രംപ്‌ കോവിഡ്‌19 പോസിറ്റീവായപ്പോള്‍ അദ്ദേഹം പ്രാര്‍ഥനകളില്‍ മുഴുകി. യു.എസ്‌. പ്രസിഡന്റിന്റെ രോഗശാന്തിക്കായി കണ്ണീരോടെ പ്രാര്‍ത്ഥിക്കുന്ന വീഡിയോ പോലും പോസ്‌റ്റ്‌ ചെയ്‌തു. 2020 ഒക്‌ടോബറില്‍, 33 -ാം വയസ്സില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നു കൃഷ്‌ണ മരിച്ചു. അദ്ദേഹത്തിന്റെ മരണശേഷവും ക്ഷേത്രത്തില്‍ പൂജകള്‍ തുടര്‍ന്നു. പ്രത്യേകിച്ച്‌ ട്രംപിന്റെ തെരഞ്ഞെടുപ്പ്‌ വിജയങ്ങള്‍ക്ക്‌ ശേഷം, ഗ്രാമവാസികളും ബന്ധുക്കളും ക്ഷേത്രത്തില്‍ എത്തി പ്രതിമ വൃത്തിയാക്കി പൂമാലകള്‍ അണിയിച്ചു. എന്നാല്‍, ട്രംപ്‌ ഇന്ത്യക്കെതിരേ തിരിഞ്ഞതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ട്രംപ്‌ ക്ഷേത്രത്തെ രാജ്യവിരുദ്ധമായാണു പലരും കാണുന്നത്‌. അതു പൊളിച്ചുമാറ്റണമെന്ന ആവശ്യം ഉയരുന്നുണ്ട്‌.