താരിഫുമായി ബന്ധപ്പെട്ട് ഇന്ത്യയും അമേരിക്കയും തമ്മില്‍ കടുത്ത തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടയില്‍ ടെക്‌സാസില്‍ നിര്‍മ്മിച്ച 90 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ വിവാദമാകുന്നു. ഇതിന്റെ നിര്‍മ്മാണത്തെ ചോദ്യം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഒരു നേതാവ് രംഗത്തുവന്നതോടെയാണ് വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.

2024 ഓഗസ്റ്റില്‍ അനാച്ഛാദനം ചെയ്ത ഹനുമാന്‍ പ്രതിമയുടെ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട്, റിപ്പബ്ലിക്കന്‍ നേതാവായ അലക്‌സാണ്ടര്‍ ഡങ്കന്‍ ട്വീറ്റ് ചെയ്തു, ‘ഒരു വ്യാജ ഹിന്ദു ദൈവത്തിന്റെ വ്യാജ പ്രതിമ ടെക്‌സാസില്‍ സ്ഥാപിക്കാന്‍ നമ്മള്‍ എന്തിന് അനുവദിക്കണം? നമ്മള്‍ ഒരു ക്രിസ്ത്യന്‍ രാജ്യമാണ്!’ ടെക്‌സാസിനെ പ്രതിനിധീകരിച്ച് സെനറ്റിലേക്ക് മത്സരിക്കുന്ന ഡങ്കന്‍, പിന്നീട് ബൈബിളില്‍ നിന്നുള്ള ഒരു ഭാഗം ഉദ്ധരിച്ചുകൊണ്ട് മറ്റൊരു പോസ്റ്റും ഇട്ടു.
ഇതിനു മുന്‍പ് തന്നെ ട്രംപിന്റെ സഹായിയായ പീറ്റര്‍ നവാരോയുടെ വംശീയവും ജാതീയവുമായ പരാമര്‍ശങ്ങള്‍ ഒരു വിഭാഗം ജനങ്ങളെ രോഷാകുലരാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വംശീയപ്രശ്‌നത്തിന് ഗതിവേഗം കൂട്ടുന്ന പുതിയ സംഭവം. റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക ഇന്ത്യയോട് കടുത്ത നിലപാട് സ്വീകരിക്കുന്നതിനിടയിലാണ് ‘ബ്രാഹ്‌മണര്‍’ ഇന്ത്യന്‍ ജനതയെ ചൂഷണം ചെയ്ത് ലാഭം കൊയ്യുകയാണെന്ന് നവാരോ അവകാശപ്പെട്ടത് വിവാദമായത് കഴിഞ്ഞ മാസമായിരുന്നു.
ഇതിന് പിന്നാലെ ന്യൂസ് വീക്ക് മാസികയും പ്രശ്‌നത്തിന് കടുപ്പം കൂട്ടി. ‘ടെക്‌സാസിലെ ഭീമാകാരമായ പകുതി കുരങ്ങും പകുതി മനുഷ്യനുമായ പ്രതിമ യാഥാസ്ഥിതികരുടെ രോഷത്തിന് കാരണമാകുന്നു’ എന്ന തലക്കെട്ടാണ് ന്യൂസ് വീക്ക് ഉപയോഗിച്ചത്.
പോലീസ് ഉദ്യോഗസ്ഥന്‍ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിപ്പിടിച്ചതിനെ തുടര്‍ന്ന് 2021-ല്‍ മരിച്ച കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്‌ലോയിഡിനോട് പ്രതിമയ്ക്ക് സാദൃശ്യമുണ്ടെന്ന് ചില യാഥാസ്ഥിതികര്‍ എക്‌സില്‍ അഭിപ്രായപ്പെട്ടു. ഈ സംഭവം അമേരിക്കയിലും പുറത്തും വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഇന്ത്യക്കാര്‍ക്ക് കൂടുതലായി ലഭിച്ചിരുന്ന എച്ച്-1 ബി വിസകള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ 100,000 യുഎസ് ഡോളര്‍ ഫീസിനെ തുടര്‍ന്നാണ് ഈ പ്രശ്‌നം കൂടുതല്‍ വഷളായത്.




