Movie News

മണിരത്‌നം സിനിമയില്‍ കമല്‍ഹാസന്റെ നായികയായി ത്രിഷ; നടിയ്ക്ക് റെക്കോഡ് പ്രതിഫലമെന്ന് റിപ്പോര്‍ട്ടുകള്‍

തമിഴ്‌സിനിമയിലെ ഇതിഹാസ കലാകാരന്മാരുടെ പട്ടികയിലാണ് നടന്‍ കമല്‍ഹാസനും സംവിധായകന്‍ മണിരത്‌നവും. ഇരുവരും ഒരു സിനിമയ്ക്കായി കൈകോര്‍ക്കുന്ന വിവരം ആരാധകര്‍ ആകാംഷയോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. സിനിമയില്‍ തെന്നിന്ത്യന്‍ താരസുന്ദരി തൃഷ നായികയാകുമെന്നും ഇവര്‍ക്ക് സിനിമയില്‍ വമ്പന്‍ ശമ്പളമാണ് നല്‍കിയതെന്നുമാണ് പുറത്തുവരുന്നത്.’നായകന്‍’ ജോഡികളായ കമല്‍ഹാസനും മണിരത്നവും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന സിനിമയായ ‘കെഎച്ച് 234’ എന്ന ചിത്രത്തിനാണ് നടിക്ക് വന്‍തുക നല്‍കുന്നത്. ഇതിലൂടെ തൃഷ കൃഷ്ണന്‍ ഒരു ചരിത്ര നാഴികക്കല്ല് കൈവരിക്കാന്‍ ഒരുങ്ങുന്നതായും ഇത് തെന്നിന്ത്യന്‍ നടിമാര്‍ക്ക് പ്രതിഫല കാര്യത്തില്‍ ഒരു വഴിയൊരുക്കലാകും എന്നും കേള്‍ക്കുന്നുണ്ട്. സിനിമയില്‍ കമലിന്റെ നായികയായിട്ടാണ് തൃഷ വരുന്നത്. ‘തൂങ്കാ വാനം’, ‘മന്മഥന്‍ അമ്പു’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കമല്‍ഹാസനുമായുള്ള തൃഷയുടെ മൂന്നാമത്തെ സിനിമയാണ് ഇത്. തൃഷയുടെ മികച്ച നേട്ടം അഭിനേത്രി എന്ന നിലയിലുള്ള അവരുടെ വളര്‍ച്ചയെ അടിവരയിടുക മാത്രമല്ല, സ്ത്രീകളുടെ പ്രതിഫലത്തോടുള്ള വിനോദ വ്യവസായത്തിന്റെ സമീപനത്തിലെ മാറ്റത്തെയും സൂചിപ്പിക്കുന്നു. പ്രതിഫല കാര്യത്തിലുള്ള ലിംഗസമത്വത്തിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ടുള്ള ശ്രദ്ധേയമായ ചുവടുവയ്പ്പാണിതെന്നും വിലയിരുത്തലുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായ മണിരത്‌നം ഇപ്പോള്‍ ‘കെഎച്ച് 234’ന്റെ പ്രീ പ്രൊഡക്ഷനിലാണ്. തന്റെ മുന്‍കാല സൃഷ്ടികളെ വെല്ലുന്ന സിനിമയായി ചിത്രത്തെ മറ്റൊരു വന്‍ ദൃശ്യാനുഭവമാക്കി മാറ്റാനുള്ള പദ്ധതികള്‍ അദ്ദേഹത്തിനുണ്ടെന്നാണ് വിലയിരുത്തല്‍. ഈ ആവേശകരമായ പ്രോജക്റ്റില്‍ തൃഷയും കമല്‍ഹാസനുമൊപ്പം ദുല്‍ഖര്‍ സല്‍മാനും ജയം രവിയും സിനിമയില്‍ ഉണ്ടാകുമെന്നാണ് വിവരം. മണിരത്‌നത്തിന്റെ കഴിഞ്ഞ സിനിമയായ ‘പൊന്നിയിന്‍ സെല്‍വനി’ ല്‍ തൃഷ മികച്ച വേഷം ചെയ്തിരുന്നു. ഇതിന് പിന്നാലെ ലോകേഷ് കനകരാജിന്റെ ‘ലിയോ’ യില്‍ വിജയ്‌ക്കൊപ്പമാണ് നടിയെത്തുന്നത്. കൂടാതെ, മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ഒരു വരാനിരിക്കുന്ന സിനിമയില്‍ അജിത്തിന്റെ നായികയായി അവര്‍ അഭിനയിക്കും. ഇതിഹാസതാരം രജനികാന്തിനൊപ്പം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന തലൈവര്‍ 171 എന്ന ചിത്രത്തിലെ ഒരു വേഷത്തിനായും അവര്‍ പരിഗണനയിലുണ്ടെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ഒക്ടോബറില്‍ സ്‌ക്രീനില്‍ എത്താന്‍ പോകുന്ന അരുണ്‍ സംവിധാനം ചെയ്ത ‘ദി റോഡ്’ റിലീസിന് തയ്യാറെടുക്കുകയാണ്.