ഏറെ പ്രതീക്ഷകള്‍ക്കും കാത്തിരിപ്പുകള്‍ക്കുമിടയില്‍ തമിഴ് ചലച്ചിത്രതാരം അജിത് കുമാറിന്റെ ഗുഡ് ബാഡ് അഗ്ലിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഏപ്രില്‍ 10-ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ എത്തുന്ന സിനിമയുടെ ഇതിനകം പുറത്തിറങ്ങിയ ട്രെയിലര്‍ ആരാധകരില്‍ ആകാംക്ഷ ഉണര്‍ത്തിയിട്ടുണ്ട്. ധാരാളം ആക്ഷന്‍ രംഗങ്ങളും അതിഥി വേഷങ്ങളും അജിത്തിന്റെ മുന്‍ ചിത്രങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ഉണ്ടെങ്കിലും, ഒരു പ്രത്യേക ഓണ്‍-സ്‌ക്രീന്‍ വീണ്ടും ഒന്നിക്കുന്നത് ആരാധകര്‍ക്കിടയില്‍ കാത്തിരിപ്പിന് കാരണമായിട്ടുണ്ട്.
അജിത്കുമാര്‍ നായകനാകുന്ന സിനിമ എന്നതിനപ്പുറത്ത് 26 വര്‍ഷങ്ങള്‍ക്ക് ശേഷം തൃഷ കൃഷ്ണനും സിമ്രാനും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ കൂടി സിനിമ പ്രാധാന്യം നേടുന്നുണ്ട്. 1999-ല്‍ പുറത്തിറങ്ങിയ സിമ്രാനും പ്രശാന്തും ജോഡിയായ ‘ജോഡി’ എന്ന സിനിമയില്‍ സിമ്രാന്റെ കൂട്ടുകാരിയായിട്ടാണ് തൃഷ കൃഷ്ണന്റെ ആദ്യ സ്‌ക്രീന്‍ അരങ്ങേറ്റം.
അന്ന് തിരക്കേറിയ നായികയായിരുന്ന സിമ്രാന്‍ 90-കളില്‍ തമിഴ്‌സിനിമ ഭരിച്ചപ്പോള്‍, 2000-കളുടെ തുടക്കത്തില്‍ പതിയെ സിനിമയില്‍ തിരക്കേറിയ നടിയായി മാറിയ തൃഷ കൃഷ്ണന്‍ സൂപ്പര്‍നായിക പദവി നേടി. 26 വര്‍ഷത്തിന് ശേഷം ആദിക് രവിചന്ദ്രന്‍ സംവിധാനകയനാകുന്ന സിനിമയിലൂടെ തൃഷയും സിമ്രാനും ഒരു തമിഴ് സിനിമയില്‍ വീണ്ടും ഒന്നിക്കുകയാണ്. അതേസമയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം സിമ്രാനും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഗുഡ് ബാഡ് അഗ്‌ളി.
മുമ്പ് അവള്‍ വരുവാല (1998), വാലി (1999), ഉന്നൈ കോട് എന്നൈ തരുവന്‍ (2000) തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളില്‍ നായികാനായകന്മാരിയിരുന്നു. ഗുഡ് ബാഡ് അഗ്ലിയില്‍ പ്രഭു, പ്രസന്ന, അര്‍ജുന്‍ ദാസ്, ഷൈന്‍ ടോം ചാക്കോ, സുനില്‍, രാഹുല്‍ ദേവ്, യോഗി ബാബു എന്നിവരും അഭിനയിക്കുന്നു. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.
അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഏപ്രില്‍ 10ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. എം ശശികുമാറിനെ നായകനാക്കി അബിഷന്‍ ജിവിന്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ടൂറിസ്റ്റ് ഫാമിലിയിലാണ് സിമ്രാന്‍ അഭിനയിക്കുന്നത്. മണിരത്നത്തിന്റെ തഗ് ലൈഫ്, ചിരഞ്ജീവിയുടെ വിശ്വംഭര, സൂര്യ 45 എന്നീ ചിത്രങ്ങളില്‍ തൃഷ ഉടന്‍ അഭിനയിക്കും.