തെലങ്കാനയിലെ കൊമരം ഭീം ആസിഫാബാദ് ജില്ലയിൽ പ്രണയിച്ച രണ്ടു യുവതികളെയും ഒരേ ചടങ്ങിൽ വിവാഹം കഴിച്ച് യുവാവ്. ഗുംനൂർ സ്വദേശിയായ സൂര്യദേവ എന്ന യുവാവാണ് ലാൽ ദേവി, ജൽക്കരി ദേവി എന്നീ രണ്ട് യുവതികളെ ഒറ്റ ചടങ്ങിൽ വിവാഹം കഴിച്ചത്.
രണ്ട് സ്ത്രീകളുമായും പ്രണയത്തിലായിരുന്ന ഇയാള്‍ അവരെ ഒരേസമയം വിവാഹം കഴിക്കാൻ തീരുമാനിച്ചു. വിവാഹ ക്ഷണക്കത്തിൽ രണ്ട് സ്ത്രീകളുടെയും പേരുകൾ ഉൾപ്പെടുത്തിയിരുന്നു.
ഗ്രാമവാസികളിൽ നിന്ന് തുടക്കത്തിൽ എതിർപ്പ് ഉയർന്നെങ്കിലും ഒടുവിൽ അവർ വിവാഹത്തിൽ പങ്കുചേർന്നു. വിവാഹ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ചടങ്ങിന്റെ ചിത്രങ്ങളിലും ക്ലിപ്പുകളിലും സൂര്യദേവ രണ്ട് വധുക്കൾക്കും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഒപ്പം നിൽക്കുന്നതു കാണാം.
ഇന്ത്യയിൽ ഹിന്ദു വിവാഹ നിയമപ്രകാരം ബഹുഭാര്യത്വം നിരോധിച്ചിട്ടുണ്ട്. എങ്കിലും, ഒരു പുരുഷൻ ഒരേസമയം രണ്ട് സ്ത്രീകളെ വിവാഹം കഴിക്കുന്ന ഒറ്റപ്പെട്ട സംഭവമല്ല ഇത്. 2021-ൽ, തെലങ്കാനയിലെ ആദിലാബാദിൽ മറ്റൊരു എല്ലാ കുടുംബങ്ങളുടെയും സമ്മതത്തോടെ ഒരു ചടങ്ങിൽ രണ്ട് സ്ത്രീകളെ വിവാഹം കഴിച്ചു. അതുപോലെ, 2022-ൽ, ജാർഖണ്ഡിലെ ലോഹർദാഗയിലുള്ള ഒരു യുവാവും ഇതുതന്നെ ചെയ്തു. നിയമപരമായ നിയന്ത്രണങ്ങൾ കാരണം ഇത്തരം വിവാഹങ്ങൾ അപൂർവമാണെങ്കിലും, വ്യത്യസ്ത പ്രദേശങ്ങളിൽ അവ ഇടയ്ക്കിടെ സംഭവിക്കുന്നുണ്ട്.