Featured Travel

ഇതാണോ ‘കേരള മോഡൽ സുരക്ഷ’? മൂന്നാറിലെത്തിയ യുവതിക്ക് ദുരനുഭവം: “ഇനി ഇങ്ങോട്ട് തിരിച്ചില്ല!”: വീഡിയോ

മൂന്നാര്‍: മുംബെയില്‍ അസിസ്‌റ്റന്റ്‌ പ്രഫസറായ ജാന്‍വി മുന്നാര്‍ യാത്രയില്‍ താന്‍ നേരിട്ട ദുരനുഭവം സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചതു വൈറലായി. കൊച്ചിയിലും ആലപ്പുഴയിലും ഓണ്‍ലൈന്‍ ടാക്‌സികളില്‍ യാത്ര ചെയ്‌തതിന്‌ ശേഷം മുന്നാറിലേക്കും അതേ രീതിയില്‍ ടാക്‌സി ബുക്ക്‌ ചെയ്‌ത്‌ എത്തിയ തന്നെ അവിടെ പ്രാദേശിക ടാക്‌സി ഡ്രൈവര്‍മാരുടെ ഒരു സംഘം തടഞ്ഞെന്നാണു മുന്നു മിനിറ്റ്‌ വീഡിയോയില്‍ ജാന്‍വി പറയുന്നത്‌.

‘ മൂന്നാര്‍ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്‌റ്റാന്‍ഡിനടുത്ത്‌ എത്തിയപ്പോള്‍, പ്രാദേശിക ടാക്‌സി ഡ്രൈവര്‍മാരുടെ ഒരു സംഘം വാഹനത്തെ തടഞ്ഞു നിര്‍ത്തി. ആപ്പ്‌-ബേസ്‌ഡ്‌ ടാക്‌സികള്‍ക്ക്‌ ഈ പ്രദേശത്ത്‌ കോടതി ഉത്തരവിനെത്തുടര്‍ന്ന്‌ വിലക്കുണ്ടെന്നായിരുന്നു വാദം. പോലീസിനെ സമീപിച്ചപ്പോള്‍ അവരും പ്രദേശത്തെ ടാക്‌സിയില്‍ പോകാനാണു പറഞ്ഞത്‌. സുരക്ഷിതമല്ലെന്ന്‌ തോന്നിയതിനാല്‍ യാത്ര മുടക്കി തിരികെ മടങ്ങി. ഞാന്‍ ഇനി ഒരിക്കലും കേരളത്തിലേക്ക്‌ വരില്ല. ഇത്‌ വളരെ ഭീതിജനകമായ അനുഭവമായിരുന്നു.’-ജാന്‍വി പറഞ്ഞു.

യൂണിയന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ സാധാരണ നിരക്കിന്റെ മൂന്നു മടങ്ങ്‌ പണം ആവശ്യപ്പെട്ടുവെന്നും ജാന്‍വി ആരോപിച്ചു. അനുഭവം ഓണ്‍ലൈനില്‍ പങ്കുവെച്ചതിന്‌ ശേഷം, മറ്റു സംസ്‌ഥാനങ്ങളില്‍ നിന്നുള്ള പലരും സമാന അനുഭവങ്ങള്‍ നേരിട്ടതായി അറിയിച്ചു. ചിലരെ രാത്രി പിന്തുടര്‍ന്നതായും ചിലരെ സുരക്ഷിതമല്ലാത്ത ഹോട്ടലുകളില്‍ പാര്‍പ്പിക്കാന്‍ നിര്‍ബന്ധിച്ചതായും അവര്‍ പറഞ്ഞു. കേരളത്തിന്റെ സൗന്ദര്യത്തെയും അതിഥി സല്‍ക്കാരത്തെയും ഞാന്‍ സ്‌നേഹിക്കുന്നു, പക്ഷേ ഞാന്‍ സുരക്ഷിതത്വം അനുഭവിക്കാത്തിടത്ത്‌ സന്ദര്‍ശിക്കാന്‍ കഴിയില്ല.- ജാന്‍വി പറഞ്ഞു.

വാഹനം തടഞ്ഞു ഭീഷണിപ്പെടുത്തിയെന്ന വിനോദസഞ്ചാരിയായ യുവതിയുടെ പരാതിയെത്തുടര്‍ന്നു മൂന്നാറിലെ രണ്ടു ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്‌റ്റിലായി. രണ്ട്‌ പോലീസുകാരെ സസ്‌പെന്‍ഡ്‌ ചെയ്‌തു. മൂന്നാര്‍ സ്വദേശികളായ വിജയകുമാര്‍, വിനായകം എന്നിവരാണ്‌ പിടിയിലായത്‌. ഇവരെ പിന്നീട്‌ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. വിനോദസഞ്ചാരിക്ക്‌ സമയബന്ധിതമായി സഹായം നല്‍കാത്തതിന്‌ മൂന്നാര്‍ പോലീസ്‌ സ്‌റ്റേഷനിലെ അസിസ്‌റ്റന്റ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ സാജു പൗലോസ്‌, ഗ്രേഡ്‌ എസ്‌.ഐ ജോര്‍ജ്‌ കുര്യന്‍ എന്നിവരെ ഇടുക്കി ജില്ലാ പോലീസ്‌ മേധാവി കെ.എം. സാബു മാത്യു സസ്‌പെന്‍ഡ്‌ ചെയ്‌തു.