വെള്ളം കുടികേണ്ടതിന്റെ ആവശ്യകതയെ പറ്റി ആര്‍ക്കും പറഞ്ഞുതരേണ്ടതില്ലാല്ലോ? ശരീരത്തിലെ ജലാംശം തൃപ്തികരമായി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ അമിതമായി വെള്ളം കുടിച്ചാല്‍ മരണത്തിന് വരെ കാരണമാകും.
കുറഞ്ഞ സമയം കൊണ്ട് ഒരാള്‍ കൂടുതല്‍ അളവില്‍ വെള്ളം കുടിച്ചാല്‍ ശരീരത്തിലെ സോഡിയത്തിന്റെ അളവ് താഴേക്ക് പോയി ഹൈപോനാട്രീമിയ എന്ന അവസ്ഥയുണ്ടാകാമെന്ന് ഗുരുഗ്രാം സികെ ബിര്‍ല ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്റ് ഡോ തുഷാര്‍ തയല്‍ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
നാഡീവ്യൂഹങ്ങളുടെ സന്ദേശം കൈമാറുന്നതിനും പേശികളുടെ പ്രര്‍ത്തനത്തിലുമെല്ലാം സോഡിയം വലിയ പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍ അധികമായി വെള്ളം കുടിച്ചാല്‍ വൃക്കകള്‍ക്ക് അധികമായി വരുന്ന ഈ ജലം കാര്യക്ഷമമായി നീക്കം ചെയ്യാനാവാതെ വെള്ളം രക്തപ്രവാഹത്തിലേക്ക് എത്തി രക്തത്തെ നേര്‍പ്പിക്കുന്നതോടെ സോഡിയം പോലുള്ള ഇലക്ടോലൈറ്റുകളുടെ അളവ് കുറയും. ഇതോടെ ദ്രാവക സന്തുലനം താളം തെറ്റി അമിതമായി ജലം കോശങ്ങള്‍ക്കുള്ളില്‍ കയറി വീര്‍ക്കാനായി ആരംഭിക്കുമെന്ന് ഡോ തുഷാര്‍ ചൂണ്ടിക്കാട്ടി.
ഇത് പിന്നീട് ശരീരത്തിന്റെ മറ്റ് ഭാഗത്തിനും പ്രശ്നം സൃഷ്ടിക്കാം. തലച്ചോറില്‍ ഇത് സംഭവിച്ചാല്‍ ഹാനികരമാകുമെന്നും ഡോക്ടര്‍ പറയുന്നു. സെറിബ്രല്‍ ഒഡിമ എന്നാണ് ഈ അവസ്ഥയ്ക്ക് പേര്. ഇത് ആശയകുഴപ്പം, തലവേദന, ചുഴലി, കോമ മരണം എന്നിവയ്ക്ക് വരെ കാരണമാകും. ഓക്കാനം , ഛര്‍ദ്ദി, തലവേദന, ആശയക്കുഴപ്പം , ക്ഷീണം, പേശിവലിവ് എന്നിവയെല്ലാം അമിതമായി വെള്ളം ശരീരത്തിലുള്ളത്തിന്റെ ലക്ഷണമാണ്. കൈകളിലും കാലുകളിലും മുഖത്തും നീര് വെക്കുക എന്നതൊക്കെ അമിതമായി വെള്ളം ശരീരത്തിലെത്തി കോശങ്ങള്‍ വീര്‍ക്കാന്‍ തുടങ്ങുന്നതിന്റെ സൂചനകളാണ്. ഇത്തരം സാഹചര്യങ്ങളില്‍ വെള്ളം കുടിക്കുന്നത് അവസാനിപ്പിച്ച് അടിയന്തരമായി വൈദ്യ സഹായം നേടണം.
വൃക്കകള്‍ക്ക് ഒരു മണിക്കൂറില്‍ ഒരു ലിറ്റര്‍ വെള്ളം വരെയാണ് ശുദ്ധീകരിക്കാനായി സാധിക്കുക. കാലാവസ്ഥാ ശാരീരക പ്രവര്‍ത്തനം ആകമാനമുള്ള ആരോഗ്യം എന്നിവയെ അടിസ്ഥാനമാക്കി വേണം ഒരു വ്യക്തി എത്രത്തോളം വെള്ളം കുടിക്കണമെന്ന് നിര്‍ണ്ണയിക്കാന്‍. പുരുഷന്മാര്‍ക്ക് ശരാശരി 3.7 ലിറ്റര്‍ വെള്ളവും സ്ത്രീകള്‍ക്ക് ശരാശരി 2.7 വെള്ളവും ആവശ്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.അതേ സമയം വെയിലത്ത് പണിയെടുക്കുന്നവര്‍ക്കും വ്യായാമം ചെയ്യുന്നവര്‍ക്കും ശരീരത്തിലെ ജലാംശം കുറഞ്ഞ് പോകാതിരിക്കാനുള്ള നടപടികളും സ്വീകരിക്കണം.