ഹൈദരാബാദ്: ഈ മാസം ആദ്യം ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരണപ്പെട്ട സംഭവത്തില്‍ തെലുങ്ക് നടന്‍ അല്ലു അര്‍ജുന്റെ വീടിന് നേരെ തക്കാളിയേറ്. ഒസ്മാനിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളെന്ന് അവകാശപ്പെട്ട് ഒരു സംഘം ആളുകള്‍ അല്ലു അര്‍ജുന്റെ വീട്ടില്‍ അതിക്രമിച്ച് കയറുകയും തക്കാളി എറിയുകയും പൂച്ചട്ടികള്‍ തകര്‍ക്കുകയും ചെയ്തു.
നടനെതിരേ മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാരെ പിന്നീട് പോലീസ് നീക്കി. ഡിസംബര്‍ 4ന് നടന്ന പുഷ്പ 2ന്റെ പ്രീമിയറിനിടെ ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീയ്ക്ക് ജീവന്‍ നഷ്ടമായിരുന്നു. എട്ട് വയസ്സുള്ള മകന്‍ നഗരത്തിലെ ആശുപത്രിയില്‍ ഇപ്പോഴും കോമയിലാണ്. തിക്കിലും തിരക്കിലും കലാശിച്ച സംഭവങ്ങളുടെ തുടര്‍ച്ചയായി ഹൈദരാബാദ് സിറ്റി പോലീസ് മേധാവി സിവി ആനന്ദ് വീഡിയോ അവതരണം നടത്തി.
തിക്കും തിരക്കും ഉണ്ടാക്കിയിട്ടും നടന്‍ ഇറങ്ങാന്‍ കൂട്ടാക്കിയില്ലെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. തുടര്‍ന്ന് പോലീസ് മാനേജരെ സമീപിച്ച് യുവതിയുടെ മരണവിവരം അറിയിച്ചു. എന്നാല്‍ മാനേജര്‍ അവരുടെ ആവശ്യം പരിഗണിച്ചില്ല. അവര്‍ നടന്റെ അടുത്തെത്തി സ്ഥിതി വിവരിച്ചപ്പോള്‍ ആദ്യം സിനിമ കാണണമെന്ന് അദ്ദേഹം നിര്‍ബന്ധിച്ചതായും ഓഫീസര്‍ പറഞ്ഞു.
പൊലീസ് അനുമതി നിഷേധിച്ചിട്ടും അല്ലു അര്‍ജുന്‍ തന്റെ ‘പുഷ്പ 2’ എന്ന സിനിമയുടെ പ്രീമിയറില്‍ പങ്കെടുത്തെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു. അല്ലു അകത്തേക്കും പുറത്തേക്കും പോകുമ്പോള്‍ കാറിന്റെ സണ്‍ റൂഫില്‍ നിന്ന് കൈ വീശി, ഒരുതരം റോഡ്ഷോ നടത്തുകയും തിക്കും തിരക്കും ഉണ്ടാക്കാന്‍ കാരണമാകുകയും ചെയ്തു.
യുവതി മരിച്ചതിന് ശേഷവും നടന്‍ സിനിമാ ഹാളില്‍ നിന്ന് പുറത്തിറങ്ങാതിരുന്നെന്നും ഒടുവില്‍ പോലീസ് ബലം പ്രയോഗിച്ച് പുറത്താക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് പുലര്‍ച്ചെ, മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ പിന്തുണച്ച് പോലീസ് നടനെ സിനിമാ ഹാളില്‍ നിന്ന് പുറത്താക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.