Hollywood

കല്യാണമോ അതൊക്കെ ആള്‍ക്കാര്‍ വെറുതേ പറയുന്നതാ…; ടോം ക്രൂയിസും കാമുകിയും വേര്‍പിരിഞ്ഞു?

കല്യാണം കഴിക്കാന്‍ പോകുന്നെന്നും ഇതിനായി ഹോളിവുഡ് നടന്‍ ടോം ക്രൂയിസ് കാമുകി എല്‍സിന ഖൈറോവയുടെ കുട്ടികളുമായി കൂടിക്കാഴ്ച നടത്തിയെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്ന് പിറ്റേന്ന് തന്നെ നടനും കാമുകിയും വഴി പിരിഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ രണ്ടു മാസമേ ആയുള്ളൂ 61 കാരന്‍ താരവും 39 കാരി സോഷ്യലിസ്റ്റും തമ്മില്‍ ഡേറ്റിംഗ് ആരംഭിച്ചിട്ട്.

ടോപ് ഗണ്‍ നടനും പുതിയ കാമുകിയും തമ്മിലുള്ള പ്രണയം തകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഡെയ്‌ലി മെയിലാണ്. ”അവരുടെ ബന്ധം കഠിനമായ വികാരികാവസ്ഥയില്‍ ഉള്ളതായിരുന്നില്ലെന്നും വെറുതേ അതിന്റെ ഗതിയില്‍ ഓടിപ്പോയെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും നടനുമായി ബന്ധപ്പെട്ട ഒരു ഉറവിടം പറയുന്നു. ലണ്ടനിലെ ഒരേ അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കില്‍ താമസിക്കുന്നതിനാല്‍ സുഹൃത്തുക്കളായി തുടരാന്‍ ടോം ആഗ്രഹിക്കുന്നതായും പറയുന്നു. ലണ്ടനിലെ എയര്‍ ആംബുലന്‍സ് ചാരിറ്റിയെ പിന്തുണച്ച് പഞ്ചനക്ഷത്ര റാഫിള്‍സ് ഹോട്ടലില്‍ വില്യം രാജകുമാരന്‍ നടത്തിയ വിരുന്നില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തതിന് ശേഷമാണ് ഇരുവരുടേയും വേര്‍പിരിയല്‍ വാര്‍ത്ത വന്നത്.

പാര്‍ട്ടിയില്‍ ടോം രാജകുടുംബത്തോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നെങ്കിലും ക്രൂസും ഖൈറോവയും ഒരുമിച്ച് ഫോട്ടോ എടുത്തിരുന്നില്ല. ഇത് അവരുടെ ബന്ധത്തിനിടയിലെ വിള്ളലാണ് സൂചിപ്പിക്കുന്നതെന്നും അവര്‍ വളരെ സ്വകാര്യമായി പോകുകയായിരുന്നു എന്നുമാണ് വിവരം. നേരത്തേ അവര്‍ ലണ്ടന്‍ റെസ്റ്റോറന്റുകളില്‍ സ്വകാര്യമായി ഭക്ഷണം കഴിക്കുകയും വേഷംമാറി ഹൈഡ് പാര്‍ക്കിലൂടെ ഒരുമിച്ച് ചുറ്റിനടക്കുകയും ചെയ്തിരുന്നു. ഖൈറോവയ്ക്ക് ക്രൂയിസിനേക്കാള്‍ 25 വയസ്സ് കുറവാണ്. രണ്ടുപേരും രക്ഷകര്‍ത്താക്കളുമാണ്.

ടോമിന് മുന്‍ ഭാര്യയും ഹോളിവുഡിലെ സൂപ്പര്‍നടിയുമായ നിക്കോള്‍ കിഡ്മാനില്‍ കോണര്‍ ക്രൂസ്, ഇസബെല്ല എന്നിങ്ങനെ രണ്ടു കുട്ടികളുണ്ട്. അതിന് ശേഷം വിവാഹം കഴിച്ച കാറ്റി ഹോംസുമായി സൂരി ക്രൂയിസ് എന്ന മകളെയും ടോം ക്രൂയിസ് പങ്കുവെയ്ക്കുന്നു. റഷ്യന്‍ വജ്ര വ്യാപാരിയായ ദിമിത്രി സെറ്റ്‌കോവില്‍ ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും എല്‍സിനയ്ക്കുണ്ട്.