കുട്ടികളുടെ വളര്‍ച്ചാഘട്ടങ്ങളെ കുറിച്ച് മനസിലാക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. അതുപോലെ തന്നെയാണ് കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്തുക എന്നത്. നിങ്ങള്‍ കുട്ടികളോട് ഇടപഴകുന്ന രീതിയെ അടിസ്ഥാനമാക്കിയിരിക്കും കുട്ടികളുടെ മാനസികമായ വികസനവും കാഴ്ചപ്പാടുകളും. ഒന്ന് മുതല്‍ മൂന്നു വയസ് വരെ പ്രായത്തിലുള്ള കുട്ടികളെ വളര്‍ത്തുക എന്നത് ഏറെ നിര്‍ണായകമായ കാര്യമാണ്. ഈ പ്രായത്തിലെ സ്വഭാവ രുപീകരണം കുട്ടികളുടെ മുന്നോട്ടുള്ള വളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടകമാണ്. അതിനാല്‍ തന്നെ, ഈ പ്രായത്തിലുള്ള കുട്ടികളെ കൈകാര്യം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ മാതാപിതാക്കള്‍ ശ്രദ്ധിയ്ക്കണം.
- കുട്ടികള്‍ക്ക് ദേഷ്യം വരുന്ന സമയത്ത് അവരെ ആശ്വസിപ്പിക്കുക, ശാന്തരാക്കാന്‍ ശീലിപ്പിക്കുക എന്നതെല്ലാം ഏറെ പ്രധാനമാണ്. വാശിപിടിക്കുന്ന, ദേഷ്യപ്പെടുന്ന കുട്ടികളെ ശാന്തമാകാന്‍ വേണ്ടി ആഴത്തില്‍ ശ്വസിക്കാന്‍ പഠിപ്പിക്കുക.
- വിശപ്പും ക്ഷീണവും തിരിച്ചറിയുക – മൂന്നു വയസ്സുവരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് വിശപ്പ്, ദാഹം, ക്ഷീണം എന്നിവ വ്യക്തമാക്കി പറയാനുള്ള കഴിവുണ്ടാകണമെന്നില്ല. അതിനാല്‍ കുട്ടികളെ ഫീഡ് ചെയ്യുന്ന സമയം ഓര്‍ത്തുവച്ച് കുട്ടിക്ക് വിശക്കുന്നുണ്ടോ, ദേഷ്യത്തിലാണോ, ക്ഷീണമുണ്ടോ എന്നെല്ലാം തിരിച്ചറിയുക..
- കുട്ടികള്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍, പരസ്യമായി അവരുടെ പോസിറ്റീവ് പെരുമാറ്റം അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. കുട്ടികളുടെ ഭാഗത്ത് നിന്നും തെറ്റുകള്‍ സംഭവിക്കുമ്പോള്‍ സ്വകാര്യമായി അത്തരം നെഗറ്റീവ് പെരുമാറ്റം അഭിസംബോധന ചെയ്യുക, പരിഹാരങ്ങള്‍ നിര്‍ദേശിക്കുക. സാമൂഹിക സാഹചര്യങ്ങള്‍ മനസ്സിലാക്കാനും പ്രതികരണ തന്ത്രങ്ങള്‍ വികസിപ്പിക്കാനും മാതൃകയാകുന്ന കഥകള്‍ പറഞ്ഞു നല്‍കുക.
- എല്ലാ കാര്യങ്ങള്‍ക്കും റെസ്ട്രിക്ഷന്‍ വേണ്ട – ഒരു പക്ഷെ കുട്ടികളെ മോശമായി ബാധിക്കുന്ന ചില കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ട് മാതാപിതാക്കള്‍ അത്തരം കാര്യങ്ങള്‍ വിലക്കുന്നത് സ്വാഭാവികമാണ്. ഉദാഹരണമായി പറഞ്ഞാല്‍ മഴ നനഞ്ഞാല്‍ പനി വരുമെന്ന് എത്ര പറഞ്ഞിട്ടും കുട്ടി കേള്‍ക്കുന്നില്ലെങ്കില്‍ അവനെ അവന്റെ വഴിക്കു വിടുക. കാരണം, ഇത്തരം കുട്ടികള്‍ എന്തിനും തെളിവ് ആഗ്രഹിക്കുന്നവരാണ്. കുട്ടികളുടെ സുരക്ഷാ ഉറപ്പാക്കിക്കൊണ്ട് നാച്ചുറല്‍ ആയിട്ടുള്ള പ്രത്യാഘാതങ്ങള്‍ അനുഭവിക്കാന്‍ അനുവദിക്കുക.
- വ്യക്തിഗത നേട്ടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, നിങ്ങളുടെ കുട്ടിയെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുക എന്നതെല്ലാം തെറ്റായ രീതിയാണ്. ഇത് കുട്ടികളില്‍ താന്‍ വളരെ പിന്നോക്കമാണെന്ന ധാരണ വളര്‍ത്തും. അതിനാല്‍ മറ്റുള്ളവരുടെ നേട്ടങ്ങളില്‍ പോലും സന്തോഷം കണ്ടെത്തുന്ന രീതിയില്‍ കുട്ടികളെ വളര്‍ത്തുക. മറ്റുള്ളവരുടെ വിജയങ്ങള്‍ മാതൃകയാക്കാന്‍ പ്രോത്സാഹിപ്പിക്കുക
- മാതാപിതാക്കളില്‍ നിന്നുമാണ് കുട്ടികള്‍ ഓരോ ശീലങ്ങളും പഠിക്കുന്നതെന്നു മനസിലാക്കി കുട്ടികള്‍ക്ക് മാതൃകയാകുന്ന കാര്യങ്ങള്‍ മാത്രം അവര്‍ക്ക് മുന്നില്‍ ചെയ്യുക. ഉറക്കെ സംസാരിക്കുക, ദേഷ്യപ്പെടുക, സാധനങ്ങള്‍ വലിച്ചെറിയുക തുടങ്ങിയ ചെയ്തികള്‍ എല്ലാം കുട്ടികള്‍ക്ക് ദോഷം ചെയ്യും. അവരും അത് പിന്തുടരാനുള്ള ശ്രമം നടത്തും. അതിനാല്‍ മാതൃകയാകുന്ന നല്ല പ്രവര്‍ത്തികള്‍ ചെയ്യുക. സ്വന്തം വികാരങ്ങള്‍ നിങ്ങളുടെ കുട്ടിയുടെ പെരുമാറ്റത്തെ ബാധിക്കുമെന്ന് മനസിലാക്കുക.
- കുട്ടികളെ അവരുടെ ആവശ്യങ്ങളും വികാരങ്ങളും പ്രകടിപ്പിക്കാന്‍ വാക്കുകള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുക. ഇത് കുട്ടികളിലെ സംസാരശേഷി വളര്‍ത്താനും പുതിയ കാര്യങ്ങള്‍ പഠിക്കാനുമുള്ള പ്രോത്സാഹനം നല്‍കും. എന്ത് ചെയ്യരുത് എന്നു പറയുന്നതിന് പകരം അവിടെ എന്താണ് ചെയ്യേണ്ടത് എന്നുള്ള നിര്‍ദേശങ്ങള്‍ കൊടുക്കുക. ഒരു കാര്യം ചെയ്യരുത് എന്ന് ചട്ടം കെട്ടുമ്പോള്‍ സ്വാഭാവികമായും എന്തുകൊണ്ട് ചെയ്യരുത് എന്ന സംശയം കുട്ടികളില്‍ ഉണ്ടാകും. ഇതിനുള്ള മറുപടിയാണ്, വിശദമായി കാര്യങ്ങള്‍ പറഞ്ഞു കൊണ്ട് കുട്ടികളെ നിശ്ചിത പ്രവര്‍ത്തികളില്‍ നിന്നും വിലക്കുന്നത്.