Oddly News Wild Nature

ചോരയൊലിപ്പിച്ച് അവശനിലയില്‍ മരങ്ങളില്‍ നിന്ന് താഴേക്ക് വീണ് ചെറുകിളികള്‍; കാരണം തേടി അധികൃതര്‍

ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ മരങ്ങളില്‍ നിന്ന് ചെറു പക്ഷികള്‍ നില തെറ്റി താഴേക്ക് വീഴുന്നത് ഏറെ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. പക്ഷികള്‍ ഇത്തരത്തില്‍ നിഗൂഢമായി താഴേക്ക് വീഴുന്നത് വിഷം ഉള്ളില്‍ ചെന്നിട്ടാണോ എന്നാണ് പലരും സംശയിക്കുന്നത്. കാരണം താഴെ വീഴുന്ന പക്ഷികള്‍ ഒന്നുകില്‍ ചാവുകയോ അല്ലെങ്കില്‍ അവശനിലയില്‍ ആകുകയോ ചെയ്യുകയാണെന്ന് അധികൃതര്‍ കണ്ടെത്തി.

തിങ്കളാഴ്ച ന്യൂകാസില്‍, കാരിങ്ങ്ടണ്‍, ഹാമില്‍ട്ടണ്‍ പ്രദേശങ്ങളില്‍ കോറല്ല പക്ഷികള്‍ താഴെ വീഴുന്നത് ശ്രദ്ധയില്‍പെട്ടന്നും ഇതിനെ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ന്യൂ സൗത്ത് വെയില്‍സ് എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ അതോറിറ്റി അറിയിച്ചു. അപകടനില തരണം ചെയ്യാത്ത 60-ലധികം പക്ഷികളെയാണ് ഇതിനോടകം മൃഗഡോക്ടര്‍ക്ക് ദയാവധം ചെയ്യേണ്ടിവന്നത്.

താഴെ വീഴുന്ന പല പക്ഷികളെ ചോരയൊലിക്കുന്ന നിലയിലും സമനില തെറ്റിയ അവസ്ഥയിലുമാണ് കണ്ടെത്തിയത്. പ്രദേശത്തിന്റെ പല ഭാഗങ്ങളിലും – പാര്‍ക്കുകള്‍, ഷോപ്പിംഗ് സെന്ററുകള്‍, ഓവലുകള്‍, മുന്‍വശത്തെ മുറ്റങ്ങള്‍ എന്നിവിടങ്ങളില്‍ എല്ലാം പക്ഷികളെ അവശനിലയില്‍ അധികൃതര്‍ കണ്ടെത്തി. പല പക്ഷികള്‍ക്കും പക്ഷാഘാതം വന്ന് പറക്കാന്‍ കഴിയാത്ത സാഹചര്യം വരെ ഉണ്ടായി.

കൊറെല്ലകള്‍ ചെറിയ കൊക്കറ്റൂകളെപ്പോലെയാണ്, ഇവ ഫാമുകള്‍ക്കും തോട്ടങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തുന്നതിനാല്‍ കര്‍ഷകര്‍ ഇവയെ വലിയ ഒരു ഭീഷണിയായിട്ടാണ് കണക്കാക്കുന്നത്. ചിലപ്പോള്‍ കെട്ടിടങ്ങള്‍ക്ക് പോലും കേടുപാടുകള്‍ വരുത്താന്‍ ഇവയ്ക്ക് കഴിയാറുണ്ട്.
സംഭവത്തില്‍ പരിസ്ഥിതി സംരക്ഷണ അതോറിറ്റിയുടെ റെഗുലേറ്ററി ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജേസണ്‍ ഗോര്‍ഡന്‍ പ്രതികരിച്ചതിങ്ങനെ:-

പക്ഷികള്‍ക്ക് ബോധപൂര്‍വം വിഷം നല്‍കുന്നത് തികച്ചും അന്യായമാണ്. ‘ ബോധപൂര്‍വമോ അല്ലാതെയോ ഉള്ള കീടനാശിനികളുടെ ദുരുപയോഗം, പൂര്‍ണ്ണമായും അസ്വീകാര്യമാണ്, ഇതിനെതിരെ കനത്ത പിഴ ചുമത്തുക തന്നെ ചെയ്യും’ അദ്ദേഹം പറഞ്ഞു.

ഹണ്ടര്‍ വൈല്‍ഡ് ലൈഫ് റെസ്‌ക്യൂവും പക്ഷികള്‍ക്ക് വിഷബാധയേറ്റതാണെന്നാണ് കരുതുന്നത്. കാരണം മേഖലയില്‍ പലയിടത്തും ഇതേ ദുരിതാവസ്ഥയാണ് നിലനില്‍ക്കുന്നത്. ‘ തങ്ങളുടെ വീട്ടുമുറ്റത്തും പരിസരത്തുമായി നിരവധി പക്ഷികളെ അവശനിലയില്‍ കണ്ടെത്തിയ വിവരം അറിയിക്കാന്‍ നിരവധി പേരാണ് ഞങ്ങളെ വിളിച്ചുക്കൊണ്ടിരിക്കുന്നത്. ഓര്‍ഗനൈസേഷന്‍ മേധാവി കേറ്റ് റാന്‍ഡോള്‍ഫ് വ്യക്തമാക്കി. ഇത് വളരെ വേദനാജനകമാണെന്നും പ്രശ്‌നം പരിഹരിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കുകയാണെന്നും റാന്‍ഡോള്‍ഫ് വ്യക്തമാക്കി.

ഈ കേസിലെ പല വിദഗ്ധരും ഇതൊരു വിഷബാധ മൂലം ഉണ്ടായതാണെന്നാണ് അഭിപ്രായപ്പെടുന്നത്. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ വൈല്‍ഡ് ലൈഫ് റെസ്‌ക്യൂ ഓര്‍ഗനൈസേഷനായ വയര്‍സിലെ വെറ്റ് ഡോ ടാനിയ ബിഷപ്പും ഇതേ അഭിപ്രായം തന്നെയാണ് മുന്നോട്ട് വയ്ക്കുന്നത്. ടോക്‌സിക്കോളജി ടെസ്റ്റുകള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ വിഷത്തിന്റെ സാന്നിധ്യം ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നും അദ്ദേഹം ഗാര്‍ഡിയനോട് വ്യക്തമാക്കി.

പക്ഷിപ്പനിയുടെയും കീടനാശിനി ദുരുപയോഗത്തിന്റെ സാധ്യതയുള്ള സ്ഥലങ്ങള്‍ പരിശോധിക്കുന്നതും ഈ ടെസ്റ്റിന്റെ ഭാഗമായി ഉണ്ടാകുമെന്ന് പരിസ്ഥിതി സംരക്ഷണ അതോറിറ്റി അറിയിച്ചു. പക്ഷികളെ ഇത്തരമൊരു അവസ്ഥയില്‍ കണ്ട് മനംനൊന്ത ആളുകള്‍ക്കിടയില്‍ ഈ സംഭവം അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. ഹാമില്‍ട്ടണ്‍ വെറ്ററിനറി ക്ലിനിക്കിലെ ഒരു പ്രാക്ടീഷണര്‍ ന്യൂകാസില്‍ ഹെറാള്‍ഡിനോട് പറഞ്ഞു, പക്ഷികള്‍ ‘വേദനയിലാണ്’, അവിടെ തന്റെ 13 വര്‍ഷത്തിനിടയില്‍ ഇതുപോലൊന്ന് താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *