Featured Lifestyle

നിരാശയും മടുപ്പും തോന്നുന്നുണ്ടോ? ജീവിതം ആവേശകരമാക്കാൻ ഈ മൂന്ന് കാര്യങ്ങള്‍ പ്രധാനം

ഒരേ ശീലങ്ങള്‍ ഒരേ കാര്യങ്ങള്‍, ജീവിതത്തിന്റെ ഇങ്ങനെയുള്ള പോക്ക് നമ്മെ പലപ്പോഴും നിരാശയുടേയും മടുപ്പിന്റെയും ഒരു ലോകത്തിലേക്കാകും കൊണ്ടു പോകുന്നത്. ഓരേ കാര്യങ്ങള്‍ ദിവസവും അര്‍ഥശൂന്യമായി ആവര്‍ത്തിക്കുന്നതായി തോന്നാം. ഈ അവസ്ഥ നമ്മെ അസ്വസ്ഥരാക്കുകയും ജീവിതത്തെ കുറിച്ച് മോശമായി ചിന്തിക്കാനും ഇടയാക്കും. നമ്മുടെ വ്യക്തി ജീവിതം, കരിയര്‍, കുടുംബം, ഹോബികള്‍ പോലും നമ്മെ അസ്വസ്ഥതരും അസന്തുഷ്ടരുമാക്കാം. മടുപ്പിന്റെ ഉറവിടം കണ്ടെത്തി മാറാന്‍ തയ്യാറാകുകയാണ് വേണ്ടത്. ജീവിതത്തില്‍ ഒരു മാറ്റം വരാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം…..

കംഫര്‍ട്ട് സോണുകള്‍ മറികടക്കുക – കംഫര്‍ട്ട് സോണുകള്‍ മറികടക്കുക എന്നതാണ് ഒരു പ്രധാന കാര്യം. സ്ഥിരത പുലര്‍ത്തുമ്പോള്‍ അവ നമ്മെ മറ്റൊരര്‍ഥത്തില്‍ നിശ്ചലഭാവത്തില്‍ എത്തിക്കുന്നു. കംഫര്‍ട്ട് സോണ്‍ മറികടക്കുന്നത് യഥാര്‍ത്ഥത്തില്‍ പ്രചോദനാത്മകമാണ്, ഇത് യഥാര്‍ത്ഥ പുരോഗതി കൈവരിക്കാന്‍ സഹായിക്കുന്നു. വളരെ പെട്ടെന്ന് കൈവരിക്കുന്ന ലക്ഷ്യങ്ങളെക്കാള്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ലക്ഷ്യങ്ങളില്‍ പുരോഗതി കൈവരിക്കുമ്പോഴാണ് നമുക്ക് ഏറ്റവും ശക്തമായ പോസിറ്റീവ് വൈകാരിക പ്രതികരണം അനുഭവപ്പെടുന്നതെന്ന് മനഃശാസ്ത്രജ്ഞര്‍ പറയുന്നു.

ദിനചര്യ മാറ്റുക – എല്ലാ ദിവസവും ഒരുപോലെ തോന്നുന്നുവെങ്കില്‍, ദിനചര്യ മാറ്റി പരീക്ഷിച്ചു നോക്കാം. ദിവസവും നടക്കുന്ന വഴി ഒന്നു മാറ്റി നോക്കാം. ബെഡ് റൂം ക്രമീകരിക്കാം, ഹെയര്‍ സ്‌റ്റൈല്‍ മാറ്റി നോക്കാം. അതായത് നിങ്ങള്‍ അതുവരെ തുടര്‍ന്നിരുന്ന കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുക. നമ്മുടെ തലച്ചോര്‍ പരിചിതമാകുന്ന കാര്യങ്ങളുമായി പൊരുത്തപ്പെടാന്‍ സജ്ജീകരിച്ചിരിക്കുന്നു. അതായത് ഒരിക്കല്‍ നമ്മെ സന്തോഷിപ്പിച്ച കാര്യങ്ങള്‍ ക്രമേണ ശീലമാവുകയും ആവേശം കെട്ടടങ്ങുകയും ചെയ്യുന്നു. NYU ഗവേഷകര്‍ നടത്തിയൊരു പഠനത്തില്‍ ദൈനംദിന ദിനചര്യകളില്‍ കൂടുതല്‍ വൈവിധ്യം ഉണ്ടാകുമ്പോള്‍ ആളുകള്‍ കൂടുതല്‍ സന്തുഷ്ടരാണെന്ന് കണ്ടെത്തിയിരുന്നു.

ക്രിയേറ്റീവ് ആയ ഹോബികള്‍ – നമ്മള്‍ ആഗ്രഹിച്ച ജോലി ആയിരിക്കണമെന്നില്ല നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മടുപ്പ് അനുഭവപ്പെടുമ്പോള്‍ അഭിനിവേശവും ആവേശവും നഷ്ടപ്പെടുന്നത് വളരെ സാധാരണമാണ്. അതുകൊണ്ട് ക്രിയേറ്റീവ് ആയ ഹോബി അല്ലെങ്കില്‍ തൊഴിലോ ഉണ്ടാക്കിയെടുക്കേണ്ടത് പ്രധാനമാണ്. ഇത് നിങ്ങളുടെ ഊര്‍ജ്ജവും ഷെഡ്യൂളും കൈകാര്യം ചെയ്യാന്‍ കഴിയുന്നതായിരിക്കണം. അത് ജീവിതം വീണ്ടും ആവേശഭരിതമാക്കാന്‍ സഹായിക്കും. പെയിന്റിങ്, എഴുത്ത് തുടങ്ങിയ ക്രിയേറ്റീവ് ഹോബികള്‍ സമ്മര്‍ദം, ഉത്കണ്ഠ, വിഷാദം എന്നിവയുടെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.