Lifestyle

തമിഴ്‌നാട്ടിൽ 60 വയസ്സിനു മുകളിലുള്ള 3 പേര്‍ നീറ്റ് പരീക്ഷ പാസായി! MBBS പേര്‍പ്രവേശനത്തിലേയ്ക്ക്

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ്‌ ടെസ്‌റ്റ് (നീറ്റ്‌) പരീക്ഷയില്‍ മികച്ച വിജയം നേടി തമിഴ്‌നാട്ടിലെ മൂന്ന്‌ മുതിര്‍ന്ന പൗരന്മാര്‍. 68, 67, 60 വയസുള്ളവരാണു വിജയിച്ചത്‌. അവര്‍ എം.ബി.ബി.എസ. പ്രവേശനത്തിനു അപേക്ഷിക്കുകയും ചെയ്‌തിട്ടുണ്ട്‌!.

ഇതില്‍ രണ്ട്‌ വ്യക്‌തികള്‍ പ്രാക്‌ടീസ്‌ ചെയ്യുന്ന അഭിഭാഷകരാണെന്നു ദേശീയ ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു. പ്രത്യേക സര്‍ക്കാര്‍ സ്‌കൂള്‍ ക്വാട്ടയില്‍ സമര്‍പ്പിച്ച അവരുടെ അപേക്ഷകള്‍ സംസ്‌ഥാന സെലക്ഷന്‍ സമിതിയില്‍ കോളിളക്കം സൃഷ്‌ടിച്ചു.

പ്രായം, യോഗ്യത, നിലവിലുള്ള സംവരണ നയങ്ങളുടെ അടിസ്‌ഥാന ഉദ്ദേശ്യം എന്നിവയെക്കുറിച്ചുള്ള നിയമപരമായ ചോദ്യങ്ങളോട്‌ ഉദ്യോഗസ്‌ഥര്‍ മല്ലിടുകയാണ്‌. 2022-ല്‍ ദേശീയ മെഡിക്കല്‍ കമ്മിഷന്‍ (എന്‍.എം.സി) നടത്തിയ ഒരു നയമാറ്റത്തെ തുടര്‍ന്നാണ്‌ അസാധാരണ സാഹചര്യം ഉണ്ടായത്‌. നീറ്റിനുള്ള ഉയര്‍ന്ന പ്രായപരിധി നീക്കം ചെയ്‌തതായിരുന്നു പ്രധാനം. ഈ നയംമാറ്റം എല്ലാ പ്രായത്തിലുമുള്ളവര്‍ക്കും പരീക്ഷയ്‌ക്കു പേര്‌ രാജിസ്‌റ്റര്‍ ചെയ്യാന്‍ അവസരം നല്‍കി.

ഈ വര്‍ഷം, മെഡിക്കല്‍/ ഡെന്റല്‍ സീറ്റിനായി നിരവധി ബിരുദധാരികളും പ്രഫഷണലുകളും അപേക്ഷയുമായി മുന്നോട്ടു വന്നതായി പ്രവേശന പ്രക്രിയയില്‍ ഉള്‍പ്പെട്ട ഒരു മുതിര്‍ന്ന ഉദ്യോഗസ്‌ഥന്‍ പറഞ്ഞു. ഈ വര്‍ഷം തമിഴ്‌നാട്ടിലുടനീളം ബിരുദ മെഡിക്കല്‍, ഡെന്റല്‍ സീറ്റുകള്‍ക്ക്‌ 35 വയസിനു മുകളില്‍ പ്രായമുള്ള കുറഞ്ഞത്‌ 25 ‘വിദ്യാര്‍ഥി’കളെങ്കിലും അപേക്ഷിച്ചിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.